മെഡിക്കല്‍ കോളജ് റോഡില്‍ നിരീക്ഷണ കാമറകളായി
കളമശേരി : എറണാകുളം ഗവ. മെഡിക്കല്‍ കോളജിനടുത്ത് എച്ച്.എം.ടി റോഡില്‍ മാലിന്യമിടുന്നവരെ പിടികൂടാന്‍ നിരീക്ഷണ കാമറകളായി. കളമശേരി നഗരസഭയാണ് റോഡില്‍ കാമറകള്‍ സ്ഥാപിക്കുന്നത്.
സ്ഥിരമായി മാലിന്യമിടുന്ന ആശുപത്രി പഴയ ഗേറ്റ് മുതല്‍ നുവാല്‍സ് വരെയുള്ള ഭാഗത്ത് റോഡിന് മധ്യത്തിലുള്ള തെരുവ് വിളക്ക് കാലുകളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. രാത്രിയിലും നിരീക്ഷണം സാധിക്കുന്ന ഹൈ ഡെഫനിഷന്‍ ക്യാമറകളില്‍ വളരെ കൃത്യമായ നിരീക്ഷണം സാധ്യമാകും. പോസ്റ്റുകളിലൂടെ കേബിളുകള്‍ വലിക്കുന്ന ജോലി പൂര്‍ത്തിയായി കഴിഞ്ഞു. മെഡിക്കല്‍ കോളജിലാണ് കാമറയുടെ നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നത്. കൂടാതെ ഇന്റര്‍നെറ്റിലൂടെ തത്സമയം പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
മെഡിക്കല്‍ കോളജിന്റെ മതിലിനരികില്‍ ഒരു മാലിന്യ നിക്ഷേപ കേന്ദ്രമായി മാറ്റിയിരിക്കുകയായിരുന്നു. നഗരസഭയ്ക്ക് പുറത്തുള്ള വഴിയാത്രക്കാരാണ് മാലിന്യം പതിവായി ഇവിടെ വലിച്ചെറിയുന്നത്. പല തവണ വൃത്തിയാക്കിയിട്ടും കുറച്ച് ദിവസം കഴിയുമ്പോള്‍ ഇവിടെ മാലിന്യ കൂമ്പാരമാകുമായിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിന് സെക്യൂരിറ്റി ജീവനക്കാരനെ ചുമതലപ്പെടുത്തി. ഇയാളുടെ കണ്ണ് വെട്ടിച്ചും ഇവിടെ മാലിന്യമിടുന്നുണ്ടായിരുന്നു. കാമറയില്‍ കുടുങ്ങുന്ന മാലിന്യ നിക്ഷേപകര്‍ക്ക് വലിയ തുക പിഴയായി ഈടാക്കാനാണ് നഗരസഭ തീരുമാനം. മാസാവസാനത്തിന് മുന്‍പേ തന്നെ കാമറ സംവിധാനം നിരീക്ഷണത്തിന് സജ്ജമാകുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."