സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം വികസനത്തിനായി വീണ്ടും പദ്ധതി
കൂടുതല്‍ അടിസ്ഥാനസൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശദമായ പദ്ധതി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു
കണ്ണൂര്‍: സ്ഥലപരിമിതികൊണ്ട് വീര്‍പ്പുമുട്ടുന്ന മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ വികസനത്തിന് വെളിച്ചം വീശുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചു.
ബാക്കിയുള്ള എട്ടേക്കര്‍ ഭൂമി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വികസന പദ്ധതികള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയാറാക്കിയ ശേഷം അംഗീകാരത്തിനായി സര്‍ക്കാരിനു സമര്‍പ്പിച്ചത്. ആകെ പതിനാറേക്കര്‍ സ്ഥലമാണ് കൗണ്‍സിലിന് വിട്ടുകൊടുത്തത്.
നിലവില്‍ ബാസ്‌കറ്റ് ബോള്‍, ഷട്ടില്‍, ടെന്നിസ് എന്നിവ കളിക്കാനാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സൗകര്യമുള്ളത്. കഴിഞ്ഞ ഫെബ്രുവരില്‍ ദേശീയ ഗെയിംസിന്റെ ഭാഗമായി ഇവിടെ ഗുസ്തി, ബാസ്‌ക്കറ്റ് ബോള്‍ മത്സരങ്ങള്‍ നടന്നിരുന്നു.
എന്നാല്‍ മറ്റുകായിക ഇനങ്ങള്‍ പരിശീലിക്കാന്‍ ഇവിടെ സ്ഥലമില്ലാത്തത് പോരായ്മയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. കളരി, അത്‌ലറ്റിക്‌സ്, ആര്‍ച്ചറി, വോളിബാള്‍ തുടങ്ങി ഒട്ടേറെ കായിക ഇനങ്ങള്‍ പരിശീലിക്കാന്‍ കുട്ടികള്‍ക്കു സ്ഥല പരിമിതി തടസമാവുകയാണ്. ഇതു പരിഹരിക്കുന്നതിനാണ് ബാക്കിയുള്ള സ്ഥലം കൂടി ഉപയോഗപ്പെടുത്തണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.
ഇതുസംബന്ധിച്ച് മന്ത്രി ഇ.പി ജയരാജന്‍, പി.കെ ശ്രീമതി എം.പി എന്നിവര്‍ക്ക് കൗണ്‍സില്‍ അംഗങ്ങള്‍ നിവേദനം നല്‍കിയിട്ടുണ്ട്. ഇവിടെ കോടികള്‍ മുതല്‍ മുടക്കി നിര്‍മിക്കാനുള്ള വികസനപദ്ധതിയുടെ രൂപരേഖയും നല്‍കിയിട്ടുണ്ട്.
ജില്ലയിലെ നാലു സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ച് താമസിക്കാനും പരിശീലനം നടത്താനുമുള്ള ഹോസ്റ്റല്‍ സൗകര്യവും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമീപഭാവിയില്‍ തന്നെ പദ്ധതി അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കൗണ്‍സില്‍ ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."