വിവാദം ഒഴിഞ്ഞുമാറാതെ കൊച്ചി മെട്രോ; ആകാശപ്പറക്കലിന് നേരമായില്ല
കൊച്ചി: സുരക്ഷാപരിശോധനയെന്ന വന്‍കടമ്പ കടന്ന് പരീക്ഷണങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തിയാക്കി ആകാശപറക്കലിന് കാത്തുനില്‍ക്കുന്ന കൊച്ചി മെട്രോയെ വിടാതെ പിന്തുടരുകയാണ് 'ഉദ്ഘാടന' വിവാദം. ആദ്യം വിവാദമായത് മുന്‍ സര്‍ക്കാര്‍ നടത്തിയ ഉദ്ഘാടനമായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ ഭരണമുന്നണിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത മെട്രോയുടെ ഉദ്ഘാടനം നടത്തിയെന്ന വിവാദവുമായി രംഗത്ത് വന്നത്. ആ വിവാദം ദിവസങ്ങളോളം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ കേരളപിറവി ദിനത്തില്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു അന്നത്തെ ഉദ്ഘാടന ദിനത്തിലെ പ്രഖ്യാപനം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നടത്തിയ ഉദ്ഘാടന തിയതികളും പിന്നീട് വിവാദം സൃഷ്ടിച്ചു.
കൊച്ചി മെട്രോ മാര്‍ച്ചില്‍ സര്‍വിസ് ആരംഭിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് അദ്ദേഹം തന്നെ ഇതുതിരുത്തി. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടുവരെ ഓടണമെന്നും ഇതിന് കുറച്ച് സമയംകൂടി കാത്തിരിക്കണമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ഈ നിലപാടിനോട് എതിരായിരുന്നു.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടം പ്രവര്‍ത്തനസജ്ജമാണെന്നും ഉടന്‍ തന്നെ ഉദ്ഘാടനം നടത്തണമെന്നുമായിരുന്നു ഇ. ശ്രീധരന്റെ അഭിപ്രായം. എന്നാല്‍ സര്‍ക്കാരിനെ വിവാദങ്ങള്‍ വിട്ടൊഴിയാതെ പിന്തുടര്‍ന്നപ്പോള്‍ ഒന്നാം വാര്‍ഷിക പരിപാടിയില്‍ ഉള്‍പ്പെടുത്തി കൊച്ചിമെട്രോയുടെ ഉദ്ഘാടനം നടത്താന്‍ സര്‍ക്കാര്‍ തയാറാകുകയായിരുന്നു.
തുടര്‍ന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 30ന് ഉദ്ഘാടനം നടക്കുമെന്ന് ഇന്നലെ ഉച്ചയോടെ പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ തന്നെ മുന്തിയ സൗകര്യങ്ങളുമായി ആകാശപറക്കലിന് ഒരുങ്ങി നില്‍ക്കുന്ന കൊച്ചി മെട്രോയുടെ സ്ഥലം എടുപ്പുമുതല്‍ വിവാദവും പിന്തുടരുകയാണ്. മുന്‍ ജില്ലാകലക്ടര്‍ രാജമാണിക്യം ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്ന വിവാദം കോടതിവരെ എത്തിയിരുന്നു.
കഴിഞ്ഞയാഴ്ച കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് നടത്തിയ മറ്റൊരുപരാമര്‍ശം ഏറെ വിവാദമായിരുന്നു.കൊച്ചി മെട്രോയുടെ ക്രെഡിറ്റ് ഇ.ശ്രീധരന് മാത്രം അവകാശപ്പെട്ടതല്ലെന്നും അത് പൂര്‍ണമായും വിട്ടുനല്‍കില്ലെന്നുമായിരുന്നു കെ.എം.ആര്‍.എല്‍ എം.ഡി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."