അറസ്റ്റ് നേരത്തെയാകാമായിരുന്നു: ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് നേരത്തെയാകാമായിരുന്നെന്നു ജസ്റ്റിസ് ബി. കെമാല്‍ പാഷ. കന്യാസ്ത്രീകളുടെ സമരത്തിന്റെ തുടക്കത്തില്‍തന്നെ സമരപ്പന്തലിലെത്തി നിലപാട് വ്യക്തമാക്കിയ ജസ്റ്റിസ് കെമാല്‍ പാഷ, ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ചു സുപ്രഭാതത്തോടു പ്രതികരിക്കുകയായിരുന്നു.
കേസിലെ കാലതാമസത്തിനു കാരണം പൊലിസിന്റെ കഴിവുകേടോ അറിവില്ലായ്മയോ അല്ല. ഉന്നത തലങ്ങളില്‍നിന്നുള്ള സമ്മര്‍ദങ്ങളാണ് കേസിനെ ഇത്തരത്തിലേക്കെത്തിച്ചത്. ബലാത്സംഗ കുറ്റം ആരോപിക്കപ്പെട്ട വ്യക്തി ഉന്നതനായാലും സാധാരണക്കാരനായാലും നിയമത്തിനു മുന്നില്‍ ഒരേ സ്ഥാനമാണ്. കേസില്‍ ഒരു പ്രതി എന്ന നിലയില്‍ മാത്രമേ അയാളെ കാണേണ്ടതുള്ളൂ. എന്നാല്‍, ബിഷപ്പിന്റെ കേസില്‍ കന്യാസ്ത്രീകള്‍ തെരുവില്‍ സമരം ചെയ്യേണ്ട ഗതികേടിലേക്കെത്തി. സമൂഹത്തില്‍ തിരുത്തല്‍ശക്തിയാകേണ്ട സംവിധാനങ്ങളുടെ മൂല്യച്യുതിയാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരം രണ്ടാഴ്ച നീളുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ പൊലിസും സര്‍ക്കാരും ഇടപെടണമായിരുന്നു. സഹോദരിമാരുടെ മാനത്തിനു തെരുവില്‍ വിലപേശുന്ന അവസ്ഥ മാറണം.
സമരത്തെ സഭയ്‌ക്കെതിരായ സമരമായി ചിത്രീകരിക്കാനുള്ള ശ്രമം കണ്ടെന്നു പറഞ്ഞ അദ്ദേഹം, തിരുവസ്ത്രമണിഞ്ഞ് ഒരേ പാതയില്‍ സേവനത്തിനിറങ്ങിയതില്‍ ബിഷപ്പ് പറയുന്നതു ശരിയെന്നും കന്യാസ്ത്രീകള്‍ പറയുന്നതു തെറ്റെന്നും പറയാന്‍ സഭയ്ക്ക് എങ്ങനെ കഴിയുമെന്നും ചോദിച്ചു.
കന്യാസ്ത്രീകളുടെ സമരത്തോട് രാഷ്ട്രീയ കക്ഷികള്‍ അകലം പാലിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. അത്തരം നിലപാട് സാമൂഹ്യ പ്രതിബദ്ധതയുള്ള രാഷ്ട്രീയ കക്ഷികള്‍ക്കു ചേര്‍ന്നതല്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."