വിശ്വാസ് മേത്ത തെറിച്ചു; പി.എച്ച്. കുര്യന് റവന്യൂ സെക്രട്ടറി
തിരുവനന്തപുരം: റവന്യൂ സെക്രട്ടറി വിശ്വാസ് മേത്ത തെറിച്ചു. വ്യവസായ സെക്രട്ടറി പി.എച്ച് കുര്യന് പുതിയ റവന്യൂ സെക്രട്ടറി. വകുപ്പ് സെക്രട്ടറിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് സ്വന്തം ആളെ നിയമിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിവാദ തീരുമാനങ്ങള്‍ എടുത്തിരുന്ന റവന്യൂ സെക്രട്ടറി വിശ്വാസ് മേത്തയെ നേരത്തേ ഐ.എ.എസുകാരെ കൂട്ടത്തോടെ മാറ്റിയപ്പോള്‍ മാറ്റിയിരുന്നില്ല. ഇതു കഴിഞ്ഞ സി.പി.ഐ കൗണ്‍സില്‍ യോഗത്തിലും ചര്‍ച്ചയായിരുന്നു. വിശ്വാസ് മേത്തയെ മാറ്റാന്‍ സി.പി.ഐ നേതൃത്വം റവന്യൂമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്നാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ റവന്യൂ സെക്രട്ടറി സ്ഥാനത്തു നിന്ന് വിശ്വാസ് മേത്തയെ മാറ്റി ഇപ്പോഴത്തെ ഊര്‍ജ സെക്രട്ടറി പോള്‍ ആന്റണിയെ നിയമിക്കണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് ആവശ്യപ്പെട്ടത്. എന്നാല്‍ വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന് എതിര്‍പ്പുമായി രംഗത്തെത്തി. പോള്‍ ആന്റണിയെ വിട്ടുകൊടുക്കില്ലന്ന് ഉറച്ചുനിന്നു. എന്നാല്‍ തങ്ങള്‍ മറ്റൊരു പേര് നിര്‍ദേശിക്കാമെന്ന് പറയും മുന്‍പ് തന്നെ പി.എച്ച്.കുര്യനെ മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ റവന്യൂമന്ത്രി താല്പര്യം കാണിച്ചില്ല. ഇതേ തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം പിണറായി വിജയന് കുര്യനെ നിയമിക്കുകയായിരുന്നു. കുര്യന് വഹിച്ചിരുന്ന വ്യവസായ സെക്രട്ടറിയുടെ ചുമതല ഊര്‍ജ സെക്രട്ടറി പോള്‍ ആന്റണിക്ക് നല്‍കുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോപണമുള്ള കുര്യനെ സി.പി.ഐയുടെ പ്രധാന വകുപ്പില്‍ നിയമിച്ചത് വരുംദിവസങ്ങളില്‍ സി.പി.ഐക്കുള്ളില്‍ തന്നെ വിവാദമുണ്ടാക്കിയേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."