മലപ്പുറം ജില്ലാ വിഭജനം: എസ്.ഡി.പി.ഐയെ പിന്താങ്ങേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല: ലീഗ് തീരുമാനിച്ചത് തനിക്ക് അറിയില്ലെന്നും ആര്യാടന്‍
മലപ്പുറം: ജില്ലാ വിഭജന കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇത് നയപരമായ കാര്യമായതിനാല്‍ പാര്‍ട്ടിയും ഘടക കക്ഷികളും ലൈന്‍ കമ്മിറ്റിയും ആലോചിക്കണമെന്നും ഈ വിഷയത്തില്‍ വേറെ ആരും അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ലീഗ് തീരുമാനിച്ചത് തനിക്ക് അറിയില്ല. ഈ വിഷയത്തില്‍ ലീഗ് തീരുമാനം എടുത്തില്ലെന്നാണ് മനസിലാക്കുന്നത്. എസ്.ഡി.പി.ഐ പറയുന്ന കാര്യം പിന്താങ്ങേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും പഠിക്കാതെയും ആലോചിക്കാതെയുമുള്ള വിഭജനമെന്ന ആവശ്യം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ തന്റെ അഭിപ്രായത്തില്‍ ജില്ല വിഭജിക്കണമെന്ന ആവശ്യമുണ്ടെന്ന്് തോന്നുന്നില്ലെന്നും കെ.എന്‍.എ ഖാദര്‍ ഏത് സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് അറിയില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമാണ്. ചെയര്‍പേഴ്‌സണ്‍ ചെയ്തത് തെറ്റാണെന്നും ഗവണ്‍മെന്റിന് ഇത്തരക്കാരെ നിയന്ത്രിക്കാനാകാത്തതിന്റെ ഫലമാണ് ആത്മഹത്യയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വ്യവസായത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ അനുകൂല അന്തരീക്ഷം ഇല്ലാതാകുമെന്നും ആര്യാടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."