ഇറാന് സംഘര്‍ഷം: യു.എസ് സ്റ്റേറ്റ് സെക്രട്ടറി സഊദിയില്‍
റിയാദ്: ഇറാനുമായുള്ള പ്രശ്നം കൂടുതല്‍ വഷളാകുന്നതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സഊദിയിലെത്തി. മേഖലയില്‍ ഓരോ ദിനം കഴിയുംതോറും ഇറാന് പ്രശ്നം വഷളായിക്കൊണ്ടിരിക്കെ മൈക് പോംപിയോയുടെ സന്ദര്‍ശനത്തില്‍ ഏറെ പ്രാധാന്യമാണുള്ളത്. സഊദിയെ കൂടാതെ യു.എ.ഇ ഉള്‍പ്പെടെയുള്ള ഏതാനും ഗള്‍ഫ് രാജ്യങ്ങള്‍കൂടി അദ്ദേഹം സന്ദര്‍ശിക്കും.
സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായി പോംപിയോ കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ അല്‍ സലാമ രാജ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മേഖലയിലെ സംഘര്‍ഷ അന്തരീക്ഷം ചര്‍ച്ച ചെയ്തു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി ജിദ്ദ ചെങ്കടല്‍ നഗരിയില്‍ വച്ച് മൈക് പോംപിയോ കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് സഊദി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉപരോധം ശക്തമാക്കാന്‍ അമേരിക്ക നടപടികള്‍ കൈകൊള്ളുമ്പോഴും ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ അമേരിക്ക സന്നദ്ധമാണെന്ന് ഗള്‍ഫ് രാഷ്ട്ര യാത്രയ്ക്ക് മുന്‍പായി മൈക് പോംപിയോ വാഷിങ്ടണില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സഊദിയുമായും യു.എ.ഇയുമായും കൂടിക്കാഴ്ചകള്‍ നടത്തി വെല്ലുവിളികളെ നേരിടാന്‍ ആഗോള തലത്തില്‍ സഹകരണം ശക്തമാക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."