സഊദിക്കുനേരെ വീണ്ടും ഹൂതി ആക്രമണം; ഒരാള്‍ മരിച്ചു
റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് സഊദിയില്‍ വിമാനത്താവളത്തിന് നേരെ യമനിലെ വിമതരായ ഇറാന്‍ അനുകൂല ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
സഊദി അതിര്‍ത്തി പ്രദേശമായ അബഹയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് യമനിലെ വിമതരായ ഹൂതികളുടെ ആക്രമണം. ആയുധം നിറച്ച ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സഖ്യ സേന അറിയിച്ചു. സിറിയന്‍ പൗരനാണ് കൊല്ലപ്പെട്ടത്. മലയാളിയുള്‍പ്പെടെ 21 പേര്‍ക്ക് പരുക്കുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശി സൈതാലിയാണ് ആശുപത്രിയിലുള്ളത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.
രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരും പരുക്കേറ്റവരിലുണ്ട്. കൂടാതെ, രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരും ബംഗ്ലാദേശ് പൗരന്മാരുമുണ്ട്. ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സഊദിയിലെത്താനിരിക്കെയാണ് ഡ്രോണ്‍ ആക്രമണം. ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിപ്പോര്‍ട്ട് തേടി. പൊതുവെ കലുഷിതമായിക്കൊണ്ടിരിക്കുന്ന പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാന്‍ ആക്രമണം കാരണമാവും. പ്രശ്‌നം രൂക്ഷമാവുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യം അറബ് സഖ്യസേനക്കൊപ്പം ചേരുമെന്ന് കഴിഞ്ഞ ദിവസം സഊദിയിലെത്തിയ പ്രത്യേക ദൂതന്‍ ബ്രിയാന്‍ ഹുക് വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച രാത്രി 9.10ന് അബഹയില്‍ ലാന്‍ഡ് ചെയ്ത് പാര്‍ക്കിങ് ബേയിലേക്ക് വരുകയായിരുന്ന വിമാനം ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ പതിച്ചത് വിമാനത്താവളത്തിന് മുന്നിലെ റസ്‌റ്റൊറന്റിനടുത്താണ്. യാത്രക്കാര്‍ക്കും ഹോട്ടല്‍-വിമാനത്താവള ജീവനക്കാര്‍ക്കും പരുക്കുണ്ട്. 13 വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തിന് ഒരു മണിക്കൂറിനു ശേഷം വിമാനത്താവള പ്രവര്‍ത്തനം പുനരാരംഭിച്ചതായി അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സംഭവത്തില്‍ യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ പ്രതിഷേധിച്ചു.
തുടര്‍ച്ചയായി 11ാം ദിനമാണ് സഊദിയിലേക്ക് ഹൂതി ആക്രമണം നടത്തുന്നത്. തുടര്‍ച്ചയായ ആക്രമണം മേഖലയില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാക്കും. ഇക്കഴിഞ്ഞ 12 നു നടത്തിയ ആക്രമണത്തില്‍ ആഗമന ഹാള്‍ തകരുകയും ഇന്ത്യക്കാരിയടക്കം 26 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച യമന്‍ വ്യോമ അതിര്‍ത്തിയില്‍ വെച്ച് സഖ്യ സേന രണ്ട് ഡ്രോണുകള്‍ തകര്‍ത്തിരുന്നു. യമന്‍ അതിര്‍ത്തിയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള അബഹ വിമാനത്താവളം മലയാളി പ്രവാസികള്‍ ഉള്‍പെടെ സ്ഥിരമായി ആശ്രയിക്കുന്ന വിമാനത്താവളമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."