പൊന്നില്‍ കുളിച്ച് സാജന്‍
തിരുവനന്തപുരം: പിരപ്പന്‍കോട് രാജ്യാന്തര അക്വാട്ടിക് സെന്ററിലെ നീന്തല്‍കുളത്തില്‍ സാജന്‍ പ്രകാശ് വീണ്ടും നീന്തിത്തുടിച്ചപ്പോള്‍ കേരളത്തിന് ഇരട്ട സ്വര്‍ണത്തിളക്കം. ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പ് നീന്തലില്‍ നാല് ദേശീയ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ സാജന്‍ നാല് സ്വര്‍ണം ഇതുവരെ കേരളത്തിനായി നീന്തിയെടുത്തു.
പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലായിരുന്നു സാജന്‍ പുതിയ ദേശീയ റെക്കോര്‍ഡുമായി ചാംപ്യന്‍ഷിപ്പിലെ മൂന്നാം സ്വര്‍ണം കേരളത്തിന് സമ്മാനിച്ചത്. പിന്നാലെ 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയിലും സാജന്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ചപ്പോള്‍ കേരളത്തിന് നാലാം സ്വര്‍ണം. 200 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 200 മീറ്റര്‍ മെഡ്‌ലേയിലും ദേശീയ റെക്കോര്‍ഡ് പ്രകടനവുമായി സാജന്‍ ആദ്യദിനത്തില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം സമ്മാനിച്ചിരുന്നു. 400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 3.54.93 സെക്കന്റില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചാണ് സാജന്‍ മൂന്നാം സ്വര്‍ണവേട്ട നടത്തിയത്.
2014 ല്‍ മഹാരാഷ്ട്രയുടെ സൗരവ് സാങ്‌വേക്കര്‍ സ്ഥാപിച്ച 3.56.17 സെക്കന്റ് സമയം സാജന്റെ വേഗതയ്ക്ക് മുന്നില്‍ വഴിമാറി. സാജനൊപ്പം നീന്താനിറങ്ങിയ സൗരവിന് അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. സ്വിമ്മിങ് ഫെഡറേഷന്‍ താരം ആര്യന്‍ മകീജ (4.01.10) വെങ്കലം നേടി. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ 53.46 സെക്കന്റിലാണ് പുതിയ ദേശീയ റെക്കോര്‍ഡ് സാജന്‍ കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ സ്വന്തം പേരിലാക്കിയ 53.83 സെക്കന്റ് സമയമാണ് പിരപ്പന്‍കോട് തിരുത്തിയത്. റെയില്‍വേയുടെ സുപ്രിയ മൊഡാല്‍ (54.70) വെള്ളിയും കര്‍ണാടകയുടെ അവിനാഷ് മണി (55.89) വെങ്കലവും നേടി. ഇന്നലെ നാല് ദേശീയ റെക്കോര്‍ഡുകളാണ് പിറന്നത്. ഇതില്‍ രണ്ടും സാജന്റെ വകയായിരുന്നു. മൂന്നു ദിനങ്ങളിലായി 14 ദേശീയ റെക്കോര്‍ഡുകളാണ് ചാംപ്യന്‍ഷിപ്പില്‍ പിറന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫ്രീസ്‌റ്റൈല്‍ നിന്തലിലേക്ക് തിരിച്ചു വന്ന റിച്ച മിശ്ര ട്രിപ്പിള്‍ സ്വര്‍ണവുമായി തിരിച്ചുവരവ് ഗംഭീരമാക്കി. വനിതകളുടെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ഇന്ത്യന്‍ പൊലിസ് താരം റിച്ച മിശ്ര പിരപ്പന്‍കോട് നീന്തല്‍കുളത്തില്‍ നിന്ന് തന്റെ മൂന്നാമത്തെ പൊന്നും നീന്തിയെടുത്തു. 17.41.76 സെക്കന്റിലാണ് റിച്ച മിശ്ര സ്വര്‍ണ നേട്ടം കൊയ്തത്. തോളെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ നാല്് വര്‍ഷമായി റിച്ച ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. തമിഴ്‌നാടിന്റെ ഭവിക ദുഗര്‍ (17.58.31) വെള്ളിയും കര്‍ണാടകയുടെ കുശി ദിനേഷ് (18.03.18) വെങ്കലവും നേടി. 400 മീറ്റര്‍ മെഡ്‌ലേയില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ റിച്ച മിശ്ര 200 മീറ്റര്‍ മെഡ്‌ലേയിലും സ്വര്‍ണം നേടിയിരുന്നു. 143 പോയന്റുമായി കര്‍ണാടകമാണ് മുന്നില്‍. 131 പോയന്റുമായി സ്വിമിങ് ഫെഡറേഷനും 91 പോയന്റുമായി റെയില്‍വേയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 33 പോയന്റുമായി കേരളം ഏഴാമതാണ്.
ഡബിളടിച്ചു ശ്രീഹരി
പുരുഷന്മാരുടെ 200 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ശ്രീഹരി നടരാജന്റെ സുവര്‍ണ നേട്ടം. 2.02.37 സെക്കന്റിലാണ് ശ്രീഹരി ഏകപക്ഷീയ വിജയം കൊയ്തത്. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡായ 2.03.89 സെക്കന്റാണ് ഈ കര്‍ണാടക താരം തിരുത്തിയത്. ഇതോടെ ഇരട്ട ദേശീയ റെക്കോര്‍ഡും ഇരട്ട സ്വര്‍ണവും ശ്രീഹരി നീന്തിയെടുത്തു. 400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളിയും നേടിയിരുന്നു. പുരുഷന്‍മാരുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 400 മീറ്ററില്‍ തമിഴ്‌നാടിന്റെ താരങ്ങളായ ടി. സേതു മാണിക്യവേല്‍ (2.06.21) വെള്ളിയും കെ. അബ്ബാസുദ്ദീന്‍ (2.09.36) വെങ്കലവും നേടി. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്വിമ്മിങ് ഫെഡറേഷന്‍ താരം ത്രിഷ കര്‍ഹാനിഷിന് സ്വര്‍ണം. 1.03.62 സെക്കന്റിലാണ് ത്രിഷ സ്വര്‍ണം നീന്തിയെടുത്തത്. ഹരിയാനയുടെ ദിവ്യ സതിജ (1.04.39) വെള്ളിയും കര്‍ണാടകയുടെ ദാമിനി കെ. ഗൗഡ (1.05.36) വെങ്കലവും നേടി. വനിതകളുടെ 50 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ സ്വിമ്മിങ് ഫെഡറേഷന്റെ കെനിഷ ഗുപ്ത (26.62) സ്വര്‍ണം നേടി. ബിഹാറിന്റെ മഹി സേത്‌രാജ് (27.12) വെള്ളിയും റെയില്‍വേയുടെ അവന്തിക ചവാന്‍ (27.23) വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."