കുരുക്ക് മുറുക്കി ധനവകുപ്പ്; ഇനി കനിയേണ്ടത് മുഖ്യമന്ത്രിയും മന്ത്രിസഭയും
ആലപ്പുഴ: ദേശീയ ഗെയിംസ് ടീം ഇനങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിരാകരിച്ചു ധനവകുപ്പ്. കേരളത്തിനായി ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് കൈമാറിയ ഫയലിലാണ് ധനവകുപ്പ് ഉടക്കിട്ടത്. ഇത്രയും താരങ്ങള്‍ക്ക് ജോലി നല്‍കാനാവില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. ഇതോടെ സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്ന കായികതാരങ്ങളുടെ സ്വപ്നം പൊലിയുകയാണ്.
ഇനി അന്തിമതീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. കായികതാരങ്ങളുടെ ജോലി കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് അഭിപ്രായം തേടി കൈമാറിയ ഫയലിലാണ് ധനവകുപ്പ് തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തിയത്. എല്ലാവര്‍ക്കും ജോലി നല്‍കാന്‍ കഴിയില്ലെന്ന കുറിപ്പെഴുതി ഇന്നലെ ധനവകുപ്പ് ഫയല്‍ തിരിച്ചയച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ദേശീയഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, പ്രഖ്യാപനത്തിനപ്പുറം ഉമ്മന്‍ചാണ്ടി മന്ത്രിസഭ നടപടികള്‍ ഒന്നും സ്വീകരിച്ചില്ല.
ഇ.പി ജയരാജന്‍ കായികമന്ത്രിയായതോടെ പ്രഖ്യാപനത്തിന് ജീവന്‍വച്ചു. എന്നാല്‍, ചുവപ്പുനാടയില്‍ കുരുങ്ങി ഫയല്‍ ഇഴഞ്ഞുനീങ്ങിയതോടെ കായികതാരങ്ങളുടെ പ്രതിഷേധം ശക്തമായി. ഇതോടെ പ്രശ്‌നത്തില്‍ വീണ്ടും ഇടപെട്ട കായികമന്ത്രി ജോലി നല്‍കാന്‍ ശുപാര്‍ശ ചെയ്ത ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഈ ഫയല്‍ പഠിച്ച മുഖ്യമന്ത്രി ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി സര്‍ക്കാര്‍ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനം എടുക്കുകയായിരുന്നു. ഇത്രയും കായികതാരങ്ങള്‍ക്ക് ജോലി നല്‍കാന്‍ പൊതുമേഖലയില്‍ ഒഴിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി മുഖേനയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ധനവകുപ്പിന് കൈമാറിയത്. ഒരു മാസക്കാലം ഫയല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ കെട്ടിക്കിടന്നു. കായികതാരങ്ങള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ ഫയല്‍ ധനവകുപ്പിലേക്ക് അയച്ചു. 83 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ ജോലി നല്‍കാനാവില്ലെന്ന നിലപാടാണ് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
ധനവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഫയല്‍ തീരുമാനം എടുക്കാനായി എത്തുമായിരുന്നു. ഇതോടെ ജോലി സ്വപ്നം കണ്ടു കഴിയുന്ന കായികതാരങ്ങളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി. കൂലിപ്പണിയെടുത്തും കടം വാങ്ങിയുമാണ് ജോലി കാര്യവുമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് കായികതാരങ്ങള്‍ തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റ് കയറിയിറങ്ങിയത്. പരുക്കുകള്‍ പറ്റി ഗുരുതരമായ അവസ്ഥയില്‍ ചികിത്സക്ക് പോലും പണമില്ലാതെ വലിയ പ്രസന്ധിയിലാണ് പല കായിക താരങ്ങളും. സര്‍ക്കാര്‍ നല്‍കാമെന്ന് പ്രഖ്യാപിച്ച ജോലി മാത്രമാണ് അവസാനപ്രതീക്ഷ. ധനവകുപ്പ് എതിര്‍പ്പ് അറിയിച്ചെങ്കിലും അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാണ്. ജോലി വാഗ്ദാനം മുഖ്യമന്ത്രി നിറവേറ്റുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കായികതാരങ്ങള്‍. സര്‍ക്കാര്‍ അവഗണിച്ചാല്‍ ഇനി ആത്മഹത്യമാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്ന് കായികതാരങ്ങള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."