അനായാസം ഇന്ത്യ
ദുബൈ: ഏഷ്യാകപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി.
ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നിശ്ചിത ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 173 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 36.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മികച്ച ബൗളിങ് പുറത്തെടുത്ത ജഡേജ നാല് വിക്കറ്റ് സ്വന്തമാക്കി.
ഓപണര്‍മാര്‍ പുറത്തായപ്പോള്‍ ചെറുത്ത് നില്പ്പിന് ശ്രമിച്ച ബംഗ്ലദേശ് മധ്യനിരയിലെ വിക്കറ്റുകള്‍ മുഴുവന്‍ ജഡേജയാണ് പിഴുതെടുത്തത്. ഷാക്കിബുല്‍ ഹസന്(17), മുഷ്ഫിക്കുര്‍ റഹിം(21),മുഹമ്മദ് മിഥുന്റെ(9) മുസദ്ധിഖ് ഹുസൈന് എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. പത്ത് ഓവറില്‍ 29 റണ്‍സ് മാത്രമാണ് ജഡേജ വഴങ്ങിയത്. എട്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മഷ്റഫേ മൊര്‍തസയെ ഒരു വശത്ത് നിര്‍ത്തി പൊരുതിയ മെഹ്ദി ഹസന്റെ ബാറ്റിങാണ് ബംഗ്ലാദേശിനു ആശ്വാസമായത്.
42 റണ്‍സ് നേടിയ മെഹ്ദി ഹസനാണ് ഇന്നിങ്സിലെ ടോപ് സ്കോറര്‍. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 66 റണ്‍സ് നേടിയത് ബംഗ്ലാദേശിനു നിര്‍ണായകമായി. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. 47 പന്തില്‍ 40 റണ്‍സെടുത്ത് ധവാന് പുറത്തായി. പിന്നീടെത്തിയ അമ്പാട്ടി റായുഡുവിനും കൂടുതല്‍ ബാറ്റ് ചെയ്യാനായില്ല. 28 പന്തില്‍ 13 റണ്‍സ് മാത്രമാണ് റായുഡു നേടിയത്. സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ഇനിയും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഞായറാഴ്ച പാകിസ്താനെ നേരിടും. ചൊവ്വാഴ്ച അഫ്ഗാനിസ്ഥാനേയും നേരിടും. തുടര്‍ന്ന് ഈമാസം 28ന് ഏഷ്യാ കപ്പിന്റെ ഫൈനലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."