ഡോക്ടറെ വീട്ടില്‍ സന്ദര്‍ശിച്ചില്ല: യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
അമ്പലപ്പുഴ : ചികിത്സ നല്കുന്ന ഡോക്ടറെ ബന്ധുക്കള്‍ വീട്ടിലെത്തി സന്ദര്‍ശിച്ചില്ലെന്ന കാരണത്താല്‍ അപകടത്തില്‍പ്പെട്ട യുവതിക്ക് ചികില്‍സ നിഷേധിച്ചതായി പരാതി.
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. വാഹന അപകടത്തില്‍ പരുക്കേറ്റ് ഒരാഴ്ചയായി ആശുപത്രിയില്‍ കഴിയുന്ന പുന്നപ്ര പുളിന്താഴ വീട്ടില്‍ നസീമ (25) നാണ് ചികിത്സ നിഷേധിച്ചത്.
അപകടത്തില്‍ അസ്ഥികള്‍ക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്നു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഞരമ്പിനു ക്ഷതമേറ്റിട്ടുണ്ടോയെന്ന് അറിയാന്‍ അസ്ഥി വിഭാഗം മേധാവി ഇതേ ആശുപത്രിയില്‍ തന്നെയുള്ള ഞരമ്പ് രോഗവിഭാഗം മേധാവിയായ ഡോക്ടര്‍ക്ക് ചീട്ടുനല്കിയിരുന്നു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ കുറുപ്പടിയുമായി ഞരമ്പ് രോഗവിഭാഗം മേധാവിയെ സമീപിച്ചങ്കിലും കുറുപ്പടിവലിച്ചെറിഞ്ഞ് രോഗിയായ നസീമയെ നിര്‍ബന്ധിച്ച് ഡിസ്ച്ചാര്‍ജ് എഴുതിവയ്പ്പിച്ച് മടക്കി അയച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
ഡോക്ടറെ വീട്ടിലെത്തി കാണേണ്ടതുപോലെ കാണാതിരുന്നതാണ് പ്രശ്നത്തിനു കാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്ന് നസീമയുടെ ബന്ധുക്കള്‍ ആരോഗ്യവകുപ്പ് മേധാവികള്‍ക്ക് പരാതി നല്കി.
അതേസമയം ന്യൂറോ വിഭാഗം മേധാവിയെ കുറിച്ച് നേരത്തെയും ആക്ഷേപം നിലനിന്നിരുന്നതായി അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."