കോക്ലിയര്‍ ഇംപ്ലാന്റിലൂടെ കേള്‍വിശക്തി തിരിച്ചുപിടിച്ച് 75കാരി
കോട്ടയം: കോക്ലിയര്‍ ഇംപ്ലാന്റിലൂടെ കേള്‍വിശക്തി തിരിച്ചുപിടിച്ച് 75കാരി. ഒരു വര്‍ഷത്തോളമായി പൂര്‍ണബധിരയായി എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു ജീവിച്ച കായംകുളം സ്വദേശി ഹേമാവതിക്കാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ ഹൈ റെസ് അള്‍ട്രാ കോക്ലിയര്‍ ഇംപ്ലാന്റിലൂടെ കേള്‍വിശക്തി തിരിച്ചുകിട്ടിയത്.
വാര്‍ധക്യത്തില്‍ നഷ്ടമായ കേള്‍വിശക്തി തിരിച്ചുകിട്ടിയ രാജ്യത്തെ തന്നെ ചുരുക്കം പേരിലൊരാളായിരിക്കുകയാണ് വിജയകരമായ ശസ്ത്രക്രിയയിലൂടെ ഹേമാവതി. റിട്ടയേഡ് സ്‌കൂള്‍ അധ്യാപികയായ ഹേമാവതിയുടെ കേള്‍വിശക്തി വര്‍ഷങ്ങളായി ക്ഷയിച്ചുവരികയായിരുന്നു. ശ്രവണസഹായിയുടെ ഉപയോഗം കൊണ്ട് തുടക്കത്തില്‍ പ്രയോജനമുണ്ടായെങ്കിലും ക്രമേണ കേള്‍വി കുറഞ്ഞുവരികയും പൂര്‍ണബധിരയാകുകയും ചെയ്തു. ആറുമാസക്കാലം കേള്‍വിശക്തിയില്ലാതെ, അതിനുള്ള പരിഹാര മാര്‍ഗങ്ങളെക്കുറിച്ചറിയാതെ കഴിഞ്ഞ ഹേമാവതിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത് പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി സര്‍ജനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. വിവേക് ശശീന്ദ്രനെ സമീപിക്കുന്നതോടെയാണ്.പ്രായമായവരില്‍ കോക്ലിയര്‍ ഇംപ്ലാന്റ് നടത്തുന്നതിനെക്കുറിച്ച് ഡോ. ശശീന്ദ്രനില്‍നിന്നാണ് അവര്‍ ആദ്യമായി അറിഞ്ഞത്. തുടര്‍ന്നു കുടുംബാംഗങ്ങളുടെ പിന്തുണകൂടി ലഭിച്ചതോടെയാണ് കോക്ലിയര്‍ ഇംപ്ലാന്റിന് ഹേമാവതി തയാറായത്. പ്രായമായവരില്‍ കോക്ലിയര്‍ ഇംപ്ലാന്റ് നടത്തുന്നതിനുള്ള ഏക പ്രതിബന്ധം അവബോധമില്ലായ്മയാണെന്ന് ഡോ. വിവേക് ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഇത് ഒരുപോലെ ഗുണം ചെയ്യും. എം.ആര്‍.ഐക്ക് അനുയോജ്യമായ ഈ നേര്‍ത്ത ഉപകരണം സിഗ്നല്‍ പ്രോസസിങ്ങുമായി ബന്ധപ്പെട്ടു വരുംദശകങ്ങളില്‍ വലിയ സാങ്കേതിക മുന്നേറ്റ സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേള്‍വി പരിചരണവുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ വിദഗ്ധരായ അന്താരാഷ്ട്ര കമ്പനിയായ അഡ്വാന്‍സ്ഡ് ബയോണിക്‌സിന്റേ ഹൈ റെസ് അള്‍ട്രാ ക്ലോക്ലിയര്‍ ഇംപ്ലാന്റ് സംവിധാനമാണ് ഹേമാവതിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."