നേതാവിന് സീറ്റില്ല; ബി.ജെ.പിക്കാര്‍ ഓഫിസില്‍ ഏറ്റുമുട്ടി
കൊടുങ്ങല്ലൂര്‍: മുന്‍ നേതാവിന് സീറ്റ് നല്‍കാതായതോടെ എടവിലങ്ങില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ കൂട്ടയടി. ഇടക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്ക്കുന്ന പഴയ നേതാവിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ മേഖലാ ഓഫിസില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് എടവിലങ്ങ് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടു പോയിരുന്നു. ഇന്നലെ ഉച്ചയോടെ ഈ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും തഴയപ്പെട്ടതിനെ തുടര്‍ന്ന് പഴയ നേതാവിന്റെ അനുയായികളായ ചിലര്‍ കാരയിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധക്കാരും ഓഫിസിലുണ്ടായിരുന്നവരും തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിച്ചു. ഓഫിസ് പരിസരത്ത് സ്ഥാപിച്ചിരുന്ന പാര്‍ട്ടി കൊടിതോരണങ്ങള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു. സംഭവമറിഞ്ഞ് കൊടുങ്ങല്ലൂര്‍ എസ്.ഐ ഇ.ആര് ബൈജുവിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി. സീറ്റ് നിഷേധിക്കപ്പെട്ട പഴയ നേതാവ് സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."