സീസണ്‍ യാത്രക്കാരോട് റെയില്‍വേയുടെ അവഗണനയും ദ്രോഹവും; പ്രതിഷേധം കനക്കുന്നു
കോഴിക്കോട്: സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യുന്നവരോട് റെയില്‍വേ കാണിക്കുന്ന വിവേചനങ്ങള്‍ക്കെതിരേ പ്രതിഷേധം മുറുകുന്നു. യാത്രാസൗകര്യങ്ങളോ കൂടുതല്‍ വണ്ടികളോ ഒരുക്കാതെ നിയമം കര്‍ശനമാക്കുകയും സ്ഥിരം യാത്രികരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന റെയില്‍വേ അധികൃതരുടെ നടപടികള്‍ക്കെതിരേയാണ് പ്രതിഷേധം.
സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ റിസര്‍വേഷന്‍ കോച്ചുകളില്‍ കയറിയാല്‍ പിഴ ഈടാക്കുന്നതിനുപുറമെ ഇനിമുതല്‍ സീസണ്‍ ടിക്കറ്റ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ കൂട്ടായ്മയായ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് ഫോറം അടക്കമുള്ളവര്‍ രംഗത്തുവന്നിരിക്കുന്നത്.
സീസണ്‍ ടിക്കറ്റ് എടുത്ത് യാത്രചെയ്യുന്നവരോട് റെയില്‍വേ തുടരുന്നത് ചിറ്റമ്മനയമാണെന്ന് ഫോറം അഭിപ്രായപ്പെട്ടു. സീസണ്‍ ടിക്കറ്റുകാര്‍ സൗജന്യയാത്രക്കാരാണെന്ന വിധമുള്ള റെയില്‍വെ ഉദ്യോഗസ്ഥരുടെ ധാരണ തിരുത്തണം. മുന്‍കൂട്ടി ഒരു മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് വരെയുള്ള ടിക്കറ്റ് ചാര്‍ജ് കൊടുത്താണ് സീസണ്‍ ടിക്കറ്റെടുക്കുന്നത്. ഒരു വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഏതൊരു സ്ലീപ്പര്‍ യാത്രക്കാരനെക്കാളും പതിന്മടങ്ങ് വരുമാനം സീസണ്‍ ടിക്കറ്റുകാര്‍ റയില്‍വേക്ക് ഉണ്ടാക്കി കൊടുക്കുന്നുണ്ടെന്നും ഫോറം പറയുന്നു.
ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് നിത്യവൃത്തിക്കുവേണ്ടി ട്രെയിന്‍ വഴി യാത്ര ചെയ്യുന്നത്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും, അധ്യാപകരും, ഡോക്ടര്‍മാരും, വിവിധ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരും പഠനാവശ്യാര്‍ഥം വരുന്ന വിദ്യാര്‍ഥികളും റെയില്‍വേയെ ആശ്രയിക്കുന്നുണ്ട്.
എന്നാല്‍ നിലവില്‍ പരശു, ഇന്റര്‍സിറ്റി ട്രെയിനുകള്‍ ഒഴികെ ഒരു ട്രെയിനിനും വേണ്ടത്ര ജനറല്‍ കോച്ചുകളില്ല. രാവിലെയും വൈകിട്ടും സാധാരണയേക്കാളും മൂന്നിരട്ടി ആളുകളെ കുത്തിനിറച്ചാണ് പരശുറാം എക്‌സപ്രസ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ 21 കോച്ചുകളില്‍ പത്തെണ്ണം മാത്രമാണ് ജനറല്‍. നേത്രാവതി, മംഗള, മാവേലി, മലബാര്‍, ചെന്നൈ മെയില്‍, ട്രിവാന്‍ഡ്രം എക്‌സ്പ്രസ്, യെശ്വന്തപുര തുടങ്ങിയ ട്രെയിനുകളില്‍ ആകെ രണ്ട് കോച്ച് മാത്രമേ ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ ഉള്ളൂ. അതില്‍ തന്നെ പകുതി കോച്ച് ചിലപ്പോള്‍ ആര്‍.എം.എസിനുവേണ്ടി മാറ്റിയിരിക്കും. ഇത്തരം ഘട്ടത്തില്‍ യാത്രക്കാര്‍ എങ്ങനെ സഞ്ചരിക്കുമെന്ന ചോദ്യമാണ് ഫോറം ഉന്നയിക്കുന്നത്.
ഷൊര്‍ണ്ണൂര്‍ കോഴിക്കോട് മംഗലാപുരം റൂട്ടില്‍ അടിയന്തിരമായി മെമു ട്രെയിനുകള്‍ അനുവദിക്കുക, സ്ത്രീകള്‍ക്ക് അധിക ട്രെയിനുകളിലും പകുതി കോച്ചിന് പകരം ഒരു കോച്ച് തന്നെ പൂണമായും അനുവദിക്കുക, ലോക്കല്‍ ട്രെയിനുകള്‍ മണിക്കൂറോളം സ്റ്റേഷനുകളില്‍ പിടിച്ചിടുന്നത് ഒഴിവാക്കി കൃത്യസമയത്ത് ഓടിക്കാന്‍ പാകത്തില്‍ സമയക്രമത്തില്‍ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ട്രെയിന്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."