മുത്വലാഖാണോ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: ഒരു ജനവിഭാഗത്തിന്റെ വിവാഹ മോചന രീതിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് മുസ്‌ലിംലീഗ് അംഗം പി.കെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുതെരഞ്ഞടുപ്പിന് ശേഷം സഭ ചേര്‍ന്നപ്പോള്‍ ആദ്യത്തെ നിയമ നിര്‍മ്മാണമായാണ് മുത്വലാഖ് ബില്ല് കൊണ്ട് വന്നിരിക്കുന്നത്.
മുത്വലാഖാണ് രാജ്യം നേരിടുന്ന ഏറ്റവു വലിയ പ്രശ്‌നമെന്ന രീതിയിലാണ് സര്‍ക്കാര്‍ ഇത്തരം നീക്കം നടത്തിയിരിക്കുന്നത്. ഇത് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകരാജ്യം ഏകതെരഞ്ഞടുപ്പ്, പൗരത്വ ഭേദഗതി ബില്ല് തുടങ്ങിയ മുദ്രാവാക്യങ്ങളും ബില്ലുകളും കൊണ്ട് വന്ന് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി അതുവഴിനേട്ടമുണ്ടാക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശസുരക്ഷയെ വരെ തെരഞ്ഞടുപ്പ് നേട്ടത്തിനായി ബി.ജെ.പി ഉപയോഗിച്ചു. അത് രാജ്യതാല്‍പര്യത്തിനെതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ സര്‍ക്കാര്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു കാലത്ത് ഇന്ത്യയെ ചൈനയെക്കാള്‍ മികച്ച രാജ്യമായി ലോകം വിലയിരുത്തിയിരുന്നു.
എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം എത്രയോ പിറകിലാണെന്ന് നമ്മള്‍ക്ക് തന്നെ സമ്മതിക്കേണ്ടതായി വരുന്നു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യമായും ലോകശക്തിയായും അറിയപ്പെട്ടിരുന്നു. പക്ഷേ ഇന്ന് രാജ്യത്തിന്റെ അവസ്ഥയെന്താണ്. എല്ലാ മേഖലയിലും രാജ്യം പിറകോട്ട് പോയിരിക്കുന്നു.
ഭരണകക്ഷി പ്രധാനമന്ത്രിയെ അമിതമായി പുകഴ്ത്തുകയാണ്. ഒരു നേട്ടവും എടുത്ത് കാണിക്കാനില്ലാതെ എന്തിനാണ് അമിതമായി പുകഴ്ത്തുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനമാണോ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഏറ്റവും വലിയ ഭരണ നേട്ടമെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."