ഇനി ചിഹ്നംവിളിയുടെ നാളുകള്‍, തയാറായി 114 ചിഹ്നങ്ങള്‍
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടിയ സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുന്നത് 114 ചിഹ്നങ്ങള്‍. ദേശീയ രാഷ്ട്രീയ കക്ഷികള്‍, സംസ്ഥാന രാഷ്ട്രീയ കക്ഷികള്‍, ദേശീയ-സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന ചെറിയ പാര്‍ട്ടികള്‍, സ്വതന്ത്രര്‍ എന്നിങ്ങനെ തരം തിരിച്ചാണ് ഇത്തവണ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നത്.
ദേശീയ രാഷ്ട്രീയ കക്ഷികളായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച ഏഴ് പാര്‍ട്ടികള്‍ക്ക് സ്ഥിരം ഏഴ് ചിഹ്നങ്ങളും സംസ്ഥാന പാര്‍ട്ടികള്‍ക്ക് നല്‍കാനായി മാത്രം നാലു ചിഹ്നങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് രൂപീകൃതമായ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് 28 ചിഹ്നങ്ങളും നല്‍കും.
ദേശീയ പാര്‍ട്ടികളായ ഭാരതീയ ജനതാപാര്‍ട്ടി (താമര), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (കൈ), ബഹുജന്‍ സമാജ് പാര്‍ട്ടി (ആന), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- മാര്‍ക്‌സിസ്റ്റ് (ചുറ്റിക അരിവാള്‍ നക്ഷത്രം), നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (നാഴികമണി), ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (പുഷ്പങ്ങളും പുല്ലും) എന്നിവക്കാണ് സ്ഥിരം ചിഹ്നങ്ങള്‍ നല്‍കുക. സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് (ഏണി), ജനതാദള്‍- സെക്കുലര്‍ (തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ), കേരള കോണ്‍ഗ്രസ്-എം (രണ്ടില), റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (മണ്‍വെട്ടിയും മണ്‍കോരിയും) എന്നീ നാലു പാര്‍ട്ടികള്‍ക്കും സ്ഥിരം ചിഹ്നങ്ങള്‍ നല്‍കും.
ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് സെക്കുലര്‍, സി.എം.പി, ഐ.എന്‍.എല്‍, ജെ.എസ്.എസ്, ജനതാദള്‍ യു, വെല്‍ഫെയര്‍ പാര്‍ട്ടി അടക്കം 28 പാര്‍ട്ടികള്‍ക്ക് ഇവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ചിഹ്നങ്ങളാണ് അനുവദിക്കുക. സ്ഥിരം ചിഹ്നം അനുവദിക്കപ്പെട്ട പാര്‍ട്ടികളുടെ ചിഹ്നം സ്വതന്ത്രര്‍ക്കും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കം അനുവദിക്കില്ല.
സ്വതന്ത്രര്‍ക്കായി 75 ചിഹ്നങ്ങള്‍
ആന്റീന, ആപ്പിള്‍, ഓട്ടോറിക്ഷ, മഴു, ബലൂണ്‍, ബെഞ്ച്, കുപ്പി, ബ്രീഫ്‌കെയ്‌സ്, ബ്ലാക്ക് ബോര്‍ഡ്, ബ്രഷ്, മെഴുകുതിരി, കാമറ, കാര്‍, കാരംബോര്‍ഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, ശംഖ്, ക്രിക്കറ്റ് ബാറ്റ്, എരിയുന്ന പന്തം, ജനല്‍, കൈതച്ചക്ക, ആപ്പിള്‍, പമ്പ് സെറ്റ് അടക്കം 75 ചിഹ്നങ്ങളാണ് സ്വതന്ത്രരെ കാത്തിരിക്കുന്നത്.
സ്ഥാനാര്‍ഥികള്‍ നല്‍കിയ നോമിനേഷന്റെ സൂഷ്മ പരിശോധന കഴിയുന്നതോടെയാണ് ചിഹ്നം നല്‍കുക. സ്വതന്ത്രര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നങ്ങളില്‍ മൂന്നെണ്ണം സെലക്ട് ചെയ്തു നല്‍കാനുളള അനുമതിയുണ്ട്. ഇതില്‍ ഒരു ചിഹ്നം അനുവദിക്കും. ഒരേ വാര്‍ഡില്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ക്ക് ഒരേ ചിഹ്നം ലഭിക്കാത്ത രീതിയിലാണ് റിട്ടേണിങ് ഓഫിസര്‍ അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."