കേന്ദ്രത്തിന്റെ അന്ത്യശാസനവും സംസ്ഥാന സര്‍ക്കാര്‍ മറച്ചുവച്ചു
മലപ്പുറം: ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിന്റെ അപേക്ഷ സംബന്ധിച്ച അവസാന അറിയിപ്പും സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ചയോളം മറച്ചുവച്ചു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം മുഖേന നല്‍കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഓഫ് മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍(ഐ.ഡി.എം.ഐ) ഗ്രാന്റിന്റെ അവസാന തിയതി ഓര്‍മിപ്പിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ ആന്‍ഡ് ലിറ്ററസി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയ കത്താണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരാഴ്ച മറച്ചുവച്ചത്. ഗ്രാന്റിനുള്ള അപേക്ഷാ നടപടികള്‍ ഓണ്‍ലൈന്‍വഴി ഈ മാസം 20നകം പൂര്‍ത്തിയാക്കണമെന്നും തുടര്‍ന്ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം 26നു നടക്കുന്ന പദ്ധതി അംഗീകാരത്തിനുള്ള യോഗത്തില്‍ പങ്കെടുക്കണമെന്നുമുള്ള നിര്‍ദേശം കഴിഞ്ഞ പത്തിനാണ് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിരുന്നത്.ഇതു മറച്ചുവച്ച കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് 16നു തിയതി രേഖപ്പെടുത്താതെ വാര്‍ത്താകുറിപ്പിറക്കുകയും 17നു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയുമാണ് ചെയ്തത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മാസങ്ങള്‍ മുന്‍പുള്ള തീരുമാനം മറച്ചുവച്ചതിനു പിന്നാലെയാണ് അവസാന തിയതി ഓര്‍മിപ്പിച്ചുള്ള അറിയിപ്പും രഹസ്യമാക്കിയത്. അപേക്ഷ സമര്‍പ്പിക്കാനായി ലഭിച്ച നാലു ദിവസങ്ങളില്‍ തുടര്‍ച്ചയായ പൊതുഅവധി വന്നതും അപേക്ഷാ നടപടികളെ ബാധിച്ചിട്ടുണ്ട്. ഇതുമൂലം സംസ്ഥാനത്തെ അര്‍ഹരായ നൂറുകണക്കിനു ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കാണ് അവസാന ഘട്ടത്തില്‍പോലും അപേക്ഷ നല്‍കാന്‍ സാധിക്കാതെവന്നത്.
14ജില്ലകളില്‍നിന്നായി 150ല്‍ താഴെ അപേക്ഷകള്‍ മാത്രമാണ് കൃത്യസമയത്തിനകം ഓണ്‍ലൈന്‍വഴി സമര്‍പ്പിച്ചതെന്നാണ് വിവരം. ഇതില്‍തന്നെ പത്തോളം അപേക്ഷകളാണ് ആവശ്യമായ രേഖകള്‍ സഹിതം നല്‍കിയത്. ലഭ്യമായ അപേക്ഷകളില്‍ കൃത്യമായ സൂക്ഷ്മപരിശോധനപോലും നടത്താത്തതിനാല്‍ 26നു ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പിനു കേരളത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാനാകുമോയെന്നും വ്യക്തമല്ല.ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം ലഭ്യമാക്കുന്നതില്‍ നേരത്തെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വീഴ്ചവരുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൃത്യസമയത്തു കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ 2012ല്‍ ലഭിക്കേണ്ട ഐ.ഡി.എം.ഐയുടെ രണ്ടാം ഗഡു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാര്‍ച്ചിലാണ് ലഭിച്ചത്.
ഗ്രാന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതും കേരളത്തിനുള്ള കേന്ദ്ര സഹായം മുടങ്ങാന്‍ കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."