യു.എസില്‍ ട്രംപ് അനുകൂലികളുടെ കൂറ്റന്‍ റാലിയില്‍ സംഘര്‍ഷം
വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് പരാജയം സമ്മതിക്കാതെ ഉറച്ചുനില്‍ക്കുന്ന ട്രംപ് ഒടുവില്‍ അനുയായികളെ തെരുവിലിറക്കി. ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ പ്രതിഷേധക്കാരെ നേരിടാന്‍ പൊലിസിന് അറസ്റ്റ് നടപടികള്‍ സ്വീകരിക്കേണ്ടിവന്നു.
താന്‍ വോട്ടിങ് അട്ടിമറിയുടെ ഇരയാണെന്നു പറഞ്ഞ ട്രംപ് തീവ്ര വലതുപക്ഷത്തെ പുകഴ്ത്താനും മറന്നില്ല. വൈറ്റ്ഹൗസിലേക്കുള്ള റോഡിന്റെ ഇരുവശവും കൈയടക്കിയ അനുകൂലികളെ കാണാനായി ട്രംപ് വൈറ്റ്ഹൗസില്‍ നിന്ന് പുറത്തേക്കു വരുകയായിരുന്നു. അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. മോഷണം അവസാനിപ്പിക്കുക, എക്കാലത്തെയും മികച്ച പ്രസിഡന്റ് എന്നിങ്ങനെ അനുയായികള്‍ മുഷ്ടി ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. ട്രംപ് 2020: കീപ് അമേരിക്ക ഗ്രേറ്റ്, പ്രൊ ലൈഫ് പ്രൊ ഗോഡ് പ്രൊ ഗണ്‍, വി വാണ്ട് ട്രംപ്, നാലു വര്‍ഷത്തേക്ക്; എക്കാലത്തേക്കും തുടങ്ങിയ മുദ്രാവാക്യം വിളികളാല്‍ തെരുവ് നിറഞ്ഞു.രാത്രിയായതോടെ ട്രംപ് അനുകൂലികള്‍ എതിരാളികളുമായി ഏറ്റുമുട്ടലിലെത്തി. ഇതോടെ പൊലിസ് 20 ഓളം പേരെ അറസ്റ്റ് ചെയ്തു. ചിലരുടെ കൈയില്‍ മാരകായുധങ്ങളുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. പൊലിസിനെ കത്തികൊണ്ട് കുത്തുകയും ചെയ്തു. രണ്ടു പൊലിസ് ഓഫിസര്‍മാര്‍ക്ക് പരുക്കേറ്റു. ട്രംപ് അനുകൂലികളില്‍ നിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായി പൊലിസ് അറിയിച്ചു.
അരിസോണയിലും ജോര്‍ജിയയിലും വിജയിച്ചതോടെ ജോ ബൈഡന് വ്യക്തമായ ലീഡ് ലഭിച്ചെങ്കിലും അധികാരകൈമാറ്റത്തോട് ട്രംപ് സഹകരിക്കുന്നില്ലെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചയും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും താനാണ് യഥാര്‍ഥ വിജയിയെന്നും പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്നതെന്നും ക്രമക്കേടുകള്‍ ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 21നാണ് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."