ഗൃഹാതുരത്വത്തിന്റെ പ്രതീകമായ അളവുതൂക്ക ഉപകരണങ്ങള്‍ വിസ്മൃതിയിലേക്ക്
പാലക്കാട്: ഒരു കാലത്ത് വീടുകളില്‍ അളവു പാത്രങ്ങളായി ഉപയോഗിച്ചിരുന്ന പറ, ഇടങ്ങഴി, നാഴി എന്നിവ വിസ്മൃതിയിലേക്ക്. ആശാരിപ്പണി കുലത്തൊഴിലായി സ്വീകരിച്ചിട്ടുളള പാലക്കാട് ജില്ലയിലെ കാവശ്ശേരിയിലാണ് ഇവ കാലങ്ങളായി നിര്‍മിക്കുന്നത് കള്ളപ്പറയോ ചെറുനാഴിയോ അല്ല. സഹോദര്യവും വിശ്വാസ്യതയും നിലനിന്നിരുന്ന കാലത്തെ മറഞ്ഞുപോയ പറ, ഇടങ്ങഴി, നാഴി തുടങ്ങിയ അളവു പാത്രങ്ങളാണെങ്കിലും ഇവ ഇപ്പോള്‍ പ്രാചാരത്തിലില്ല.
എന്നാല്‍ വലിയ വീടുകളിലെ സ്വീകരണമുറികളില്‍ പ്രൗഢിയുടെ ചിഹ്നമായി ഇന്നും ഇവയെല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. ഇത്തരം അളവു പാത്രങ്ങള്‍ക്കിപ്പോള്‍ വന്‍ ഡിമാന്റാണെന്നതിനാല്‍ നിര്‍മിക്കുന്നയാള്‍ പറയുന്നതാണ് വില. പാരമ്പര്യവും പഴമയും ചോരാതെ കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന് ഒറ്റതടിയിലാണ് നിര്‍മാണം. അമ്പതു വര്‍ഷമെങ്കിലും പ്രായമുളള പ്ലാവുമരം വേണം ഇവയുടെ നിര്‍മാണത്തിന്.
എഴുപത് ഇഞ്ച് വണ്ണവും 12 ഇഞ്ച് ഉയരവും വരുന്ന വെള്ളയില്ലാത്തടിയാണ് പറ നിര്‍മാണത്തിന് വേണ്ടത്. ഉരുപ്പടികള്‍ നിര്‍മിച്ച ശേഷം ആയുര്‍വേദവിധി പ്രകാരം മരുന്നുകള്‍ ചേര്‍ത്തു എണ്ണ കാച്ചിയെടുത്ത് അതില്‍ മൂന്ന് ദിവസം മുക്കിവയ്ക്കണം. ഇപ്രകാരം ചെയ്യുന്നത് കാലപ്പഴക്കത്തില്‍ കേടു വരാതിരിക്കാനാണ്. നിര്‍മാണം നടത്തിയ പറ, ഇടങ്ങഴി, നാഴി എന്നിവയില്‍ ചെമ്പുതകിടില്‍ ആന, പശു, പല്ലി, കുതിര എന്നിവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് പതിപ്പിച്ചാണ് മോടി കൂട്ടുന്നത്.
ചുവടുഭാഗം, നടുഭാഗം, മുകള്‍ഭാഗം എന്നിവടിങ്ങളില്‍ പിച്ചള തകിടുകൊണ്ട് പൊതിയുന്നു. പറയുടെ ഇരുവശങ്ങളിലും പിച്ചളകൊണ്ടുള്ള പിടിയും നടുഭാഗത്ത് അളവ് ക്രമപ്പെടുത്തുന്ന തകിടും സ്ഥാപിച്ചാണ് വില്‍പനക്ക് ഒരുക്കുന്നത്. ഓര്‍ഡര്‍ പ്രകാരമാണ് കാവശ്ശരിയിലെ പ്രകാശന്‍ ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്. ഒരു പറ, ഒരു ഇടങ്ങഴി, ഒരു നാഴി എന്നിങ്ങനെ മൂന്നെണ്ണത്തിന് 7000 മുതല്‍ ഒരു ലക്ഷം രൂപ വരെ വില ആവശ്യക്കാര്‍ക്ക് അനുസരിച്ച് വരുമെന്നാണ് പറയുന്നത്.
പാലക്കാട് ജില്ലയിലെ കാവശ്ശേരിയില്‍ നാല്‍പത്തിരണ്ടുകാരനായ പ്രകാശന്‍ പതിനാലു വയസു മുതല്‍ പിതാവിനൊപ്പം ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. ഇപ്പോഴും തുടരുകയാണ്. കാവശ്ശേരിയിലെ കാക്കമ്പാറ വലിയകുളത്താണ് പ്രകാശന്റെ തൊഴില്‍ശാല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."