മലപ്പുറം ജില്ലാ വിഭജനത്തിന് തടസം നില്‍ക്കുന്നതാര്?
ഇക്കഴിഞ്ഞ ജൂണ്‍ 16ന് മലപ്പുറം ജില്ലയ്ക്ക് 50 വയസ് തികഞ്ഞു. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം 1969 ജൂണ്‍ അഞ്ചിനു ചേര്‍ന്ന കേരള മന്ത്രിസഭയുടെ യോഗമാണ് മലപ്പുറം ജില്ല രൂപവല്‍കരിക്കാനുള്ള തീരുമാനമെടുത്തത്. ജൂണ്‍ ഏഴിനു ജില്ല രൂപവല്‍കരിച്ച് ഗവര്‍ണറുടെ വിജ്ഞാപനമിറങ്ങി. 1969 ജൂണ്‍ 16ന് ജില്ല ഔദ്യോഗികമായി നിലവില്‍ വന്നു. ജില്ല നിലവില്‍ വരുമ്പോള്‍ ജനസംഖ്യ 13,94,000 ആയിരുന്നു. 2011 ല്‍ നടന്ന സെന്‍സസ് പ്രകാരം 41,12,920 ആയി അതു വര്‍ധിച്ചു. ഈ 2019ഓടെ ജനസംഖ്യ 45 ലക്ഷത്തില്‍ കവിഞ്ഞിരിക്കുമെന്ന് ചില കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജില്ല രൂപീകരിച്ചതിനു ശേഷം വിദ്യാഭ്യാസപരമായും മറ്റും പിന്നാക്കം നിന്നിരുന്ന പ്രദേശം ഏറെ പുരോഗതി കൈവരിച്ചുവെന്ന് മാത്രമല്ല അതിനെതിരേ അതൊരു വര്‍ഗീയ പ്രീണനത്തിന്റെ ജില്ലയാണെന്നു പറഞ്ഞു പ്രതിഷേധിച്ചവര്‍ക്കും വിമര്‍ശകര്‍ക്കും മറുപടി നല്‍കുന്നതുകൂടിയായിരുന്നു ജില്ലയില്‍ നടന്ന ഓരോ പ്രവര്‍ത്തനങ്ങളും.
ജില്ലയില്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്ന മറ്റു ജില്ലക്കാരായ ധാരാളം അധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത് തങ്ങളുടെ ജില്ലകളില്‍ കാണാത്തൊരു സൗഹാര്‍ദവും സാഹോദര്യവും ഇവിടെ നിലനില്‍ക്കുന്നുവെന്നാണ്. രാഷ്ട്രീയ കൊലപാതകങ്ങളും സംഘട്ടനങ്ങളും വര്‍ഗീയ വേര്‍തിരിവുകളും ഇവിടെ കാണാന്‍ സാധിക്കില്ല. ജില്ലയുടെ ഏതെങ്കിലും ഭാഗങ്ങളില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ രാഷ്ട്രീയ നേതൃത്വവും മതനേതൃത്വവും അവിടെ ഓടിച്ചെന്നു തീയണയ്ക്കാന്‍ ശ്രമിക്കുന്ന കാഴ്ച വര്‍ഗീയ വിഷവിത്തുകള്‍ പാകി തീകൊളുത്താന്‍ ശ്രമിക്കുന്നവര്‍ക്കെന്നും പാഠമാണ്. എല്ലാ മതവിഭാഗങ്ങളുടെയും ദേവാലയങ്ങള്‍ നിലകൊള്ളുന്ന ജില്ലയില്‍ വര്‍ഗീയത തലയ്ക്കുപിടിച്ച ചുരുക്കം ചിലരുടെ പ്രവൃത്തികള്‍ മൂലം ഒന്നുരണ്ട് അനിഷ്ട സംഭവങ്ങളുണ്ടായതൊഴിച്ചാല്‍ മറ്റൊന്നും ഇന്നേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊടുത്തും വാങ്ങിയും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ എല്ലാവരുമിവിടെ ജാഗ്രത പാലിച്ചുപോരുന്നു.
ജില്ല നേരിടുന്ന പ്രശ്‌നം
ജനസംഖ്യയാണ് ജില്ല നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍പെട്ട 13 ഫര്‍ക്കകള്‍ ചേര്‍ത്തുണ്ടാക്കിയ ജില്ലയിലെ ആദ്യ ജനസംഖ്യ 13,94,000 ആയിരുന്നെങ്കില്‍ 50 വര്‍ഷത്തിലത് 45 ലക്ഷങ്ങളായി ഉയര്‍ന്നിരിക്കുന്നു. റോഡുകളും പാലങ്ങലും ആതുര ശുശ്രൂഷാ കേന്ദ്രങ്ങളും മത, ഭൗതിക കലാലയങ്ങളും ഇവിടെയിന്ന് കുറവൊന്നുമല്ല. എന്നാല്‍ ജനസംഖ്യയനുസരിച്ച് ഇനിയും എത്രയോ സൗകര്യങ്ങളും വികസനങ്ങളും ജില്ലയ്ക്ക് ലഭിക്കേണ്ടതുണ്ട്. അതിനു ജില്ലാ വിഭജനം മാത്രമേ പോംവഴിയുള്ളൂ. താലൂക്കുകളും പഞ്ചായത്തുകളും മെഡിക്കല്‍ കോളജുകളുമായി ഇനിയും ജില്ലയ്ക്കു ലഭിക്കേണ്ട പലതുമുണ്ട്.
ചില ജില്ലകളുടെ ജനസംഖ്യ മലപ്പുറം ജില്ലയിലെ നാലിലൊന്നു മാത്രമേയുള്ളൂ. അവിടങ്ങളിലും മെഡിക്കല്‍ കോളജുകളും മറ്റു സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒന്നില്‍ കൂടുതലുള്ളതായി കാണാം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വന്ന തീരുമാനങ്ങളിലൊന്നാണ് മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത ജില്ലകളില്‍ ഒരു മെഡിക്കല്‍ കോളജെന്ന്. അങ്ങനെയാണ് 12 ലക്ഷം ജനങ്ങളുള്ള ഇടുക്കി ജില്ലയ്ക്കും 45 ലക്ഷം ജനങ്ങളുള്ള മലപ്പുറത്തിനും ഓരോ മെഡിക്കല്‍ കോളജ് ലഭിക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തില്‍ ഇടുക്കിക്ക് അനുവദിച്ച കണക്ക് നോക്കുമ്പോള്‍ മലപ്പുറം ജില്ലയ്ക്ക് രണ്ടോ മൂന്നോ മെഡിക്കല്‍ കോളജെങ്കിലും ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ജില്ലാ വിഭജനത്തിലൂടെ മാത്രമെ അത് സാധ്യമാവുകയുള്ളൂവെന്നതാണ് നേര്.
മലപ്പുറത്തിനേക്കാള്‍ ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ടെന്ന് ഓര്‍ക്കുക. പുതിയ കണക്കുകളനുസരിച്ച് ഗോവ, അരുണാചല്‍പ്രദേശ്, മിസോറം, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. യഥാക്രമം 15, 14, 11, 6 എന്നീ ലക്ഷങ്ങളാണ് അവിടെയുള്ള ജനസംഖ്യ.
സംസ്ഥാനങ്ങള്‍ക്കു നീക്കിവയ്ക്കുന്ന കേന്ദ്ര ഫണ്ട് വിഹിതങ്ങള്‍ക്കനുസരിച്ച് മലപ്പുറം ജില്ലയില്‍ ഇനിയും മെഡിക്കല്‍ കോളജുകളും മറ്റു ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അത്യാവശ്യമാണ്. അവ ലഭ്യമാക്കാന്‍ ജില്ലയെ വിഭജിക്കണമെന്ന ആശയത്തില്‍ എല്ലാ രാഷ്ട്രീയക്കാരും ഒത്തൊരുമിച്ചു നീങ്ങേണ്ടതുണ്ട്. ജില്ലയുടെ വികസനം ജനങ്ങളുടെ വികസനം കൂടിയാണ്.
1921ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരേ നടന്ന സായുധകലാപത്തിനു ശേഷം വികസനവും വിദ്യാഭ്യാസവും നഷ്ടപ്പെട്ടൊരു ജനതയ്ക്ക് ഒരു പുതുജീവന്‍ തന്നെ തിരിച്ചു കിട്ടിയെങ്കില്‍ അതിനു കാരണമായത് ജില്ലാ രൂപീകരണം തന്നെയായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും പേരിനുപോലും കാണാന്‍ സാധിക്കാതിരുന്ന ഒരു സമൂഹത്തെ മെഡിക്കല്‍, എന്‍ജിനീയറിങ്, ഐ.എ.എസ്, ഐ.പി.എസ് മേഖലകളിലായി റാങ്കുകള്‍ വാരിക്കൂട്ടുന്നതില്‍ മത്സരിക്കാന്‍ പ്രാപ്തമാക്കിയതിന്റെ പ്രധാന പങ്ക് ജില്ലയില്‍ അങ്ങിങ്ങായി സ്ഥാപിക്കപ്പെട്ട യൂനിവേഴ്‌സിറ്റികളും കോളജുകളും തന്നെയാണ്. അല്ലാതെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചു നേടിയതല്ല.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, മലയാളം സര്‍വകലാശാല, അലീഗഡ് സര്‍വകലാശാലാ കേന്ദ്രം എന്നിവെയെല്ലാം ജില്ലയിലെ സാമൂഹിക മാറ്റത്തിന് ഏറ്റവും വലിയ ചാലകശക്തിയായി മാറിയിരിക്കുകയാണിന്ന്.
ഇ.എം.എസിന്റെ രണ്ടാം ഭരണത്തിനു കീഴിലായിരുന്നു ജില്ല രൂപീകരിക്കപ്പെട്ടത്. അന്ന് അതിനേറെ പ്രയത്‌നിച്ചൊരു രാഷ്ട്രീയ നേതാവായിരുന്നു അവുഖാദര്‍കുട്ടി നഹ. അത്തരം ആളുകളുടെ ദീര്‍ഘദൃഷ്ടി ജില്ലയില്‍ ഒരു വിദ്യാഭ്യാസ വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ജില്ലാ വിഭജനത്തിനുവേണ്ടി പ്രമേയവുമായി മുന്നോട്ടുവന്ന കെ.എന്‍.എ ഖാദറിനെ ചിലര്‍ വിലക്കുന്നുവെന്നു പറഞ്ഞുകേള്‍ക്കുന്നു. അതു ജില്ലയുടെ വികസനത്തെ തടസപ്പെടുത്തും. ജില്ലാ രൂപീകരണത്തിന് ഇ.എം.എസ് കാട്ടിയ തന്റേടം ജില്ലാ വിഭജനത്തിന്റെ കാര്യത്തില്‍ ഇന്നും സര്‍ക്കാര്‍ കാണിക്കുകയാണെങ്കില്‍ അതിന് പിന്തുണ നല്‍കാന്‍ യു.ഡി.എഫും ഒപ്പമുണ്ടാവുമെന്നുതന്നെ നമുക്കു വിശ്വസിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."