കിഫ്ബി ഓര്‍ഡിനന്‍സിന് അംഗീകാരം : മുഖ്യമന്ത്രി അധ്യക്ഷനായി 12 അംഗ ബോര്‍ഡ്
തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര വികസനത്തിനു സ്ഥലമെടുപ്പടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനു വ്യവസ്ഥചെയ്യുന്ന വിധം കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട് ഭേദഗതി ചെയ്തു. ഇതിനുള്ള ഓര്‍ഡിനന്‍സിനു മന്ത്രിസഭ അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സ് ഇന്നലെ ഗവര്‍ണര്‍ക്കയച്ചു.
ഗവര്‍ണര്‍ ഒപ്പിട്ട് ഓര്‍ഡിനന്‍സിറക്കുന്നതോടെ സെബിയും ആര്‍.ബി.ഐയും അംഗീകരിച്ച നൂതന ധനാസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കിഫ്ബിക്കു സാധിക്കും. ബോര്‍ഡിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനും ധനമന്ത്രി തോമസ് ഐസക് ഉപാധ്യക്ഷനുമായ 12 അംഗ ഭരണസമിതിയുണ്ടാകും. 1999ല്‍ നിലവില്‍വന്ന കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയായിരുന്നു. ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരും രണ്ടു സാമ്പത്തികവിദഗ്ധരും അംഗങ്ങളായുള്ള ബോര്‍ഡാണ് നിലവിലുണ്ടായിരുന്നത്. റോഡുകളും പാലങ്ങളുമടക്കമുള്ള വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍ദേശങ്ങള്‍ എത്രയുംവേഗം കിഫ്ബിക്കു സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി.
ആദ്യം വിശദമായ പദ്ധതിരേഖകള്‍ സമര്‍പ്പിക്കുന്ന വകുപ്പുകളുടെ പദ്ധതികളാകും ആദ്യം പരിഗണിക്കുക. ചീഫ് സെക്രട്ടറി, ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി അല്ലെങ്കില്‍ ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവരായിരിക്കും ബോര്‍ഡിന്റെ ഔദ്യോഗിക അംഗങ്ങള്‍. കൂടാതെ ഏഴു സ്വതന്ത്ര അംഗങ്ങളുമുണ്ടാകും. കിഫ്ബിയുടെ കീഴില്‍ ഫണ്ട് ട്രസ്റ്റി ഉപദേശക കമ്മിഷനും (എഫ്റ്റാക്) രൂപം നല്‍കും. ദേശീയനിലവാരത്തിലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരും ബാങ്കേഴ്‌സ് ഭരണകര്‍ത്താക്കളും ഉള്‍പ്പെട്ട, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഏഴംഗ കമ്മിഷനായിരിക്കുമിത്. കൂടാതെ, ധനവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഫണ്ട് മാനേജ്‌മെന്റ് കമ്മിറ്റിയും ഒരു സി.ഇ.ഒയും കിഫ്ബിക്കുണ്ടാകും. ഭരണപരമായ സൗകര്യാര്‍ഥം ധനമന്ത്രി ചെയര്‍മാനായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പ്രവര്‍ത്തിക്കും.
മോട്ടോര്‍വാഹന നികുതിയാകും കിഫ്ബിയുടെ പ്രധാന വരുമാനമാര്‍ഗം. മോട്ടോര്‍വാഹനികുതി വരുമാനത്തിന്റെ 10 ശതമാനം അടുത്ത മാസം അവസാനത്തോടെ കിഫ്ബിക്ക് കൈമാറും. രണ്ടാംവര്‍ഷം 20 ശതമാനം, മൂന്നാം വര്‍ഷം 30, നാലാം വര്‍ഷം 40, അഞ്ചാം വര്‍ഷം 50 എന്നിങ്ങനെയാണ് കൈമാറുക. പെട്രോള്‍, ഡീസല്‍ സെസ് പൂര്‍ണമായി കിഫ്ബിക്ക് നല്‍കും. 30,000 കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിക്കുകയാണു ലക്ഷ്യം. ആദ്യവര്‍ഷം തന്നെ 5,000 കോടിയെങ്കിലും സമാഹരിക്കേണ്ടതുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കോഴിക്കോട് വിമാനത്താവളം, ദേശീയപാത വികസന സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാരവും എന്നിവ കിഫ്ബി വഴിയാക്കും. കേന്ദ്രഫണ്ടും പദ്ധതി റിപ്പോര്‍ട്ടുംവച്ചു ബോണ്ടുകള്‍ വഴി വായ്പയെടുക്കും. വായ്പകളൂടെ പലിശ സര്‍ക്കാര്‍ നല്‍കും. കിഫ്ബിയുടെ പേരിലായിരിക്കും ഇനി കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ചു സര്‍ക്കാര്‍ വിഭവസമാഹരണം നടത്തുക. നിലവില്‍ 800 കോടി രൂപ കിഫ്ബിയുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."