റഷ്യയില്‍നിന്ന് യുദ്ധ വിമാനം വാങ്ങിയതിന് ചൈനക്കെതിരേ യു.എസ് ഉപരോധം
വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയതിന് ചൈനയുടെ സൈനിക സ്ഥാപനത്തിനെതിരേ യു.എസ് ഉപരോധം. സുഖോയ് എസ്- 35 വിമാനങ്ങളും കരയില്‍ നിന്ന് വായുവിലേക്ക് അയക്കാന്‍ പര്യാപ്തമായ എസ് -400 മിസൈല്‍ പ്രതിരോധ സംവിധാനവും റഷ്യയില്‍ നിന്ന് വാങ്ങിയതിനാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്യുപ്‌മെന്റ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് (ഇ.ഡി.പി) സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ഇതാദ്യമായാണ് റഷ്യയല്ലാത്ത മറ്റൊരു രാഷ്ട്രത്തിനുമേല്‍ 'കാറ്റ്‌സ' ഉപരോധം (കൗണ്ടറിങ് അമേരിക്കാസ് അഡ്വയ്‌സറീസ് ത്രു സാങ്ഷന്‍ ആക്ട്) ഏര്‍പ്പെടുത്തുന്നത്. യു.എസിന്റെ ശുത്രുക്കളെ ഉപരോധത്തിലൂടെ ചെറുക്കാന്‍ അധികാരം നല്‍കുന്ന ഈ നിയമത്തിന് കഴിഞ്ഞ വര്‍ഷമാണ് അംഗീകാരം നല്‍കിയത്. റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കിയായിരുന്നു നിയമ നിര്‍മാണം.
ക്രീമിയ കൂട്ടിച്ചേര്‍ക്കല്‍, സിറിയയില്‍ ബശ്ശാറുല്‍ അസദിനെ സഹായിക്കല്‍ എന്നിവക്ക് റഷ്യക്കെതിരേ കാറ്റ്‌സ ചുമത്തിയിട്ടുണ്ട്. അതേസമയം 33 റഷ്യന്‍ രഹസ്യാന്വേഷകരും സൈനികരുമായി ബന്ധമുള്ള ചിലരും കാറ്റ്‌സ പട്ടികയിലുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഉപരോധം ചൈനക്കെതിരേയാണെങ്കിലും ആത്യന്തിക ലക്ഷ്യം റഷ്യ തന്നെയാണെന്നാണ് യു.എസ് ഭരണകൂടത്തിലെ ഉന്നതര്‍ അഭിപ്രായപ്പെട്ടു. കാറ്റ്‌സ ഉപരോധം ഏതെങ്കിലും രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയല്ല, റഷ്യയുടെ ദ്രോഹകരമായ പ്രവര്‍ത്തികളെ ലക്ഷ്യമാക്കിയാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, റഷ്യയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എസ് തീരുമാനം ഇന്ത്യക്കും ആശങ്കയുളവാക്കുന്നതാണ്. ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 60 ശതമാനം ഇറക്കുമതിയും റഷ്യയില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."