പ്രതിക്കൂട്ടില്‍ ശ്യാമളയോ ചട്ടമോ പാര്‍ട്ടി ഗ്രാമമോ?
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ സൃഷ്ടിച്ച രാഷ്ട്രീയവിവാദം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയായ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയെ കേന്ദ്രീകരിച്ചാണ് അസ്ത്രം ചീറ്റുന്നത്. ശ്യാമളയുടെ രാജിയാണ് യു.ഡി.എഫിന്റെ ആവശ്യം. ആത്മഹത്യാ പ്രേരണാകുറ്റത്തിന് ക്രിമിനല്‍ കേസ് വേണമെന്നും പൊതുവികാരമുയര്‍ന്നിട്ടുണ്ട്. പക്ഷെ പ്രവാസി സാജന്റേതായ ആത്മഹത്യാ കുറിപ്പില്ലാത്തതിനാല്‍ എന്തു വേണമെന്നാണ് പൊലിസിന്റെ പരിഭവം. ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച അപൂര്‍വ വിവാദവുമാവുകയാണ് ആന്തൂര്‍ സംഭവം. സാജന്‍ ആത്മഹത്യ ചെയ്തത് കണ്‍വന്‍ഷന്‍ സെന്റര്‍ അനുമതി നീണ്ടുപോയത് കൊണ്ട് മാത്രമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ? ആത്മഹത്യാ കുറിപ്പില്ലാത്ത സാഹചര്യത്തില്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയ ശേഷമേ ആര്‍ക്കെങ്കിലുമെതിരേ പ്രേരണാകുറ്റം ചാര്‍ത്താനാവൂ എന്ന് പൊലിസ് പറയുന്നു.
പാര്‍ട്ടി ഗ്രാമത്തില്‍നിന്ന് അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതിനാല്‍ പൊലിസ് അന്വേഷണത്തില്‍ ഇടപെടില്ലെന്ന് സി.പി.എം നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ കോടതിയുടെയും പൊലിസിന്റെയും അന്വേഷണത്തിന് സമാന്തരമായി വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി സംവിധാനമൊരുക്കിയത് രാഷ്ട്രീയ പശ്ചാത്തലമുള്ള നീക്കമാണ്. ശ്യാമളയെ സംരക്ഷിക്കാനോ ശരിയായ വഴിയില്‍ നടത്താനോ അല്ലാത്ത മറ്റൊന്നും പാര്‍ട്ടി അന്വേഷണത്തില്‍ ഉണ്ടാവില്ല എന്നുറപ്പാണ്. ശ്യാമള കുറ്റക്കാരിയാണെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. വീഴ്ച പറ്റി എന്നേ പറഞ്ഞിട്ടുള്ളൂ. വീഴ്ചപറ്റി എന്ന് ശ്യാമള സ്വന്തം നിലയില്‍ ഏറ്റുപറഞ്ഞിട്ടുമില്ല. പ്രവാസിയുടെ ആത്മഹത്യ വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരല്ല ശ്യാമളയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ന്യായം നിരത്തിയത്. ഉദ്യോഗസ്ഥരെ അടിമുടി ന്യായീകരിക്കുകയായിരുന്നു അവര്‍. അവര്‍ ന്യായീകരിച്ച ഉദ്യോഗസ്ഥ നടപടിയെ പിന്നീടു പാര്‍ട്ടി നിരാകരിച്ചിട്ടും ശ്യാമള തിരുത്താതിരുന്നത് എന്തുകൊണ്ടാണ്? ഉദ്യോഗസ്ഥരും കെട്ടിടനിര്‍മാണ ചട്ടവുമാണ് എല്ലാറ്റിനും കാരണമെന്ന് വിശദീകരണ യോഗത്തില്‍ പി. ജയരാജനും എം.വി ജയരാജനും അക്കമിട്ട് കാര്യകാരണ സഹിതമാണ് നിരത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ ശ്യാമളയ്ക്കു നിലക്ക് നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് അവരെ വേദിയിലിരുത്തി വിമര്‍ശിച്ചിട്ടും അവര്‍ക്കു സ്വയംവിമര്‍ശനത്തിന് അവസരം നല്‍കിയിട്ടില്ല. ശ്യാമള ചെയര്‍പേഴ്‌സണ്‍ പദവി രാജിവയ്ക്കാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി, അവര്‍ക്കു പറയാനുള്ളത് അവര്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അതായത് ശ്യാമളയുടെ ഭാഗം പാര്‍ട്ടിയാണ് പരിശോധിക്കേണ്ടത് എന്ന് ചുരുക്കും. എന്തായിരിക്കും ശ്യാമള പാര്‍ട്ടിയോടു പറഞ്ഞത്?
പാര്‍ട്ടി ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന വിശദീകരണ യോഗത്തിലെ മൂന്ന് നേതാക്കളുടെ പ്രസംഗങ്ങളില്‍ ജെയിംസ് മാത്യു എം.എല്‍.എയുടെ പ്രസംഗം ശ്രദ്ധേയമാണ്. സാജന്റെ പ്രയാസം പരിഹരിച്ചുകൊടുക്കാന്‍ കഴിയാത്തതില്‍ ജനപ്രതിനിധി എന്ന നിലയില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഏറ്റുപറയുക മാത്രമല്ല എം.എല്‍.എ ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് എം.എല്‍.എ പ്രവാസി സംരംഭകനുമായി കൂടിക്കാഴ്ച നടത്തി എന്നും പറഞ്ഞു. ഈ കൂടിക്കാഴ്ചാ വേളയില്‍ തന്റെ കണ്‍വന്‍ഷന്‍ സെന്ററില്‍ നാളെ വിളക്കുകൊളുത്തുമെന്ന് സാജന്‍ എം.എല്‍.എ യോട് പറഞ്ഞത്രെ. ആ സന്ദര്‍ഭത്തില്‍ കണ്‍വന്‍ഷന്‍ സെന്ററിന് ഒകുപന്‍സി സര്‍ട്ടിഫിക്കറ്റ് (താമസ അനുമതിപത്രം) കിട്ടാത്ത കാര്യം സാജന്‍ തന്നോട് പറഞ്ഞില്ല എന്നാണ് ജയിംസ് മാത്യു വിശദീകരിച്ചത്. ഒകുപന്‍സി സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ നഗരസഭയിലും പി. ജയരാജന്റെ അടുത്തും മുഖ്യമന്ത്രിയുടെ ഓഫിസിലുമൊക്കെ കയറിയിറങ്ങിയ സാജന്‍ എം.എല്‍.എയെ മുന്നില്‍ കിട്ടിയിട്ട് എന്തുകൊണ്ട് വിഷയം പറഞ്ഞില്ല? പാര്‍ട്ടിയിലെ വിഭാഗീയത കൂടിക്കുഴഞ്ഞു നില്‍ക്കുന്നതായി കരുതുന്ന ഒരു വിഷയത്തിലെ പ്രസക്തമായ വെളിപ്പെടുത്തലാണ് ജെയിംസ് മാത്യുവിന്റേതെന്ന് വ്യക്തം.
വിശദീകരണ യോഗം നടത്താന്‍ തീരുമാനിച്ചത് പാര്‍ട്ടി ഏരിയ കമ്മിറ്റി ചേര്‍ന്ന ശേഷമായിരുന്നു. ഏരിയാ കമ്മിറ്റി യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ രൂക്ഷവിമര്‍ശനത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞു എന്നാണ് വാര്‍ത്ത. ശ്യാമള പൊതുപ്രവര്‍ത്തനം നന്നായി അറിയുന്ന അധ്യാപികയാണ്. മഹിളാ നേതാവാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ പത്‌നിയാണ്. പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രഭാഷകനായ ഗോവിന്ദനെപ്പോലെ ഒരല്‍പമൊക്കെ സിദ്ധാന്തം മഹിളാ വേദിയില്‍ പ്രസംഗിക്കുന്ന ആളാണ്. പൊതുവെ ക്ലീന്‍ ഇമേജ് ഉള്ളയാളുമാണ്. ഇത്തരം സവിശേഷതകളുള്ള ഒരാളെ ഉദ്യോസ്ഥ ദുഷ്പ്രഭുത്വം കീഴടക്കുമോ? സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമ ചരിത്രത്തിലെ മഹാത്ഭുതമായിരിക്കുമത്.
ശ്യാമള അതിശക്തമായി ഉദ്യോഗസ്ഥരെ ന്യായീകരിക്കുകയാണ് ആദ്യം ചെയ്തത്. കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി വൈകാനിടയായ നിയമപരമായ ന്യായം അവര്‍ അക്കമിട്ടു നിരത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇടപെട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. അതിനു ശേഷം അണികളിലെ രോഷം വ്യാപകമായപ്പോഴാണ് പാര്‍ട്ടി ഏരിയ കമ്മിറ്റി ചേര്‍ന്നത്. ശ്യാമള യോഗത്തില്‍ കരഞ്ഞത് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ടാണെന്നു വിശ്വസിച്ചുകൂട. കാരണം, ശ്യാമളയറിയാത്തതൊന്നും ഉദ്യോഗസ്ഥര്‍ ചെയ്തിട്ടില്ല. അതുകൊണ്ട് ക്ഷുഭിതയാവുകയായിരുന്നു വേണ്ടത്.
അന്തിമാനുമതി നല്‍കുന്ന നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രം അധികാരമുള്ള ചട്ടങ്ങളനുസരിച്ചാണ് ആന്തൂരില്‍ എന്‍ജിനീയര്‍ അനുവാദം നല്‍കിയിട്ടും സെക്രട്ടറി തടസവാദമുന്നയിച്ച് ഫയലില്‍ നോട്ട് കുറിച്ചതെന്നാണ് പാര്‍ട്ടി വിശദീകരണം. പക്ഷെ എന്തുകൊണ്ട് സാജന്‍ ആത്മഹത്യ ചെയ്ത് വിഷയം രൂക്ഷമാവുകയും പാര്‍ട്ടിയുടെ പ്രാദേശിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായ ട്രോള്‍ പ്രചരിക്കുകയും ചെയ്ത ശേഷവും ശ്യാമളയുടെ വാര്‍ത്താസമ്മേളനത്തില്‍ അക്കാര്യം പറഞ്ഞില്ല? ശ്യാമളയ്ക്കു വീഴ്ചപറ്റി എന്നതുകൊണ്ട് ഇനി ജനപ്രതിനിധികള്‍ക്ക് ഇത് സംഭവിക്കാതിരിക്കാനാണ് ചട്ടങ്ങള്‍ മാറ്റാന്‍ ആലോചിക്കുന്നത് എന്നാണ് വിശദീകരണം.
ഉദ്യോഗസ്ഥര്‍ക്ക് പരമാധികാരം നല്‍കുന്ന ചട്ടങ്ങളാണ് പ്രശ്‌നമെന്നു പറയുന്ന നേതൃത്വത്തിന് അതേ ചട്ടങ്ങള്‍ നിലനിര്‍ത്തി ഉദ്യോഗസ്ഥനോട് കണ്ണുരുട്ടി കാര്യം നേടുന്ന നിരവധി അനുഭവങ്ങള്‍ ആന്തൂരുകാര്‍ തന്നെ വിവരിക്കുന്നുണ്ട്. പാര്‍ട്ടി അനുഭാവികളുടെ തളിപ്പറമ്പിലെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആന്തൂരിലെ സ്വന്തം അനുഭവം ഒരാള്‍ വിവരിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കു പരമാധികാരമുള്ളപ്പോഴും നേടേണ്ടത് ചിലര്‍ നേടുന്നുണ്ടെന്ന് അതില്‍ വ്യക്തമാണ്.
സി.പി.എം ഭരിച്ചിരുന്ന കാസര്‍കോട് ജില്ലയിലെ പുത്തിഗെ ഗ്രാമപഞ്ചായത്തും അതിന്റെ അധ്യക്ഷ ഫാത്തിമ സുഹ്‌റയുമായിരുന്നു തൊണ്ണൂറുകളിലെ ഒരു വിവാദം. തദ്ദേശഭരണത്തില്‍ സ്ത്രീ പ്രാതിനിധ്യം അരക്കിട്ടുറപ്പിച്ച കാലമാണത്. സി.പി.എം വനിതാ സാരഥ്യത്തിന് അന്ന് പാര്‍ട്ടി ലക്ഷ്മണരേഖ വരച്ചു. പഞ്ചായത്ത് ചേരും മുന്‍പ് അജന്‍ഡ പാര്‍ട്ടി സബ്കമ്മിറ്റി നിരൂപണം ചെയ്യണം. ലീഗിനു സ്വാധീനമുള്ള വാര്‍ഡിലെ റോഡ് വികസനം നടപ്പിലാക്കുന്ന അജന്‍ഡ ഫാത്തിമ സുഹ്‌റ ഒപ്പിടുന്നതു പാര്‍ട്ടി വിലക്കി. അജന്‍ഡ പാസാക്കേണ്ട യോഗത്തില്‍ സുഹ്‌റ പോകരുതെന്ന് കല്‍പ്പിച്ചു. പക്ഷെ അവര്‍ പോകുമെന്ന് ശഠിച്ചു. അങ്ങനെയെങ്കില്‍ യോഗം ചേരുന്ന പഞ്ചായത്ത് ഓഫിസ് പാര്‍ട്ടി ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചു. അന്നത്തെ കാസര്‍കോട് എ.എസ്.പി മനോജ് അബ്രഹാം പാര്‍ട്ടിക്കാരെ ലാത്തിവീശി ഓടിച്ചാണ് അവരെ യോഗത്തില്‍ കയറ്റിയിരുത്തിയത്.
ഇന്നും സി.പി.എമ്മിന്റെ വനിതാ തദ്ദേശസ്വയംഭരണ സാരഥികളെ നിയന്ത്രിക്കാന്‍ പഞ്ചായത്തില്‍ തന്നെ മറ്റൊരു പുരുഷ കേസരിയെ നിര്‍ത്തിയ ഇടങ്ങള്‍ ഏറെയുണ്ട്. ആന്തൂരിലും ഭരണം നോക്കുന്ന പാര്‍ട്ടി സബ് കമ്മിറ്റിയുണ്ട്. സബ്കമ്മിറ്റി അറിയാത്തതാണ് ശ്യാമള ചെയ്തതെങ്കില്‍ വിവാദമുണ്ടായപ്പോള്‍ തന്നെ പുറത്താക്കുമായിരുന്നു. ശ്യാമള രാജി സന്നദ്ധത പ്രകടിപ്പിച്ച ശേഷം അതു പരിഗണിക്കാന്‍ സംസ്ഥാന കമ്മിറ്റി ചേരും വരെ കാത്തിരുന്നത് വിഷയത്തില്‍ വന്ന വിഭാഗീയത കൂടി പരിശോധിക്കാനാണ്.
ഉദ്യോഗസ്ഥര്‍ക്കു പരമാധികാരം നല്‍കുന്ന ചട്ടമാണ് ആന്തൂരിലെ പ്രശ്‌നമെന്നു പറഞ്ഞ് തടിയൂരാന്‍ അങ്ങിനെയങ്ങ് കഴിയില്ലെന്നതാണ് വസ്തുത. നേതാക്കളുടെ ഈഗോയും ലോക്കല്‍ കമ്മിറ്റികളുടെ തലക്കനവും കൊണ്ട് പ്രാദേശിക തലത്തില്‍ എത്രയോ കെട്ടിടനിര്‍മാണം സി.പി.എം തടഞ്ഞിട്ടുണ്ട്. പാര്‍ട്ടി പ്രാദേശിക ഘടകത്തിന്റെ തിട്ടൂരമില്ലാതെ മറ്റൊരു സാമൂഹിക സംവിധാനം വികസിക്കില്ല. ആന്തൂരില്‍ അനുഭാവിയായിട്ടും പ്രവാസിക്കു നീതി കിട്ടാതിരുന്നത് വിഭാഗീയത കാരണമാണ്. എതിര്‍നാവ് അരിഞ്ഞുവീഴ്ത്തുന്ന ഈ നിലപാടു കൊണ്ടാണ് ചാലേടത്ത് സംഘ്പരിവാര്‍ കാലെടുത്തു വച്ചത്.
ആന്തൂരിലെ വിവാദ കണ്‍വന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ക്കു പാര്‍ട്ടിയുണ്ട്. അവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ചില സഖാക്കള്‍ പറയുന്നതു കേട്ടപ്പോഴാണ് ശ്യാമളയ്ക്കു കരയാന്‍ തോന്നിയത്. അഥവാ പാര്‍ട്ടി അവരെ കരയിപ്പിച്ചത്. ഒടുവില്‍ പൊതുയോഗം വിളിച്ച് മൂന്ന് പ്രമുഖ നേതാക്കളെ അണിനിരത്തി കുമ്പസരിക്കേണ്ടി വന്നത്. ഇനി ശ്യാമള അച്ചടക്ക നടപടിയുടെ 'ചാവേര്‍' ആവുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. ശ്യാമളയ്‌ക്കെതിരായ ജനവികാരം ശമിപ്പിക്കാന്‍ ഇതേ മാര്‍ഗമുള്ളൂ. അങ്ങിനെയൊരു 'ത്യാഗം' ശ്യാമളയെകൊണ്ട് ചെയ്യിക്കുകയാവും അടുത്ത നീക്കം. രാജി സന്നദ്ധത അവര്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത് രാജിക്കാര്യം കേട്ടിട്ടെങ്കിലും അസൂയാലുക്കള്‍ പത്തിമടക്കട്ടെ എന്നു കരുതിയാണ്.
പ്രവാസി സംരംഭകന് മുന്നിലിട്ട നിയമ നൂലാമാല ഉദ്യോഗസ്ഥന്റെ പരമാധികാരം കൊണ്ട് ഉണ്ടായതാണെന്നു വിശദീകരിക്കുമ്പോള്‍ ആന്തൂരിലെ തന്നെ പൂര്‍വകാല വിവാദങ്ങള്‍ മറുചോദ്യം ഉന്നയിക്കുന്നുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ മകന്‍ പുതുശേരി കോറോത്ത് ജയ്‌സണ്‍ ഡയരക്ടറായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി റിസോര്‍ട്ട് നിര്‍മിക്കുന്നത് കുന്നിടിച്ചു നിരത്തി നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണെന്ന് ഇതേ ആന്തൂരില്‍ ആരോപണമുയര്‍ന്നത് കഴിഞ്ഞ വര്‍ഷമാണ്.
അനധികൃത നിര്‍മാണത്തിനെതിരേ പാര്‍ട്ടിക്കകത്തും വലിയ പ്രതിഷേധമുയര്‍ന്നു. കുന്നിടിച്ചുള്ള നിര്‍മാണത്തിന്റെ പരിസ്ഥിതി ആഘാത വിയോജിപ്പ് ശാസ്ത്ര സാഹിത്യ പരിഷത്തും ജില്ലാ കലക്ടറെ രേഖാമൂലം അറിയിച്ചു. ആയുര്‍വേദ ആശുപത്രി കൂടി ഉള്‍പ്പെട്ട ഈ കുന്നിടിച്ച പദ്ധതിക്ക് പക്ഷെ ആന്തൂര്‍ നഗരസഭ അനുമതി നല്‍കുക തന്നെയാണ് ചെയ്തത്. എല്ലാം നിയമപ്രകാരമെന്നാണ് വിശദീകരണം. വിവാദ കണ്‍വന്‍ഷന്‍ സെന്ററിന്റെ സമീപത്ത് ഭാവിയില്‍ കൂടുതല്‍ വികസന സാധ്യത ലക്ഷ്യം വയ്ക്കുന്ന ഈ സംരംഭം പരസ്പരം വ്യാപാര മത്സര വേദിയാവുമെന്ന് ഉറപ്പാണ്.
ആത്മഹത്യ ചെയ്ത പ്രവാസിയുടെ ബക്കളത്തെ കണ്‍വന്‍ഷന്‍ സെന്റര്‍ അത്യാധുനിക സജ്ജീകരണമുള്ളതാണ്. വാഹന പാര്‍ക്കിങ്ങിന് ഉള്‍പ്പെടെ ഇവിടെയുള്ള സൗകര്യം മികച്ചത്. വാസ്തുശില്‍പ ചാരുതയിലും വേറിട്ട നിര്‍മാണം. ഇത്തരമൊരു പ്രവാസി സംരംഭം പാര്‍ട്ടിയുടെ വ്യവസായ നയമനുസരിച്ച് ഒരിക്കലും നിരുല്‍സാഹപ്പെടുത്തേണ്ടതല്ല. ആരെയും കൈയയച്ച് സഹായിക്കുന്ന സാജന്‍ പാര്‍ട്ടി അനുഭാവിയെന്ന നിലയില്‍ പാര്‍ട്ടിക്ക് അനഭിമതനുമല്ല. പക്ഷെ പി. ജയരാജനെപ്പോലുള്ള നാട്ടുകാരുമായി ബന്ധമുള്ള ഒരാളായാണ് സാജന്‍ അറിയപ്പെട്ടത്. അദ്ദേഹത്തിനു വേണ്ടി പി. ജയരാജന്‍ മുനിസിപ്പാലിറ്റിയില്‍ ഇടപെട്ടുവെന്നത് പരസ്യമായ കാര്യമാണ്. മുഖ്യമന്ത്രിയെ സമീപിച്ചിരുന്നുവെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും സംഗതി നടന്നില്ല. മുനിസിപ്പാലിറ്റിയുടെ കാര്യത്തിന് അതിനു മുകളിലെന്തിനു പോയെന്ന് ചെയര്‍പേഴ്‌സണ്‍ ചോദിച്ചുവെന്ന് ആക്ഷേപമുണ്ട്്.
അലിഖിതമായി സി.പി.എം ഉണ്ടാക്കിയ'ചട്ട'മനുസരിച്ച് അതത് പ്രാദേശിക പാര്‍ട്ടി ഘടകമാണ് മേലധികാരി. അങ്ങനെയിരിക്കെ പി. ജയരാജനെന്തു കാര്യമെന്ന് ശ്യാമള ഒറ്റയ്ക്കല്ല ചിന്തിക്കുക. ആന്തൂരിലെ പാര്‍ട്ടിയാണ്. നഗരസഭയെ നയിക്കുന്ന സബ് കമ്മിറ്റിയാണ്. അതുകൊണ്ടാണ് ശ്യാമള പാര്‍ട്ടിയുടെ മുന്നില്‍ പറയാനുള്ളത് പറഞ്ഞു എന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നത്.
ശ്യാമളയുടെ ഭര്‍ത്താവ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടിയിലെ സൈദ്ധാന്തിക പ്രഭാഷകന്‍ കൂടിയാണ്. വി.എസ്- പിണറായി വിഭാഗീയ നീക്കങ്ങളിലെല്ലാം നിഷ്പക്ഷവാനായി നിലകൊണ്ട വ്യക്തിയുമാണ്. ഇ.പി ജയരാജന്‍ ദേശാഭിമാനിയുടെ ചുമതലയിലുണ്ടായിരുന്നപ്പോള്‍ മദ്യമാഫിയയില്‍നിന്ന് പരസ്യം സ്വീകരിച്ച വിവാദമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്.
ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ പാളിച്ചയുണ്ടായി എന്ന നിലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിയില്‍ മുഖ്യമന്ത്രിക്ക് നേരെ വിരല്‍ ചൂണ്ടി ചര്‍ച്ച നടക്കവെയാണ് എല്ലാ ശ്രദ്ധയും തിരിച്ചു വിടുന്ന നിലയില്‍ കണ്ണൂരില്‍ ആന്തൂര്‍ വിവാദമായിരിക്കുന്നത്. ശബരിമല വിഷയത്തില്‍ പാളിച്ചയുണ്ടായെന്ന് പാര്‍ട്ടിയില്‍ ആദ്യം തുറന്നുപറഞ്ഞത് ഗോവിന്ദന്‍ മാസ്റ്ററാണ്.
ഇ.പി ജയരാജനുമായും ജയരാജന്റെ ഭാര്യാസഹോദരിയായ പി.കെ ശ്രീമതിയുമായും ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തിന്റെ പുക ആദ്യം ഉയര്‍ന്നതും തളിപ്പറമ്പ് മേഖലയില്‍ നിന്നായിരുന്നു. ശ്യാമളയെ സ്റ്റേജിലിരുത്തി അവര്‍ക്കു വീഴ്ച പറ്റിയെന്ന് പരസ്യമായി പ്രസ്താവിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ഗോവിന്ദന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ ഇതേക്കുറിച്ച് സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും നടക്കുന്ന ചര്‍ച്ച രൂക്ഷമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."