ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് സന്നദ്ധസംഘടനകളുടെ കൈത്താങ്ങ്
കോഴിക്കോട്: ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 23 വൃദ്ധരില്‍ നാലുപേരെ വിവിധ സന്നദ്ധസംഘടനകള്‍ ഏറ്റെടുത്തു. സന്നദ്ധസംഘടനാ ഭാരവാഹികള്‍ ഇന്നലെ ആശുപത്രിയിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയി. ബാക്കിയുള്ള 19 പേരില്‍ നാലുപേരെ ഏറ്റെടുക്കാമെന്ന് വയനാട്ടില്‍ നിന്നുള്ള സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ഒരാളെ ഇപ്പോള്‍ ആശുപത്രിയില്‍ പരിചരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിതന്നെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
24ന് കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തിനു ശേഷം ഇവരെ കൊണ്ടുപോകും. അതേസമയം മലയാളികളായ പത്തുപേരുടെ വിവരങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ അന്വേഷത്തില്‍ ശേഖരിച്ചിട്ടുണ്ട്. മധ്യപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും കൂട്ടത്തിലുണ്ട്. ചിലര്‍ക്ക് ഓര്‍മ നഷ്ടപ്പെട്ടതിനാല്‍ കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കാനുമാകുന്നില്ല.
പലരെയും ചികിത്സയ്ക്കായി ബന്ധുക്കള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചുരുക്കം ചിലരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ചിലരെ തെരുവില്‍ നിന്നും എത്തിച്ചതായിരുന്നു. പത്തുദിവസം മുതല്‍ ആറുമാസം വരെയായി ഇവിടെ കഴിയുന്നവരുണ്ട്. 11, 22, 24, 12, 18 തുടങ്ങി 12 വാര്‍ഡുകളിലായിട്ടാണിവര്‍ ഉള്ളത്.
തെരുവിന്റെ മക്കള്‍ എന്ന സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ വിവരം ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അതോറിറ്റി സെക്രട്ടറി എം.പി ജയരാജ് ആശുപത്രിയിലെത്തി രോഗികളില്‍ നിന്ന് നേരിട്ടുവന്ന വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ബന്ധുക്കള്‍ ഉണ്ടായിട്ടും സംരക്ഷിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും വയോജന സുരക്ഷ നിയമപ്രകാരം ഇവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പത്ത് പേരില്‍ നിന്നാണ് അദ്ദേഹം വെള്ളിയാഴ്ച വിവരങ്ങള്‍ ശേഖരിച്ചത്. ബാക്കിയുള്ളവരില്‍ നിന്ന് ഇന്നലെ വളണ്ടിയര്‍മാര്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ യു.വി ജോസിനു സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."