കിഫ്ബി: കൊമ്പുകോര്‍ത്ത് സര്‍ക്കാരും പ്രതിപക്ഷവും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജി വിവാദത്തില്‍ കൊമ്പുകോര്‍ത്ത് സര്‍ക്കാരും പ്രതിപക്ഷവും. നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ധനമന്ത്രി പരസ്യമാക്കിയതിനെതിരേ രാഷ്ട്രപതിക്ക് ഉള്‍പ്പെടെ പരാതി നല്‍കാനാണ് പ്രതിപക്ഷ ആലോചന.
ഇതുസംബന്ധിച്ച് പ്രതിപക്ഷം നിയമവൃത്തങ്ങളുമായി കൂടിയാലോചന നടത്തുകയാണ്. സി.എ.ജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഗുരുതര ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
വിഷയം നിയമസഭയിലെത്തി വിവാദമുണ്ടാകുന്നതിന് മുന്‍പ് മുന്‍കൂര്‍ ജാമ്യമെന്ന നിലയ്ക്കാണ് ധനമന്ത്രി ഇപ്പോള്‍ രംഗത്തെത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. ഇന്നലെ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും ധനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
അതിനിടെ, കിഫ്ബിയെ ഓഡിറ്റ് നടത്താന്‍ സി.എ.ജി വേണ്ടെന്ന നിലപാട് 2006ലെ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതായി ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് കൊച്ചിയില്‍ പറഞ്ഞു.
ഈ തീരുമാനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കിഫ്ബിയുടെ ഭരണഘടനാവകാശം
ഇല്ലാതാക്കാന്‍ ശ്രമം'
കൊച്ചി: കിഫ്ബിയുടെ ഭരണഘടനാവകാശം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരട് റിപ്പോര്‍ട്ടിന്റെ മറവില്‍ സി.എ.ജി അസംബന്ധം എഴുന്നള്ളിച്ചാല്‍ തുറന്നുകാണിക്കും. കരട് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. കിഫ്ബിക്കെതിരേ മൂന്നാംവട്ടവും കേസ് നല്‍കിയത് നാട്ടിലെ ക്ഷേമപ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണ്. അതില്‍ സി.എ.ജിയെയും കക്ഷിയാക്കി. കിഫ്ബി വഴി നടത്തിയ പദ്ധതികളില്‍ എന്ത് അഴിമതിയാണ് നടന്നതെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വ്യക്തമാക്കണം.
യു.ഡി.എഫ് കാലത്ത് 2002ലും 2006ലും സി.എ.ജി ഓഡിറ്റ് വേണ്ടെന്നുവച്ചു. കിഫ്ബിക്ക് സ്വന്തമായി ഓഡിറ്റ് സംവിധാനമുണ്ടെന്നായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ മറുപടി. ലാവ്‌ലിന്‍ കരാര്‍ സംബന്ധിച്ച് സി.എ.ജിയുടെ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് പത്തുകൊല്ലം കഴിഞ്ഞിട്ടും ചിലര്‍ മുതലെടുപ്പിന് ഉപയോഗിച്ചത് കരട് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ്.
ഇ.ഡിയെയും മറ്റും ഉപയോഗിച്ച് സൂത്രപ്പണികള്‍ നടത്തുന്നതുപോലെ സി.എ.ജിയെയും ഉപയോഗിക്കാമെന്ന ബി.ജെ.പിയുടെ വിചാരം കേരളത്തില്‍ നടക്കില്ല. ബി.ജെ.പിയുടെ ഭീഷണിയൊന്നും ഇവിടെ വേണ്ട. അതൊക്കെ വടക്കേ ഇന്ത്യയില്‍ മതിയെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രിക്ക് മുട്ടിടിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബിയുടെ മറവില്‍ നടക്കുന്ന അഴിമതിയും കൊള്ളയും പിടിക്കപ്പെടുമെന്നായപ്പോള്‍ ധനമന്ത്രി തോമസ് ഐസക്കിന് മുട്ടിടിച്ചുതുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനാലാണ് ഭരണഘടനാ സ്ഥാപനമായ സി.എ.ജിക്കെതിരേ അദ്ദേഹം ചന്ദ്രഹാസമിളക്കുന്നത്. സ്വര്‍ണക്കടത്തും മയക്കുമരുന്ന് കച്ചവടവും കാരണം സംസ്ഥാന മന്ത്രിസഭയും സി.പി.എമ്മും നേരിടുന്ന അതീവ ഗുരുതര പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് തോമസ് ഐസക് കിഫ്ബി സംബന്ധിച്ച വിവാദം കുത്തിപ്പൊക്കുന്നത്. രാഷ്ട്രീയ ദുഷ്ടലാക്കോടെ ഏതറ്റംവരെയും തരംതാഴാന്‍ മടിയില്ലാത്ത ആളായി അദ്ദേഹം മാറി.
സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് പുറത്തുവിട്ട ധനമന്ത്രി നിയമസഭയെ അവഹേളിക്കുകയും സഭയുടെ അവകാശങ്ങളെ ലംഘിക്കുകയും ചെയ്തിരിക്കുകയാണ്. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തില്‍പോലും സി.എ.ജി റിപ്പോര്‍ട്ട് ഒരു മന്ത്രി ചോര്‍ത്തിയിട്ടില്ല. വിഷയത്തില്‍ ലാവ്‌ലിന്‍ കേസിനെ വലിച്ചിട്ടതോടെ ധനമന്ത്രി പിണറായി വിജയനെയാണ് ലക്ഷ്യംവയ്ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."