ജനങ്ങളോട് സംവദിക്കാന്‍ ഗൃഹസന്ദര്‍ശനവുമായി സി.പി.എം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നഷ്ടപ്പട്ട ജനപിന്തുണ വീണ്ടെടുക്കാന്‍ തെറ്റുതിരുത്തി മുന്നോട്ടുപോകണമെന്ന് സി.പി.എം സംസ്ഥാന സമിതി.
ഇതിന്റെ ഭാഗമായി അടുത്തമാസം 22 മുതല്‍ 28 വരെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ബ്രാഞ്ചുതലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളുമായി സംവദിക്കും. നേരത്തേ ഇടതുമുന്നണിക്ക് വോട്ട് ചെയ്തിരുന്നവര്‍ ഈ തെരഞ്ഞെടുപ്പില്‍ മാറി വോട്ട് ചെയ്ത സാഹചര്യം പരിശോധിക്കും. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച പ്രധാന ഘടകങ്ങളില്‍ ഒന്നായിരുന്നുവെന്ന പാര്‍ട്ടി വിലയിരുത്തല്‍ സി.പി.എം സംസ്ഥാന സമിതിയില്‍ നേതാക്കള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ പല നടപടികളും വിശ്വാസീസമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കി. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും വിശ്വാസികളുടെ പ്രതിഷേധം ദോഷമാകുമെന്ന് കാണാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. പാര്‍ട്ടിയില്‍നിന്ന് അകന്നുപോയ ജനവിഭാഗത്തെ മടക്കിക്കൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പട്ടു. കേന്ദ്ര കമ്മിറ്റിയുടെ തെരെഞ്ഞടുപ്പ് അവലോകന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയും ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളുമായി സംസ്ഥാന നേതൃത്വം മുന്നോട്ടുപോകണമെന്ന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."