ലോക്കപ്പ് മുറിയുടെ സ്മരണയുമായി വീരണകാവ് വില്ലേജ് ഓഫിസ്
കാട്ടാക്കട: ലോക്കപ്പിന്റെയും ഇടി മുറിയുടെയും സ്മരണകളും നൊമ്പരങ്ങളുമായി ഒരു ഓഫിസ്. വീരണകാവ് വില്ലേജ് ഓഫിസ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലം പഴയ ലോക്കപ്പ് മുറി ഉള്‍പ്പടെയുള്ള പൊലിസ് സ്‌റ്റേഷന്‍ ആയിരുന്നുവെന്നത് ഭീതിയോടെ പഴയ തലമുറ ഓര്‍ക്കുന്നു.
കാട്ടാക്കട ചന്തയ്ക്കടുത്തുള്ള ഈ മന്ദിരം രാജഭരണകാലം മുതല്‍ പൊലിസ് സ്റ്റേഷന്‍ ആയിരുന്നു. മലയോരഗ്രാമങ്ങളിലെ കുറ്റക്യത്യങ്ങള്‍ പെരുകിയപ്പോഴാണ് രാജാവ് ഇവിടെ പൊലിസ് സ്റ്റേഷന്‍ സ്ഥാപിച്ചത്. മലയിന്‍കീഴ് മുതല്‍ അങ്ങ് അമ്പൂരി വരെയും അത് ചുറ്റി ആര്യനാടും കടന്ന് വിതുര, പൊന്‍മുടി ഭാഗങ്ങളും ഉള്‍പ്പെടുന്ന വിശാലമായ അതിരുമായി പൊലിസ് സ്റ്റേഷന്‍ നിലവില്‍ വന്നു.
അഗസ്ത്യമലയ്ക്ക് താഴെയുള്ള തേയിലതോട്ടത്തിന്റെയും പൊന്‍മുടി തേയിലതോട്ടത്തിന്റെയും ഉടമകളായ ബ്രിട്ടീഷുകാരുടെ പ്രത്യേക താല്‍പ്പര്യവും ഈ സ്റ്റേഷന്‍ വരുന്നതിന് കാരണമായിരുന്നു. അന്ന് പൊലിസുകാര്‍ കുതിരവണ്ടിയിലുംകാളവണ്ടികളിലും പോയാണ് കേസുകള്‍ കൈകാര്യം ചെയ്തിരുന്നത്. മോഷണം, കത്തികാണിച്ച് ഭീഷണിപ്പെടുത്തല്‍, തുടങ്ങിയവ ആയിരുന്നു കുറ്റക്യത്യങ്ങളായി അന്ന് നടന്നിരുന്നത്. തേയില തോട്ടങ്ങളില്‍ ഉടമയ്ക്ക് അനുകൂലമായേ അന്ന് തീരുമാനം എടുത്തിരുന്നുള്ളു. കാട്ടാക്കടയുടെ പഴയ പേരായ കുളത്തുമ്മല്‍ എന്ന പേരിലായിരുന്നു പൊലിസ് സ്റ്റേഷന്‍ അറിയപ്പെട്ടിരുന്നത്. കാട്ടാക്കട ചന്തയില്‍ നടന്നിരുന്ന ഗുണ്ടായിസം ഇല്ലാതാക്കാന്‍ പൊലിസിന് കഴിഞ്ഞിരുന്നുവെന്ന് രേഖകള്‍ കാണിക്കുന്നു.
ജനാധിപത്യം വന്നപ്പോഴും കുറെ വര്‍ഷം ഇവിടെ തന്നെയായിരുന്നു പൊലിസ് സ്റ്റേഷന്‍. സ്വാതന്ത്ര്യസമരകാലത്ത് പൊന്നറശ്രീധറെ പോലുള്ള പോരാളികളെ മര്‍ദിക്കുന്നതിലും അവരെ ഒതുക്കുന്നതിലും പൊലിസുകാര്‍ പ്രയത്‌നിച്ചിരുന്നതായി പഴയ തലമുറ സ്മരിക്കുന്നു. ചന്തസമരത്തിലും മറ്റും സമരം ചെയ്തവരെ മര്‍ദിച്ചതും അതിന് പിന്നെ വന്‍ പ്രക്ഷോഭവും നടന്നിരുന്നു. അന്നത്തെ ഗൂണ്ടാചട്ടമ്പിയായ അപ്പാകണ്ണ് ചട്ടമ്പിയെ ഒതുക്കിയ സംഭവം അന്ന് വന്‍ വാര്‍ത്തയായി പരന്നിരുന്നു.
കാട്ടാക്കട ചന്തയില്‍ വരുന്ന കര്‍ഷകരെ റോഡ് സൈഡില്‍ ഒളിച്ചിരുന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം എടുക്കുകയാണ് അന്ന് ചെയ്തിരുന്നത്. മാത്രമല്ല തേയില, റബര്‍ തോട്ടസമരങ്ങളില്‍ മുതലാളിയ്ക്ക് ഒപ്പം നിന്ന് അടിച്ചമര്‍ത്തിയത് ചിലര്‍ ഇന്നും സ്മരിക്കുന്നു. അന്ന് എസ്.ഐ അധികാരം ഉണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഒരു പ്രതിയെ ലോക്കപ്പില്‍ സൂക്ഷിച്ചിരുന്നതും ആ പ്രതി രാത്രി ലോക്കപ്പ് ചാടി രക്ഷപ്പെട്ടതും അന്ന് വലിയ സംഭവമായിരുന്നു. പിറ്റേന്ന് ആ പ്രതി അടുത്തുള്ള വീട്ടിലെ മരത്തില്‍ തുങ്ങി മരിച്ചു. തന്റെ കൈയിലെ വിലങ്ങ് അഴിച്ച് മാറ്റാന്‍ കഴിയാത്തതിനാലാണ് ഇയാള്‍ തൂങ്ങിയത്.
കേരളപ്പിറവിയക്ക് ശേഷം കുറെ നാള്‍ സ്റ്റേഷന്‍ ഇവിടെ തന്നെയായിരുന്നു. പിന്നീടാണ് 1960കള്‍ക്ക് ശേഷം സ്റ്റേഷന്‍ കാട്ടാക്കട- നെയ്യാര്‍ഡാം റോഡിലേയ്ക്ക് മാറ്റിയത്. നെയ്യാര്‍ഡാമിന്റെ നിര്‍മാണ ഘട്ടത്തില്‍ ഈ പൊലിസ് സ്റ്റേഷനാണ് നിയമപരിപലാനം കൈകാര്യം ചെയ്തിരുന്നത്. പിന്നെ വീരണകാവ് വില്ലേജ് ഓഫിസിന് ഈ മന്ദിരം കൈമാറി. പഴയ ലോക്കപ്പും ഇടിമുറിയും ഒക്കെ വില്ലേജ് ഓഫിസിന്റെ സാധനങ്ങള്‍ കൊണ്ടു നിറഞ്ഞു. ലോക്കപ്പ് മുറിയിലാണ് രസീത് അടക്കമുള്ളവ സൂക്ഷിച്ചിരുന്നത്. എന്നാല്‍ കാലപ്പഴക്കം കാരണം മന്ദിരം നശിച്ചുതുടങ്ങി. ചോര്‍ച്ചയും വന്നു. തുടര്‍ന്നാണ് പുതിയ മന്ദിരം നിര്‍മിക്കാന്‍ നടപടിയാത്. അതിനും എടുത്തു ഏറെ നാളുകള്‍.
ചിതലും പൊടിയും ചോര്‍ച്ചയും സ്യഷ്ടിച്ച വല്ലായ്മയില്‍ നിന്നും ആ പഴയ ലോക്കപ്പിന്റെ നീറുന്ന ഓര്‍മ്മയില്‍ നിന്നും മാറാതെ പുതിയ ഓഫിസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."