സ്വര്‍ണക്കടത്ത് കേസ്: ഇ.ഡി കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ എന്‍ഫോഴ്മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് ഇ.ഡി കേസെടുത്തത്. എട്ടു തവണ സ്വപ്നയുടെ മൊഴിയെടുത്തപ്പോഴും തനിക്കെതിരേ ആരോപണമില്ലായിരുന്നുവെന്നും തനിക്കെതിരേ കേസെടുത്തതിനു കാരണം രാഷ്ട്രീയ താല്പര്യങ്ങളാണെന്നും ശിവശങ്കര്‍ കോടതിയില്‍ ആരോപിച്ചിരുന്നു. കേസില്‍ മൂന്നു ഘട്ടങ്ങളിലായി ഇ.ഡിയുടെ കസ്റ്റഡിയില്‍ കോടതിയുടെ അനുമതിയോടെ ശിവശങ്കര്‍ ചോദ്യം ചെയ്യലിനു വിധേയനായിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കൗസര്‍ എടപ്പകത്താണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതേസമയം, സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടും ഡോളര്‍ കടത്ത് കേസിലുമായി റിമാന്‍ഡില്‍ കഴിയുന്ന എം. ശിവശങ്കറെ കസ്റ്റംസ് ഇന്നു ചോദ്യം ചെയ്യും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."