കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടി
കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ ജൂലൈ പത്തിന് മുന്‍പ് നടപടിയെടുക്കണം
തിരുവനന്തപുരം: കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതില്‍ ക്രമക്കേടും കാലതാമസവും വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പഞ്ചായത്ത് ഡയരക്ടറുടെ സര്‍ക്കുലര്‍.
കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളിലും ജൂലൈ പത്തിന് മുന്‍പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടിയെടുക്കണമെന്നും സര്‍ക്കുലറിലുണ്ട്. വീഴ്ചവരുത്തുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പേരും ശുപാര്‍ശയും സഹിതം ജൂലൈ 15 വൈകിട്ട് മൂന്നിന് മുന്‍പ് റശൃലരീേൃീളുമിരവമ്യമരേലെരശേീി@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ ലഭ്യമാക്കണം. മുന്‍ഗണനാക്രമം തെറ്റിക്കാതെയും 15 ദിവസത്തില്‍ കൂടുതല്‍ കാലതാമസമുണ്ടാക്കാതെയും കെട്ടിട നിര്‍മാണ അനുമതികള്‍ നല്‍കാന്‍ നടപടിയെടുക്കണം.
സമയപരിധിക്കുള്ളില്‍ കെട്ടിട നിര്‍മാണ അനുമതി ലഭിക്കാത്തവരുടെ പരാതി പരിശോധിക്കാനുള്ള കമ്മിറ്റി എല്ലാ ഗ്രാമപഞ്ചായത്തിലും രൂപീകരിച്ചിട്ടുണ്ടെന്നും യോഗംചേര്‍ന്ന് നടപടി സ്വീകരിക്കുന്നുണ്ടെന്നും പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് വിഭാഗം പരിശോധിച്ച് ഉറപ്പാക്കണം. അനുമതി വാങ്ങിയും അല്ലാതെയും നിര്‍മാണം പൂര്‍ത്തീകരിച്ച പല കെട്ടിടങ്ങള്‍ക്കും കെട്ടിട നമ്പര്‍, കെട്ടിട നിര്‍മാണ ക്രമവല്‍ക്കരണം എന്നിവ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതായും കെട്ടിട നമ്പര്‍ നിഷേധിക്കുന്നതായും പരാതികള്‍ ലഭിക്കുന്നുണ്ട്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാതലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് ജൂലൈ 31നകം അദാലത്തുകള്‍ സംഘടിപ്പിക്കണം. 2019 മെയ് 31 വരെ കെട്ടിട നിര്‍മാണ അനുമതി ലഭിക്കാത്തതും നിയമാനുസൃതം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും കെട്ടിട വിനിയോഗ അനുമതി, കെട്ടിട നമ്പര്‍ എന്നിവ ലഭിക്കാത്തതുമായ അപേക്ഷകളാണ് അദാലത്തിന് പരിഗണിക്കേണ്ടത്.
കേരള പഞ്ചായത്തീരാജ് നിയമത്തിലെ വകുപ്പ് 220 (ബി)പ്രകാരം എല്ലാ ഗ്രാമപഞ്ചായത്തുകളും നാഷണല്‍ ഹൈവേയോടോ സംസ്ഥാന ഹൈവേയോടോ ജില്ലാ റോഡുകളോടോ ചേര്‍ന്നുകിടക്കുന്ന ഭൂമിയില്‍ റോഡ് അതിര്‍ത്തിയില്‍ നിന്ന് മൂന്ന് മീറ്റര്‍ ദൂരത്തിനുള്ളില്‍ കെട്ടിട നിര്‍മാണം കര്‍ശനമായി നിരോധിക്കണം.
മൂന്ന് മീറ്റര്‍ ദൂരപരിധി ബാധകമാക്കേണ്ടതായ പഞ്ചായത്തിലെ മറ്റ് റോഡുകളും പൊതുവഴികളും ഏതെല്ലാമായിരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്ന് നിശ്ചയിക്കണം. ഇപ്രകാരം തയാറാക്കുന്ന റോഡ് ലിസ്റ്റ് പരസ്യപ്പെടുത്തണം. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് മുന്‍പ് പെര്‍മിറ്റ് വാങ്ങി നിര്‍മാണം നടത്തി നിയമാനുസൃതം പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്ക് നിയമപ്രകാരം കെട്ടിട നമ്പര്‍ അനുവദിക്കണം. ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ 'സങ്കേതം' മുഖേന മാത്രമേ കെട്ടിട നിര്‍മാണ അനുമതി അപേക്ഷകള്‍ സ്വീകരിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും പാടുള്ളൂ. ഇക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ ഉറപ്പുവരുത്തണം.
അനധികൃത കെട്ടിട നിര്‍മാണം തടയാന്‍ രൂപീകരിച്ച ജില്ലാതല സ്‌ക്വാഡിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എല്ലാ മാസവും 15നുള്ളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ പഞ്ചായത്ത് ഡയരക്ടര്‍ക്ക് ലഭ്യമാക്കണം. അപേക്ഷകളില്‍ അധിക വിവരങ്ങള്‍ ആവശ്യമെങ്കില്‍ ചട്ടപ്രകാരം നോട്ടിസ് നല്‍കണം. ന്യൂനതകള്‍ പരിഹരിച്ചാല്‍ എത്രയുംവേഗം പെര്‍മിറ്റ് നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."