ഉന്നത ഗൂഢാലോചന നടന്നെന്ന് സംശയം
തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പില്‍ ഉന്നത ഗൂഢാലോചന നടന്നെന്നു സംശയം. ട്രഷറിയിലെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ വീഴ്ച കണ്ടെത്തിയതിനു പിന്നാലെയാണ് മുഖ്യപ്രതി ബിജു ലാല്‍ പണം തട്ടിയതില്‍ ഉന്നത ഗൂഢാലോചന നടന്നെന്നുള്ള സംശയം ബലപ്പെടുന്നത്.
ട്രഷറി ഡയരക്ടറേറ്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം മറയാക്കി നടന്ന തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടാകാന്‍ സാധ്യതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാറിനെക്കുറിച്ച് കാസര്‍കോട് ജില്ലാ ട്രഷറി ഓഫിസര്‍ ട്രഷറി ഡയരക്ടറെ അറിയിക്കുന്നത് 2019 നവംബര്‍ 18നായിരുന്നു. ഒരു മാസത്തിനുള്ളില്‍ ഇതേ തകരാര്‍ മറയാക്കി ബിജു ലാല്‍ തട്ടിപ്പിനു തുടക്കമിട്ടതാണ് പ്രധാന ദുരൂഹത. ഓണ്‍ലൈന്‍ ഇടപാടിലെ തകരാര്‍ സംബന്ധിച്ച് ബിജു ലാലിന് എങ്ങനെ വിവരം ലഭിച്ചുവെന്നതും സംശയകരമാണ്.
പല മാസങ്ങളിലായി ഒന്‍പത് ഇടപാടുകളിലായി 74 ലക്ഷത്തോളം രൂപ പിന്‍വലിച്ചപ്പോഴും ട്രഷറി ഡയരക്ടറേറ്റ് ഇടപെട്ടില്ല. വലിയ തുക നഷ്ടമായിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കാത്തതും ഇടപെടാത്തതും ഗൂഢാലോചന നടന്നെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.
ട്രഷറി ഡയരക്ടറേറ്റിലെ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ചുമതല വഹിക്കുന്ന കംപ്യൂട്ടര്‍ ചീഫ് കോഡിനേറ്റര്‍ അടക്കമുള്ളവര്‍ ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണെന്നതും ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ട്രഷറി തട്ടിപ്പില്‍ നിലവില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."