കളത്തറ പാടശേഖരത്തില്‍ നെല്‍കൃഷിക്ക് നൂറുമേനി
വെള്ളറട: കളത്തറ പാടശേഖരത്തില്‍ നെല്‍കൃഷിക്ക് നൂറുമേനി വിളവ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നടത്തിയ നെല്‍കൃഷിക്ക് ഗംഭീരവിളവാണ് ലഭിച്ചത്. വെള്ളറട ഗ്രാമപഞ്ചായത്തില്‍ നെല്‍കൃഷിയിറക്കിയ ഏക പാടശേഖരമാണ് കളത്തറ. 35വര്‍ഷം മുന്‍പ് അന്യംനിന്ന നെല്‍കൃഷിയാണ് സര്‍ക്കാറിന്റ താല്പര്യ പ്രകാരം പുനരാരംഭിച്ചത്.
ഡോളിയെന്ന കര്‍ഷക പാടശേഖരത്ത് നിന്ന 35 വര്‍ഷം പഴക്കമുള്ള വൃക്ഷങ്ങള്‍ മുറിച്ച് മാറ്റിയാണ് പാടം കൃഷിയോഗ്യമാക്കിയത്. പാടശേഖരം ഒരുക്കാന്‍ ആവശ്യമായ തൊഴിലാളികളെ ലഭിച്ചെങ്കിലും ഞാറ് നടുന്നതിന് ആവശ്യമായ തൊഴിലാളികളെ ലഭിച്ചില്ല. തുടര്‍ന്ന് അമരവിള പാടശേഖരസമിതി പ്രസിഡന്റ് നടാന്‍ ആവശ്യമായ ഞാറും നടാനുള്ള തൊഴിലാളികളേയും നല്കി.
വിഷരഹിതമായ അരിയും ഭക്ഷണവും ഉല്‍പ്പാദിപ്പിക്കുക ലക്ഷ്യമിട്ടാണ് ഭാരിച്ച മുതല്‍മുടക്കി ഡോളിയെന്ന കര്‍ഷക നെല്കൃഷിചെയ്തതും നൂറ്മേനി വിളവ് ലഭിച്ചതും.
പൂര്‍ണമായും ജൈവവളപ്രയോഗത്തിലായിരുന്നു കൃഷി. കീടങ്ങളുടെയും പ്രാണികളുടെയും ശല്യം ഏറെ നേരിടേണ്ടിവന്നുവെങ്കിലും നല്ല വിളവ് ലഭിച്ചതിന്റെ സംതൃപ്തിയിലാണ് കര്‍ഷക.
ഇന്നലെ നടന്ന വിളവെടുപ്പിന്റ ഉദ്ഘാടനം വെള്ളറട ഫോസ്റ്റര്‍ മോമ്മോറിയല്‍ സി.എസ്.ഐ ചര്‍ച്ചിലെ ഡിസ്ട്രിക്ക് ചെയര്മാന് ഇബ്ബാസ് ദാനിയേല്‍ നിര്‍വഹിച്ചു. വൈസ് ചെയര്മാന് ഇ.ഷൈന്‍, ചര്‍ച്ച് കമ്മറ്റിയഗം യേശുദാനം, കൃഷി ഓഫിസര്‍ ബൈജു, കൃഷി അസിസ്റ്റന്റ് ദീപു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."