ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍ ജനപ്രതിനിധികളും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം
എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കി നല്‍കുന്നതിനെത്തിയ ജീവനക്കാര്‍ പകുതി സമയം ആകുമ്പോഴേക്കും മടങ്ങിപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.തന്ത്രപരമായി സ്ഥലം വിടാന്‍ നോക്കിയ കരാറ് കമ്പനിയുടെ കോഡിനേറ്ററെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഗുണഭോക്താക്കളും ചേര്‍ന്ന് തടഞ്ഞ് വെച്ചു.
ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കുന്നതിന് എരുമപ്പെട്ടി പഞ്ചായത്തിന് ഇന്നലെയും ഇന്നുമാണ് അനുവദിച്ചിരുന്ന ദിവസങ്ങള്‍. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വയോധികര്‍ ഉള്‍പ്പടെയുള്ള ഗുണഭോക്താക്കള്‍ ഇന്നലെ രാവിലെ ഏഴ് മണിമുതല്‍ വരിയില്‍ നിലയുറപ്പിച്ചിരുന്നു .എന്നാല്‍ ജീവനക്കാര്‍ 11 മണിയോടെയാണ് പുതുക്കല്‍ കേന്ദ്രമായ എരുമപ്പെട്ടി ഗവ: എല്‍.പി.സ്‌കൂളില്‍ എത്തിയത്. ടോക്കണ്‍ നല്‍കിയ 250 ഗുണഭോക്താക്കള്‍ക്കായി ഒരു കമ്പ്യൂട്ടര്‍ സിസ്റ്റം മാത്രമാണ് ഇവര്‍ കൊണ്ടുവന്നിരുന്നത്. പഞ്ചായത്ത് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരു കമ്പ്യൂട്ടര്‍ സിസ്റ്റം കൂടി എത്തിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും 2 മണിയോടെ സാങ്കേതിക പ്രശ്‌നം പറഞ്ഞ് കാര്‍ഡ് പുതുക്കല്‍ നടപടികള്‍ അവസാനിപ്പിച്ച് പോകാന്‍ ശ്രമിക്കുകയായിരുന്നു. 50 പേരുടെ പുതുക്കല്‍ മാത്രമാണ് ഈ സമയത്തിനുള്ളില്‍ നടന്നിരുന്നത്. ഇതിനെ തുടര്‍ന്ന് ജനപ്രതിനിധികളും ഗുണഭോക്താക്കളും ജീവനക്കാരുമായി വാക്കേറ്റവും ഉന്തു തള്ളും നടന്നു. ഇതിനിടയില്‍ കരാറെടുത്തിട്ടുള്ള കമ്പനിയുടെ കോഡിനേറ്റര്‍ ജീവനക്കാരുമായി സ്ഥലം വിടാന്‍ നോക്കിയത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി. ഇവരെ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍, വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും ഗുണഭോക്താക്കളും ചേര്‍ന്ന് തടഞ്ഞ് വെച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഡമ്മി കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ പകുതിയോളം ഗുണഭോക്താക്കള്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കാന്‍ കഴിഞ്ഞില്ല. ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ഡമ്മി കാര്‍ഡുകള്‍ ലഭിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതെന്നും ഞായറാഴ്ച കൂടി അനുവദിക്കാമെന്നും ലേബര്‍ ഓഫീസര്‍ പഞ്ചായത്ത് പ്രസിഡന്റിന് ഫോണിലൂടെ ഉറപ്പ് നല്‍കി. ഇന്നും നാളെയും തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നതിനാവശ്യ നടപടി സ്വീകരിക്കാമെന്നും ലേബര്‍ ഓഫീസര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ പോകാന്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."