പ്രവാസി വ്യവസായിയുടെ മരണം ആശങ്കപ്പെടുത്തുന്നത്: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്
കോഴിക്കോട്: കണ്ണൂരിലെ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവം മുഴുവന്‍ പ്രവാസികളെയും ആശങ്കപ്പെടുത്തുന്നതാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്. പ്രവാസികളില്‍ വലിയൊരു ശതമാനത്തോളം പേരും കഷ്ടപ്പാടിലാണ് ജീവിതം തള്ളിനീക്കുന്നത്. വിസിറ്റിങ് വിസ തട്ടിപ്പുകളില്‍ കുടുങ്ങി നിരവധി പേരാണ് ഗള്‍ഫ് നാടുകളില്‍ എത്തുന്നത്. ജോലി ഇല്ലാത്ത അവസ്ഥയില്‍ നിരവധി നാളത്തെ കഷ്ടപ്പാടിനൊടുവില് വിവിധ സംഘടകളുടെ സഹായത്തോടെ പിന്നീട് സ്വദേശത്തേക്ക് മടങ്ങേണ്ടി വരികയാണ് ഇത്തരക്കാര്‍. പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണതയും ലഹരി വസ്തുക്കളുടെ ഉപയോഗവും ഏറിവരികയാണ്. അതുകൊണ്ട് തന്നെ പ്രവാസികളെ ബോധവല്‍ക്കരിക്കുന്നതിനായി പരിപാടി സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പ്രവാസികളുടെ മൃതശരീരങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഇ.പി ജോണ്സണ് പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭിന്നശേഷിക്കാര്‍ക്കായി തുടങ്ങിയ അല്‍ ഇബ്തിസാം സ്കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഏജന്‍സിയേയും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇത്തരം തട്ടിപ്പുകളില്പെടാതിരിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലശ്ശേരി , ട്രഷറര്‍ കെ. ബാലകൃഷ്ണന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."