സ്വകാര്യ ഗ്രൂപ്പുകള്‍ 10,000 തീര്‍ഥാടകരെ സര്‍ക്കാര്‍ നിരക്കില്‍ ഹജ്ജിന് കൊണ്ടുപോകണം
നെടുമ്പാശേരി: സ്വകാര്യ ഗ്രൂപ്പുകള്‍ ഈ വര്‍ഷം10,000 തീര്‍ഥാടകരെ സര്‍ക്കാര്‍ നിരക്കില്‍ ഹജ്ജ് കര്‍മത്തിന് കൊണ്ടുപോകണമെന്ന് സുപ്രിംകോടതി. 60,000 സീറ്റുകളാണ് ഈ വര്‍ഷം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കായി അനുവദിച്ചത്. ഇതില്‍ ആറില്‍ ഒന്ന് ഭാഗം സീറ്റുകളില്‍ സര്‍ക്കാര്‍ നിരക്കില്‍ തീര്‍ഥാടകരെ കൊണ്ടുപോകണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ഈ വര്‍ഷം ഹജ്ജ് ക്വാട്ട വീതം വച്ച് നല്‍കിയതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഈ നിര്‍ദേശം സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഫെഡറേഷന് ഓഫ് ഹജ്ജ് പ്രൈവറ്റ് ടൂര്‍ ഓപ്പറേറ്റേഴ്സ് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹരജി തള്ളിയാണ് വിധി.
ഈ വര്‍ഷം സഊദി സര്‍ക്കാര്‍ അധികമായി അനുവദിച്ച 25,000 സീറ്റുകളില്‍നിന്ന് 10,000 സീറ്റുകളും സ്വകാര്യ ഗ്രൂപ്പുകള്‍ക്കായി നല്‍കിയിരുന്നു. സഊദി അധികമായി അനുവദിച്ച സീറ്റുകളില്‍ 40 ശതമാനവും സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കിയതോടെ കുറഞ്ഞ ചെലവില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള സാധാരണക്കാരുടെ അവസരമാണ് നഷ്ടപ്പെടുന്നതെന്ന ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ തീര്‍ഥാടകരെ ഹജ്ജ് കര്‍മത്തിനായി കൊണ്ടുപോകുന്നത് തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."