അപകടം വിട്ടൊഴിയാതെ ചേളാരി
തേഞ്ഞിപ്പലം: ദേശീയപാത താഴെ ചേളാരിയില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഇന്നലെ പുലര്‍ച്ച അഞ്ചോടെ കെ.എസ്.ആര്.ടി.സി ബസും കാറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്.
തൃശ്ശൂരില്‍ നിന്നും കണ്ണൂര്‍ പറശ്ശിനിക്കടവിലേക്ക് പോകുകയായിരുന്ന തീര്‍ഥാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട്ടു നിന്നും എറണാകുളത്തേക്കു പോകുകയായിരുന്നു കെ.എസ്.ആര്.ടിസി ബസ്. കാര്‍ യാത്രികരായ തൃശ്ശൂര്‍ മാള പള്ളിപ്പുറം ചേന്തിരുത്തി ബിജുവിന്റെ ഭാര്യ വൃഷിദ(28),കൊടകര വെട്ടിച്ചാല്‍ ചേമ്പുംചിറ വൈലിക്കട സുബ്രന്റെ ഭാര്യ രുഗ്മിണി(64) എന്നിവരാണ് മരിച്ചത്.
ദേശീയപാത താഴെ ചേളാരിയില്‍ പത്തു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ അപകടമാണ് ഇന്നലെയുണ്ടായത്. കഴിഞ്ഞ 11ന് ലോറിയിടിച്ച് ബൈക്ക് യാത്രികനായ കക്കോടി മോരിക്കര സ്വദേശി ലിബിന് ബാബു(26) മരിച്ചിരുന്നു. രണ്ടു അപകടങ്ങളും നടന്നത് ഒരേസ്ഥലത്തു വച്ചാണ്. ഈ മാസം തന്നെ ആദ്യവാരം മറ്റൊരു അപകടംകൂടി ചേളാരി അങ്ങാടിയിലുണ്ടായി.
ചേളാരി -ചെട്ടിപ്പടി റോഡിലായിരുന്നു ഈ അപകടം. റോഡരികില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ആള്‍കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറിയായിരുന്നു അപകടം. ഈ അപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റു രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയപാത കാക്കഞ്ചേരിക്കും പടിക്കലിനുമിടയില്‍ ഏകദേശം ഏഴു കിലോമീറ്റര്‍ ദൂരപരിധിയില്‍ മൂന്നു ആഴ്ചയ്ക്കുള്ളിലായി ആറിലേറെ അപകടങ്ങളാണുണ്ടായത്. ഇതില്‍ നാലുജീവനുകള്‍ പൊലിയുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പാണമ്പ്രയില്‍ ബൈക്ക് അപകടത്തില്‍ പെടുകയും എറണാകുളം സ്വദേശിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."