ദേശീയപാത-66 സ്ഥലം ഏറ്റെടുക്കല്‍: കയ്പമംഗലത്ത് സംഘര്‍ഷം
കയ്പമംഗലം: ദേശീയപാത-66 സ്ഥലം അളവെടുപ്പിനെതിരെ പെരിഞ്ഞനം കൊറ്റംകുളത്ത് നാട്ടുകാരുടെ പ്രതിഷേധം. ആത്മഹത്യാ ഭീഷണി മുഴക്കി പ്രകടനുവുമായെത്തിയ ഒന്‍പത് പേരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഇന്നുരാവിലെ ഒമ്പതരയോടെയാണ് കയ്പമംഗലം കാളമുറിയിലും, പെരിഞ്ഞനം കൊറ്റംകുളത്തുമായാണ് അളവെടുപ്പ് തുടങ്ങിയത്.
ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പാര്‍വതിദേവിയുടെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റുകളായി തിരിഞ്ഞായിരുന്നു അളവെടുപ്പ്. രാവിലെ കാളമുറിയില്‍ അളവെടുപ്പ് സുഗമമായി നടന്നുവെങ്കിലും കൊറ്റംകുളത്ത് അളവെടുപ്പ് നാട്ടുകാര്‍ ആദ്യം തടഞ്ഞെങ്കിലും പൊലിസെത്തി ഇവരെ പറഞ്ഞു വിടുകയായിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ പേര്‍ പ്രകടനമായെത്തി അളവെടുപ്പ് തടസപ്പെടുത്താന്‍ ശ്രമിച്ചത് പൊലിസ് തടഞ്ഞു.
ഇതിനിടെ പ്രകടനത്തിലുണ്ടായിരുന്ന താനത്ത്പറമ്പില്‍ നദീര്‍ കൈയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണയെടുത്ത് ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഉടന്‍ തന്നെ കയ്പമംഗലം എസ്.ഐ കെ.ജെ ജിനേഷ് ഇയാളെ പിടിച്ചുമാറ്റി പൊലിസ് വാഹനത്തില്‍ കയറ്റി. മറ്റുള്ളവരെയും മതിലകം എസ്.ഐ കെ.പി.മിഥുന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റു ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവമറിഞ്ഞ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ശക്തമായ എതിര്‍പ്പുമായെത്താനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."