ലോങ് മാര്‍ച്ചിനൊരുങ്ങി ജില്ലയിലെ കര്‍ഷകര്‍
പേരാമ്പ്ര: നിലനില്‍പ്പു പോലും ചോദ്യം ചെയ്യപ്പെടുന്ന കര്‍ഷകര്‍ ജീവിക്കാനുള്ള പോരാട്ടത്തിനൊരുങ്ങുന്നു. വനം-വന്യജീവി സംരംക്ഷണത്തിന്റെ മറവില്‍ കര്‍ഷകരെ വേട്ടയാടാന്‍ ആരെയും അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ലോങ് മാര്‍ച്ചിനു തയാറെടുക്കുകയാണു ജില്ലയിലെ കര്‍ഷക ജനത.
നവംബര്‍ അവസാനവാരത്തില്‍ കാവിലുംപാറയില്‍ നിന്നാരംഭിച്ച് പേരാമ്പ്ര, ബാലുശേരി, താമരശേരി, തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം നിയോജക മണ്ഡലങ്ങളുടെ മലയോര മേഖലകളിലൂടെ പദയാത്രയായി കോഴിക്കോട് കലക്ടറേറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്താന്‍ സംയുക്ത കര്‍ഷക സമരസമിതി തീരുമാനിച്ചു.
കക്ഷിരാഷ്ട്രീയത്തിനും ജാതി മത ചിന്തകള്ക്കതീതവുമായി എല്ലാവരെയും അണിനിരത്തിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി സംയുക്ത സമരസമിതിയുടെ വിപുലമായ നേതൃയോഗം ചക്കിട്ടപാറയില്‍ നടന്നു. പ്രത്യേക സ്റ്റിയറിങ് കമ്മിറ്റിക്കു രൂപം നല്കി.
മാര്‍ച്ച് കടന്നുപോകുന്ന പഞ്ചായത്തുകളില്‍ എല്ലാവരുടെയും സഹകരണം ഉറപ്പാക്കി കമ്മിറ്റികള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. അതിനുശേഷം വിപുലമായ സമര പ്രഖ്യാപന കണ്വന്ഷന് ചേരും. ഇതില്‍ ലോങ് മാര്‍ച്ച് ആരംഭിക്കുന്ന തിയതി പ്രഖ്യാപിക്കും. വന്യജീവികളുടെ ശല്യവും ഇതര കാര്‍ഷിക പ്രശ്നങ്ങളും പ്രധാന വിഷയമായി ഉന്നയിക്കും. പ്രശ്നങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എമാരുടെയും എം.പിമാരുടെയും ശ്രദ്ധയില്‍പെടുത്തും. പരിഹാര നടപടികള്‍ സര്‍ക്കാരിനെക്കൊണ്ട് സ്വീകരിപ്പിക്കാനുള്ള സഹായങ്ങളും തേടും.
മൃഗങ്ങള്‍ക്കല്ല, മനുഷ്യനാണ് പ്രഥമപരിഗണന നല്‍കേണ്ടതെന്ന കാര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയെന്നതും ലോങ് മാര്‍ച്ചിന്റെ ലക്ഷ്യമാണ്. സംയുക്ത സമരസമിതിയുടെ യോഗം ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി മാര്ട്ടിന് തോമസ് ഉദ്ഘാടനം ചെയ്തു.
സമിതി ചെയര്മാന് ജിതേഷ് മുതുകാട് അധ്യക്ഷനായി. കണ്‍വീനര്‍ ജോയി കണ്ണംചിറ, നേതാക്കളായ ഒ.ഡി തോമസ്, ബേബി കാപ്പുകാട്ടില്‍, കെ.ജെ ചെറിയാന്, സണ്ണി പാരഡൈസ്, ബാബു പുതുപ്പറമ്പില്‍, മനോജ് നാലാം കണ്ടം, ബേബി ഇയാലില്‍, വിനീത് പരുത്തിപ്പാറ, ജയിംസ് മാത്യു, ജോര്‍ജ് കുംബ്ലാനി, സുഭാഷ് തോമസ്, കുര്യന് ചെമ്പനാനി, ബാബു കൂനംതടം, ബോബന് വെട്ടിക്കല്‍, തോമസ് ആനത്താനം, ബാബു പൈകയില്‍, ലൈസ ജോര്‍ജ്, ടി.ഡി ഷൈല, രാജന് വര്‍ക്കി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."