കൊവിഡില്‍ രണ്ടും മൂന്നും തരംഗങ്ങളുണ്ടാവാം; ജാഗ്രത കൈവിട്ടാല്‍ അപകടമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കൊവിഡിന് രണ്ടാമതും മൂന്നാമതും തരംഗങ്ങളുണ്ടാവാം എന്നും അതിനാല്‍ ജാഗ്രതയില്‍ വിട്ടുവീഴ്ചപാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യത്തെ തരംഗത്തേക്കാള്‍ കൂടുതല്‍ രൂക്ഷമായ വ്യാപനം രണ്ടാം തരംഗത്തില്‍ ഉണ്ടാവാമെന്നും അമേരിക്കയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടാവുന്നത് ഇപ്പോള്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കാലം പ്രധാനമാണ്. കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുവേണം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍. കൈപിടിക്കലും കെട്ടിപ്പിടക്കലുമെല്ലാം സ്ഥാനാര്‍ഥികള്‍ പൂര്‍ണമായും ഒഴിവാക്കണം.
പ്രായാധിക്യം ഉള്ളവരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. നിരവധി വീടുകള്‍ സന്ദര്‍ശിക്കുന്നതിനാല്‍ പ്രചാരണത്തിന് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധ എടുക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവര്‍ക്കായി പ്രത്യേക പ്രോട്ടോക്കോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇറക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കുക. എന്നതാണ് ഇതില്‍ പ്രധാനം.
ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ജനുവരി 24-ന് ഇവിടെ കൊവിഡ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിരുന്നു. രാജ്യത്താദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനം കേരളമാണ്. എന്നാല്‍ ആദ്യത്തെ കേസില്‍ നിന്നും ഒരാളിലേക്ക് പോലും രോഗം പകരാതെ പ്രതിരോധിക്കാന്‍ പറ്റി. 156 ദിവസം കൊണ്ടാണ് 5000 കേസുകള്‍ ആയത്.
വളരെ പെട്ടെന്ന് പലയിടത്തും രോഗം പകര്‍ന്നെങ്കിലും അതീവ ജാഗ്രത മൂലം രോഗവ്യാപനം പിടിച്ചു നിര്‍ത്താനായതായും അവകാശപ്പെട്ടു. ആ സമയത്തിനിടയ്ക്ക് ചികിത്സാ സംവിധാനങ്ങള്‍ കൃത്യമായി വികസിപ്പിക്കാന്‍ നമുക്കായി. അതുകൊണ്ടുണ്ടായ ഗുണം പിന്നീട് രോഗവ്യാപനം ഉച്ഛസ്ഥായിയില്‍ എത്തിയപ്പോഴും മരണസംഖ്യ കുറച്ച് നിര്‍ത്താന്‍ സാധിച്ചുവെന്നും സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."