പി. ജയരാജന്‍ ശ്യാമളക്കെതിരെ നടപടി പ്രഖ്യാപിച്ചു, പാര്‍ട്ടി തിരുത്തി; കണ്ണൂരിലെ വിഭാഗീയത ഇങ്ങനെ
കോഴിക്കോട്: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിലെ തിരുത്തല്‍ നടപടിക്ക് തടസം വിഭാഗീയത തന്നെയെന്ന് സൂചന. ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്നും ഉചിതമായ നടപടി പാര്‍ട്ടി ഉടന്‍കൈക്കൊണ്ട് ജനങ്ങളെ അറിയിക്കുമെന്നും മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ പി. ജയരാജന്‍ പരസ്യമായി പൊതുയോഗത്തില്‍ പ്രഖ്യാപിച്ചിട്ട് മൂന്നു ദിവസം പിന്നിട്ടു.
പി.കെ ശ്യാമള രാജിക്കത്ത് നല്‍കിയ കാര്യം ജില്ലാ സെക്രട്ടറി കൂടിയായ എം.വി ജയരാജനും പൊതുസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പി.കെ ശ്യാമളക്കെതിരേയുള്ള നടപടി സ്വീകരിച്ചാല്‍ അത് പി. ജയരാജന്റെ വിജയമായി വിലയിരുത്തപ്പെടുമെന്ന തിരിച്ചറിവാണ് സംസ്ഥാന കമ്മിറ്റി നടപടിയില്‍ നിന്നും തല്‍ക്കാലം പിന്നോട്ടുപോകാന്‍ കാരണമെന്നാണ് അറിയുന്നത്.
പി.കെ ശ്യാമളക്കെതിരേയുള്ള നടപടിയുണ്ടാകുമെന്ന സൂചന തന്നെയായിരുന്നു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും ആദ്യം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ എടുക്കുന്ന ഏത് നടപടിയും പി. ജയരാജന് ശക്തിപകരുമെന്ന തിരിച്ചറിവിലാണ് സംസ്ഥാന നേതൃത്വത്തെ അച്ചടക്ക നടപടിയില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതും.
ധര്‍മ്മശാലയില്‍ സി.പി.എം പൊതുയോഗത്തിനിടെ വേദിയില്‍ ശ്യാമള ഇരിക്കേ, പരസ്യമായി പി. ജയരാജന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കുകയല്ല ജനപ്രതിനിധികളുടെ പണിയെന്ന് ജയരാജന്‍ പറഞ്ഞിരുന്നു. ജനപ്രതിനിധികള്‍ക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനായില്ലെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത സെക്രട്ടറിയാണ് ആന്തൂരിലേതെന്നും പി. ജയരാജന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."