രോഗമുക്തി നേടിയവരില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രം: കൊച്ചുകുഞ്ഞുങ്ങളിലും രോഗം കൂടുന്നു
തിരുവനന്തപുരം: കൊവിഡ് രോഗമുക്തി നേടിയവരില്‍ ശാരീരിക അവശതകള്‍ തുടരുന്ന പോസ്റ്റ് കൊവിഡ് സിന്‍ഡ്രം കൂടുതലായി കാണുന്നതായി മുഖ്യമന്ത്രി. കൊച്ചുകുഞ്ഞുങ്ങളിലടക്കം ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ കൊവിഡ് രോഗം മാറിയവര്‍ വളരെ ശ്രദ്ധ തുടരണം. സര്‍ക്കാര്‍ ആരംഭിച്ച പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സേവനം ആവശ്യം ഉള്ളവരെല്ലാം ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യം സന്തോഷം തരുന്നതാണ്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിന്റെ ഭാഗമായി ഒരു വിശ്രമം കിട്ടുന്നില്ല. അവര്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരുന്നു.
ഇതോടൊപ്പം മതപരമായ ആഘോഷങ്ങള്‍, തീര്‍ത്ഥാടനം എന്നിവ വഴിയുള്ള വലിയ ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണം.
കര്‍ക്കശമായ രീതിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിട്ടും തിരുപ്പതി ക്ഷേത്രത്തില്‍ കൊവിഡ് വ്യാപനം ഉണ്ടായ അനുഭവം നമ്മുടെ മുന്നിലുണ്ട്. രാജ്യത്തെമ്പാടുനിന്നും ആളുകള്‍ വരുന്ന സ്ഥലമായത് കൊണ്ട് അവിടെ നിന്നുള്ള വ്യാപനവും രാജ്യവ്യാപകമായിരിക്കും എന്ന അപകടമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വേണം നാം ശബരിമല തീര്‍ത്ഥാടനം നടത്താന്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍ദേശിക്കുന്ന ജാഗ്രത എല്ലാവരും പാലിക്കണം. ആളുകള്‍ കൂട്ടംകൂടിയിരിക്കാനും തൊട്ടുനടക്കാനോ ഇരിക്കാനോ ഒന്നും പാടില്ല. ഒരോദിവസവും കടത്തി വിടുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിന് പരിധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."