രാജീവ്ഗാന്ധി വധം: തമിഴ്‌നാട് വീണ്ടും സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷയില്‍ ഇളവുവേണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഏഴുപേരുടെ ശിക്ഷ ഇളവുചെയ്യാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് ഇന്നലെ ഹരജി നല്‍കിയത്.
ശിക്ഷാ ഇളവിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനു വേണം. കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞാല്‍ മതി. കഴിഞ്ഞ ഡിസംബര്‍ മൂന്നിലെ വിധിയില്‍ ഇളവുചെയ്യാനുള്ള അന്തിമാധികാരം കേന്ദ്രത്തിനാണെന്നു പറയുന്നില്ലെന്നും തമിഴ്‌നാട് വാദിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച് അവരുടെ അനുമതിയോടെ മോചിപ്പിക്കാവുന്നതാണെന്നാണ് ഡിസംബറില്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്. ഇന്ത്യന്‍ കുറ്റകൃത്യനിയമം 435 (2) പ്രകാരം ഇത്തരം സാഹചര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും യോജിപ്പിലെത്തണമെന്നാണു പറയുന്നത്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഏജന്‍സി അന്വേഷണം നടത്തിയ കേസില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ശിക്ഷ ഇളവുനല്‍കുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതു കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ അനുമതിയോടെ വിഷയത്തില്‍ തമിഴ്‌നാടിനു തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വധശിക്ഷ ഇളവുചെയ്തു ജീവപര്യന്തമാക്കിയവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കാന്‍ ജസ്റ്റിസുമാരായ എഫ്.എം ഇബ്‌റാഹീം ഖലീഫുല്ല, പിനാകി ചന്ദ്രഘോഷ്, എ.എം സപ്രെ, യു.യു ലളിത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിനെയും സുപ്രിംകോടതി അന്നു ചുമതലപ്പെടുത്തിയിരുന്നു.
1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന മുരുകന്‍, പേരറിവാളന്‍, സാന്തന്‍ എന്നിവരുടെ ശിക്ഷ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സുപ്രിംകോടതി ജീവപര്യന്തമാക്കി കുറച്ചു. ദയാഹരജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് 23 വര്‍ഷം പ്രതികള്‍ ജയിലില്‍ കഴിഞ്ഞതു പരിഗണിച്ചായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."