കല്‍പ്പറ്റ നഗരസഭാ ഓഫിസ് പരിസരത്തെ തണല്‍മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കി
കല്‍പ്പറ്റ: നഗരസഭ ഓഫിസ് പരിസരത്തെ രണ്ട് തണല്‍മരങ്ങളില്‍ ഒന്നിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കിയതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്.
ഓഫിസിന് മുന്‍പില്‍ ജൈത്ര തിയറ്ററിന്റെ മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മഹാഗണിയുടെ ശിഖരങ്ങളാണ് മുറിച്ചത്. ഓഫിസിന് മുന്‍പില്‍ ഇല പൊഴിയുന്നതാണ് മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കാന്‍ കാരണം. ശിഖരങ്ങള്‍ മുറിച്ചതുടങ്ങിയപ്പോള്‍ തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍ ഓഫിസ് കെട്ടിടത്തിന് ഭീഷണിയാകുന്ന മരത്തിന്റെ ചില്ലകള്‍ മാത്രമെ മുറിക്കൂ എന്നായിരുന്നു അധികൃതരുടെ ആദ്യ നിലപാട്. എന്നാല്‍ യാതൊരു വിധ അപകടവും വരുത്താത്ത ശിഖരങ്ങള്‍ അടക്കം പിന്നീട് വെട്ടിനീക്കുകയായിരുന്നു. ഓഫിസിന് മുന്‍പിലെ രണ്ട് മരങ്ങളും നല്ല പോലെ തണല്‍ നല്‍കിയിരുന്നു. വയനാട്ടില്‍ ആശങ്കപെടുത്തുന്നതരത്തില്‍ കാലാവസ്ഥാമാറ്റം അനുഭവപെടുമ്പോഴാണ് നല്ലതണല്‍ മരത്തിന്റെ ശിഖരം വെട്ടി നീക്കിയത്.
വേലി തന്നെ വിളവ് തിന്നുന്നതിന്റെ ഉദാഹരണമാണ് മരം മുറി എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ വര്‍ഗീസ് വട്ടേക്കാട്ടില്‍ പറഞ്ഞു. മരംമുറിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സാം പി. മാത്യു, ബഷീര്‍, ആനന്ദ്, ജോണ്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."