പ്രളയ പുനരധിവാസം: പരാജയമാണെന്നു പറയുന്നവര്‍ പ്രത്യേക മനഃസ്ഥിതിയുടെ ഉത്പന്നമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:പ്രളയത്തിനുശേഷം സമഗ്രമായ നിര്‍മാണ പദ്ധതിയാണ് റീബില്‍ഡ് കേരള പദ്ധതിയെന്നും ഇത് പരാജയമാണെന്ന് പറയുന്നവര്‍ ഒരു പ്രത്യേക മനഃസ്ഥിതിയുടെ ഉത്പന്നമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേവലം ദിവാസ്വപ്നമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ നീക്കിയിരിപ്പ് വെറും സഹായവിതരണം എന്നതിലപ്പുറം പ്രളയ, പ്രകൃതിദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ എങ്ങനെ വിനിയോഗിക്കാമെന്ന് ക്രിയാത്മകമായി ചിന്തിച്ചിട്ടുള്ള ഒരു സര്‍ക്കാരാണിതെന്ന് മുഖ്യമന്ത്രി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷത്തെയും പ്രളയ പുനര്‍നിര്‍മാണത്തെ വിമര്‍ശിച്ച് പരമ്പര ചെയ്യുന്ന ചാനലിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരള സര്‍ക്കാരും സമൂഹവും എങ്ങനെ സമാനതകളില്ലാത്ത പ്രളയദുരന്തത്തെ നേരിട്ടുവെന്നത് ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റിയ അനുഭവമാണ്. ഇത് കാണാതിരിക്കുകയും അതില്‍ പങ്കാളികളാകാതിരിക്കുകയും പങ്കാളികളായവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തവരാണ് റിബില്‍ഡ് കേരള പദ്ധതി (ആര്‍.കെ.ഐ)പരാജയപ്പെട്ടുവെന്ന് പകല്‍കിനാവ് കാണുന്നത്.
ദുരിതാശ്വാസസഹായങ്ങള്‍ക്കു പുറമെയാണ് ദീര്‍ഘകാല പരിപ്രേഷ്യത്തോടുകൂടി ദുരന്താഘാത പ്രതിരോധ ശേഷിയുള്ള ഒരു പുതിയ കേരളത്തിന്റെ നിര്‍മാണം. ഇതിന്റെ ഭാഗമായാണ് റിബില്‍ഡ് കേരള എന്ന പദ്ധതി വിഭാവനം ചെയ്തത്. പ്രളയത്തിനുശേഷം പഴയതിലേക്കുള്ള മടങ്ങിപ്പോക്കല്ല. സമഗ്രമായ ഒരു നിര്‍മാണ പദ്ധതിയാണ് പുനര്‍നിര്‍മാണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി പലതലത്തില്‍ പ്ര്വര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മുഖ്യമന്ത്രി പറഞ്ഞു.
ആര്‍.കെ.ഐ. അടിയന്തരമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒന്നല്ല. ദീര്‍ഘകാല പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഒന്നാണ് എന്ന കാഴ്ചപ്പാടോടെയാണ് ഇതിനെ കാണേണ്ടത്. പ്രളയം മൂലം 31,000 കോടിയുടെ നഷ്ടമുണ്ടായി. കേന്ദ്രം ഇതിന്റെ ആറിലൊന്നുപോലും തന്നില്ല. ആ അവഗണനയ്ക്കെതിരേ നിങ്ങള്‍ ഒരു വാക്കെങ്കിലും പ്രതികരിച്ചോയെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.
ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഘട്ടത്തില്‍ കേരളത്തിന്റെ പൊതുതാല്‍പര്യങ്ങളെ ബലികഴിക്കുവിധം നിങ്ങള്‍ നിലപാടെടുത്തു. നിശബ്ദതകൊണ്ട് കേരളത്തിന്റെ താല്പര്യങ്ങളെ ഒറ്റികൊടുത്തു. സംസ്ഥാനത്തിന്റെ വിഭവസമാഹരണ ശ്രമങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇതൊക്കെ ചെയ്ത ശേഷം ഇവിടെ വന്ന് വിഭവസമാഹരണത്തില്‍ പരാജയപ്പെട്ടു എന്ന് ആക്ഷേപിക്കുകയാണ് നിങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.ഡി സതീശനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."