കൊഴിഞ്ഞുവീഴുന്നത് കര്‍ഷകരുടെ പ്രതീക്ഷകള്‍
ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ അടക്കാ കര്‍ഷകരാണ് വായ്പ തിരിച്ചടക്കുവാന്‍ കഴിയാതെ പ്രതിസന്ധിയിലാകുന്നത്
ബദിയഡുക്ക: അതിര്‍ത്തി ഗ്രാമങ്ങളില്‍ മഹാളി രോഗത്തെ തുടര്‍ന്ന് അടക്കകളുടെ കൊഴിഞ്ഞു പോക്ക് രൂക്ഷമാകുന്നു. ഇതുമൂലം അടക്കാ കര്‍ഷകര്‍ ദുരിതത്തിലായി. കാലവസ്ഥാവ്യതിയാനം മൂലം കമുങ്ങിന് തോട്ടങ്ങളില്‍ പച്ച അടക്ക അപ്പാടെ നിലംപൊത്തുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
നേരത്തെ തുടങ്ങിയ മഴയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു സബ്സിഡിയിനത്തില്‍ ലഭിക്കേണ്ട തുരിശ് ചുണ്ണാമ്പ് യഥാസമയം ലഭാക്കാത്തതുമൂലവും കര്‍ഷകരില്‍ പലര്‍ക്കും സമയ ബന്ധിതമായി കമുങ്ങിന് മരുന്നു തെളിക്കാന്‍ കഴിയാതെ വന്നു.അതുകൊണ്ടുതന്നെ കമുങ്ങിനു കീടബാധ പിടിപ്പെട്ടതായി കര്‍ഷകര്‍ പറയുന്നു. ഒരു വശത്ത് മഹാളിരോഗം മൂലവും മറ്റൊരു വശത്ത് പ്രത്യേകതരം കീടബാധമൂലവും അടക്ക പച്ചക്കുതന്നെ കൊഴിഞ്ഞുപോവുകയാണ്.
അതോടൊപ്പംതന്നെ വേനല്‍ ച്ചൂടും അടക്ക കൊഴിഞ്ഞുപോക്കിനു മറ്റൊരു കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കേരള-കര്‍ണാടക അതിര്‍ത്തി പഞ്ചായത്തുകളായ ബദിയഡുക്ക, എന്മകജെ, കുമ്പഡാജെ, ബെള്ളൂര്‍, കാറഡുക്ക, ദേലംപാടി പഞ്ചായത്ത് പരിധിയിലും കര്‍ണാടകയിലെ വിട്ട്ള, സുള്ള്യ തുടങ്ങിയ സ്ഥലങ്ങളിലും പകര്‍ച്ചവ്യാധി പോലെയാണ് അടക്ക കൊഴിഞ്ഞു പോകുന്നത്.
ഇതുമൂലം ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകരാണ് വായ്പ തിരിച്ചടക്കുവാന്‍ കഴിയാതെ പ്രതിസന്ധിയിലാകുന്നത്. നാശ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്കാന് സര്‍ക്കാര്‍ തയാറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."