പ്രമുഖരുടെ സാന്നിധ്യം, ശ്രോതാക്കളായി നിരവധി പേര്; ബഹ്റൈന്‍ കെ.എം.സി.സിയുടെ 'ശൈഖ് ഖലീഫ' ഓണ്‍ലൈന്‍ അനുസ്മരണം ശ്രദ്ധേയമായി
മനാമ: ബഹ്റൈന്‍ കെ.എം.സി.സി ഓണ്‍ലൈന്‍ അനുസ്മരണം പ്രമുഖരുടെ സാന്നിധ്യം കൊണ്ടും പങ്കെടുത്തവരുടെ എണ്ണം കൊണ്ടും ശ്രദ്ധേയമായി. അന്തരിച്ച മുന്‍ ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സല്മാന് ഖലീഫയെ അനുസ്മരിച്ച് കഴിഞ്ഞ ദിവസം സൂം ആപ്ലിക്കേഷനില്‍ സംഘടിപ്പിച്ച സംഗമത്തില്‍ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്.
കൂടാതെ പ്രമുഖ വ്യവസായി എം.എ യൂസഫലി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, അല്‍നൂര്‍ സ്കൂള്‍ ചെയര്മാന് അലി കെ.ഹസ്സന്, സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങള്‍ തുടങ്ങി മത-രാഷ്ട്രീയ-സാമൂഹിക-സാസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ചടങ്ങ് ശ്രദ്ധേയമാക്കി.
സമസ്ത ബഹ്റൈന്‍-മനാമ മദ്റസാ മുഅല്ലിം ഉസ്താദ് ഹാഫിള് ശറഫുദ്ധീൻ മൗലവിയുടെ ഖിറാഅത്തോടെയാണ് അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്. പ്രമുഖ വ്യവസായി എം.എ യൂസഫലി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എല്ലാകാലത്തും പ്രജാക്ഷേമ താല്പര്യം കാത്തുസൂക്ഷിച്ച നേതാവായിരുന്നു ബഹ്റൈന്‍ മുന്‍പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സല്മാന് ഖലീഫയെന്ന് അദ്ദേഹം അനുസ്മരിച്ചു.
ബഹ്റൈനിനെ സാംസ്കാരിക വാണിജ്യ ഉന്നതിയിലെത്തിച്ച ശൈഖ് ഖലീഫ ആര്‍ക്കിടെക്ട് ഓഫ് മോഡേണ്‍ ബഹ്റൈന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
അമ്പത് വര്‍ഷത്തിലധികം ഭരണത്തിലിരുന്ന അദ്ദേഹം ജനങ്ങളോടും പ്രവാസികളോടും എന്നും സ്നേഹവും സാഹോദര്യവും പ്രകടിപ്പിക്കാറുണ്ടായിരുന്നു. പ്രവാസികളോട്, വിശിഷ്യാ മലയാളികളെ ഏറെ ആത്മബന്ധത്തോടെയായിരുന്നു അദ്ദേഹം സമീപിച്ചിരുന്നത്. അദ്ദേഹത്തോട് ഇടപഴകാന്‍ ലഭിച്ച പലസന്ദര്ഭങ്ങളില്നിന്നു ഇക്കാര്യം അടുത്തറിഞ്ഞതാണെന്നും യൂസഫലി പറഞ്ഞു.
പ്രവാസലോകത്തുനിന്ന് ഇത്തരമൊരു അനുസ്മരണം സംഘടിപ്പിച്ച കെ.എം.സി.സി ബഹ്റൈന്‍ കമ്മിറ്റിയെ അഭിനന്ദിക്കുന്നതായും കെ.എം.സി.സി കൊവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറിയും പാര്‍ലമെന്റേറിയനുമായ പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ എം.ഡിയും ചെയര്‍മാനുമായ അലി കെ. ഹസ്സന് അനുസ്മരണ പ്രഭാഷണം നടത്തി.
ലോകത്തിനു മുന്നില്‍ ബഹ്റൈന്‍ ആദരവും അംഗീകാരവും നേടിയെടുക്കാന്‍ ബഹു. ശൈഖ് ഖലീഫയുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്നും പ്രവാസികളോട് വളരെ സഹാനുഭൂതിയോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും അലി കെ. ഹസ്സന് അനുസ്മരിച്ചു.
സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീന്‍ കോയ തങ്ങള്‍, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സോമന് ബേബി, വിവിധ മത-സാമൂഹിക-സാസ്കാരിക സംഘടനകളെ പ്രതിനിധികരിച്ച് പി.വി രാധാകൃഷ്ണ പിള്ള, അരുള്‍ ദാസ്, പ്രിന്‍സ് നടരാജന്, ഡോ. പി.വി ചെറിയാന്, ബിനു കുന്നന്താനം, എസ്.വി ജലീല്‍, അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ.പി മുസ്തഫ, ശാഫി പാറക്കട്ട, ഗഫൂര്‍ കയ്പമംഗലം, ശംസുദ്ധീൻ വെള്ളികുളങ്ങര, എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, എം.എ റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി. പി.വി മന്‍സൂര്‍ സൂം നിയന്ത്രിച്ചു.
കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് സ്വാഗതവും ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം നന്ദിയും പറഞ്ഞു.
പ്രവാസികളെ സ്വന്തം രാജ്യത്തിന്റെ പൗരന്മാരായി കണ്ട നേതാവ്: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
മനാമ: ബഹ്റൈനിലെ പ്രവാസികളെയും മറ്റ് രാജ്യങ്ങളിലെ ജനങ്ങളെയും സ്വന്തം രാജ്യത്തെ പൗരന്മാരെ പോലെ കണ്ട് പരിപാലിച്ച ഭരണാധികാരിയാണ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്മാന് ഖലീഫയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അനുസ്മരിച്ചു.
കെ.എം.സി.സി ബഹ്റൈന്‍ സംഘടിപ്പിച്ച ഹിസ് റോയൽ ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സല്മാന് ഖലീഫ ഓണ്‍ലൈന്‍ അനുസ്മരണ സംഗമത്തില്‍ അധ്യക്ഷ പ്രഭാഷണം നിര്‍വ്വഹിക്കുക
യായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ മലയാളികളോടും പ്രവാസികളോടും കാണിക്കുന്ന സ്നേഹവും വാത്സല്യവും എല്ലാകാലത്തും എടുത്ത് പറയേണ്ടതാണ്. അതിന് നൂറ്റാണ്ടുകളുടെ ചരിത്രവും വ്യക്തമായ ചരിത്രപശ്ചാത്തലവുമുണ്ട്. ഇത് പിന്തുടര്ന്ന് നമ്മോട് ഏറെ സ്നേഹവും ആദരവും കാണിച്ച മഹാവ്യക്തിത്വമായിരുന്നു ശൈഖ് ഖലീഫ ബിന്‍ സല്മാന് ഖലീഫ. അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."