യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി, റദ്ദാക്കിയത് ഒരു വര്‍ഷത്തേക്ക്
തൃശൂര്‍: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കി തൃശൂര്‍ ആര്.ടിഎ സമിതി നടപടി സ്വീകരിച്ചത്.
കൊച്ചിയില്‍ കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊള്ളാനുള്ള യോഗം തൃശൂര്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗം ഇന്ന് രാവിലെ 10 നാണ് ചേര്‍ന്നത്. ബസുടമ സുരേഷ് കല്ലടയും യോഗത്തില്‍ ഹാജരായിരുന്നു.
ഏപ്രില്‍ 21 നാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരെ കല്ലട ബസിലെ ജീവനക്കാര്‍ മര്‍ദിച്ചത്. സംഭവം വിവാദമായതോടെ ബസിന്റെപെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ എറണാകുളം ആര്.ടി.ഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റര്‍ ചെയ്തത് ഇരിങ്ങാലക്കുട ആര്.ടി.ഒയുടെ കീഴിലായതിനാല്‍ തുടര്‍ നടപടികള്‍ ഇരിങ്ങാലക്കുടയിലേക്ക് മാറ്റുകയായിരുന്നു. ഇരിഞ്ഞാലക്കുട ആര്‍ടിഒ ആണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."