ടി.ടി ബസുകളുടെ എണ്ണം കൂട്ടി; യാത്രക്കാര്‍ ദുരിതത്തില്‍
കാസര്‍കോട്: ജില്ലയിലെ യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കി കെ.എസ്.ആര്‍.ടി.സി ടി.ടി ബസുകളുടെ എണ്ണം കൂട്ടി. കാസര്‍കോട്-കണ്ണൂര്‍ ദേശീയ പാത റൂട്ടിലാണ് നിലവില്‍ ഓടിയിരുന്ന 36 ബസുകള്‍ക്കു പുറമെ നാലു ബസുകള്‍ കൂടി കൂട്ടിയത്. ഇതിന് പുറമെ കോഴിക്കോട്,തലശ്ശേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നു കാസര്‍കോട്-മംഗളൂരു ഭാഗങ്ങളിലേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ബസുകളും ഓടിക്കുന്നതിനെ തുടര്‍ന്ന് ജില്ലയിലെ യാത്രക്കാര്‍ക്ക് യാത്രാ ക്ലേശം വര്‍ധിക്കുകയും ചെയ്തു.
കാസര്‍കോട് ഡിപ്പോയില്‍ നിന്ന് 10, കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് നാല്, പയ്യന്നൂരില്‍ നിന്നു 12, കണ്ണൂരില്‍ 10 എന്നിവയുള്‍പ്പെടെ 36 ടി.ടി.ബസുകളാണ് നിലവില്‍ സര്‍വിസ് നടത്തിയിരുന്നത്. ഇതു നാല്‍പതായി അധികൃതര്‍ ഉയര്‍ത്തുകയായിരുന്നു. ഇതോടെ ദേശീയ പാതയില്‍ കൂടി കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ ഓടിയിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
ടി.ടി ബസുകളുടെ എണ്ണം പെരുകിയതോടെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓടുമ്പോള്‍ നഷ്ടം സംഭവിക്കുമെന്ന കാരണം പറഞ്ഞു ഇവ പാടെ നിര്‍ത്തലാക്കാനുള്ള ശ്രമമാണ് അധികൃതരുടെ നീക്കം.
അഞ്ചു വര്‍ഷത്തോളമായി കടുത്ത യാത്രാ ദുരിതം അനുഭവിക്കുന്ന ദേശീയ പാതാ റൂട്ടില്‍ കൂടുതല്‍ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ അനുവദിക്കണമെന്ന യാത്രക്കാരുടെ മുറവിളി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ചെവികൊണ്ടിട്ടില്ല. ഇതോടെ പ്രതിദിനം യാത്രക്കാര്‍ക്ക് കൂടുതല്‍ പണം യാത്രായിനത്തില്‍ ചെലവഴിക്കേണ്ടി വരുന്നു. അതിനിടയില്‍ ഒരു വര്‍ഷം മുമ്പ് ദേശീയപാത വഴി സവിസ് നടത്തുന്നതിന് നാലു ലോ ഫ്‌ളോര്‍ ബസുകള്‍ ജില്ലയില്‍ കൊണ്ടുവന്നിരുന്നു. ഇവ നാലും കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയ പാത വഴി ഓടുകയും പ്രതിദിനം പത്തായിരത്തിലധികം രൂപ കലക്ഷന്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഇതുവിജയമാണെന്ന് കണ്ടതോടെ ഒരു ബസ് കൂടി വീണ്ടും കൊണ്ടുവരുകയും ചെയ്തു. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കിടയില്‍ ദേശീയപാത വഴി ഓടിയിരുന്ന ലോ ഫ്‌ളോര്‍ സര്‍വിസുകളുടെ എണ്ണം കുറഞ്ഞ അവസ്ഥയിലായിരുന്നു.
അതേസമയം ജില്ലയില്‍ അനുവദിച്ച ലോ ഫ്‌ളോര്‍ ബസുകളില്‍ മൂന്നെണ്ണം പത്തനംതിട്ടയിലേക്കു കടത്തുകയായിരുന്നു. ഒരെണ്ണം കോഴിക്കോട് റീജ്യനല്‍ വര്‍ക്ക് ഷോപ്പിലും മറ്റൊരെണ്ണം ചന്ദ്രഗിരി പാതയില്‍ കൂടിയും സഞ്ചരിക്കുന്നതോടെ ദേശീയപാതയില്‍ നിന്നും ഒട്ടനവധി യാത്രക്കാര്‍ക്ക് ഉപകാരപ്പെട്ടിരുന്ന ലോ ഫ്‌ളോര്‍ ബസുകള്‍ പൂര്‍ണമായി അപ്രത്യക്ഷമായി.
അതേസമയം ലോ ഫ്‌ളോര്‍ ബസുകള്‍ക്കു ഒരു ലിറ്ററിന് മൂന്നു കിലോമീറ്റര്‍ മാത്രമേ മൈലേജ് ലഭിക്കുന്നുവെന്നും ഇതു കാരണം നഷ്ടം സംഭവിക്കുന്നതാണ് ലോ ഫ്‌ളോാര്‍ സര്‍വിസിന് കൂടുതല്‍ പ്രാധാന്യം നല്‍കാത്തതെന്ന് കാസര്‍കോട് ഡിപ്പോ അധികൃതര്‍ പറയുന്നു.
അതേസമയം, എന്നാല്‍ ബസുകളെല്ലാം ദേശീയപാത വഴിയാണ് പോകേണ്ടതെന്നു കാസര്‍കോട്ടെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പറയുന്നുമ്പോഴും രാത്രി സമയങ്ങളില്‍ ദേശീയ പാത വഴി ഓടേണ്ട ലോ ഫ്‌ളോര്‍ എ.സി ബസ്, വിവിധ ഭാഗങ്ങളിലേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ബസുകളും കാസര്‍കോട്ടുനിന്നു കാഞ്ഞങ്ങാട്ടേക്ക് ദേശീയ പാത ഒഴിവാക്കി ഓടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."