കോണ്‍ഗ്രസ് കേള്‍ക്കാതെ വിടേണ്ടതല്ല സിബലിന്റെ വാക്കുകള്‍
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒന്നും അവകാശപ്പെടാന്‍ കഴിയാതെ 19 സീറ്റിലേക്ക് ഒതുങ്ങിപ്പോയ കോണ്‍ഗ്രസിലെ അരാജകത്വവും ബി.ജെ.പിയെ നേരിടുന്ന കാര്യത്തിലുള്ള അവ്യക്തതയും ഏറ്റവുമൊടുവില്‍ വിളിച്ചുപറഞ്ഞത് കപില്‍ സിബലാണ്. കോണ്‍ഗ്രസ് നിരയില്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന ശശി തരൂരിനെപ്പോലുള്ള നേതാക്കള്‍ പലപ്പോഴായി പറഞ്ഞതും പറയാന്‍ ആഗ്രഹിച്ചതുമായ കാര്യങ്ങള്‍ കപില്‍ സിബല്‍ ഒന്നിച്ചു പറഞ്ഞു. ഫലപ്രദമായ ബദലായി ജനം കോണ്‍ഗ്രസിനെ കാണുന്നില്ലെന്നും തെറ്റുകള്‍ തിരുത്താന്‍ നേതൃത്വം തയാറാകുന്നില്ലെന്നും സിബല്‍ പറഞ്ഞത് ബിഹാറിലെ മാത്രം തെരഞ്ഞെടുപ്പ് ഫലം മുന്‍നിര്‍ത്തിയല്ല.
കുറച്ചുകാലങ്ങളായി കോണ്‍ഗ്രസ് ദുരൂഹമായ ചില പ്രതിസന്ധികളുടെ പിടിയിലാണ്. അതിന്റെ കാരണങ്ങളെക്കുറിച്ച് സിബല്‍ തന്നെ പറയുന്നുണ്ട്. 'പാര്‍ട്ടിയുടെ പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കാന്‍ നേതൃത്വം തയാറാകുന്നില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എന്തു ചെയ്യണമെന്ന് തങ്ങളില്‍ ചിലര്‍ നേതൃത്വത്തിന് എഴുതിനല്‍കിയതാണ്. അവര്‍ തങ്ങളോട് പുറം തിരിഞ്ഞുനിന്നു. ആരും ഒന്നും കേള്‍ക്കാന്‍ തയാറായിരുന്നില്ല'.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് ജനാധിപത്യപരമായി ആളുകള്‍ തെരഞ്ഞെടുക്കപ്പെടുന്നില്ലെന്നത് പാര്‍ട്ടിയുടെ പോരായ്മയായി സിബല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴുള്ളത് നാമനിര്‍ദേശം ചെയ്യപ്പെടുന്ന സംവിധാനമാണ്. നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ നേതൃത്വത്തെ ചോദ്യംചെയ്യാന്‍ ധൈര്യം കാട്ടില്ല. എല്ലാം താനെ ശരിയായിക്കൊള്ളുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുണ്ടെങ്കില്‍ അതു തെറ്റാണ്. പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നതു കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകില്ല. നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കാതെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്നും സിബല്‍ പറയുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള അടിസ്ഥാനപരമായ ഈ മമതയാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്ന് ഓരോ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കു പിന്നാലെയും ആഭ്യന്തര അന്വേഷണ സമിതികള്‍ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ തിരുത്തല്‍ നടപടികള്‍ക്കായി കോണ്‍ഗ്രസ് എന്തു ചെയ്തുവെന്ന ചോദ്യത്തിനു സിബലിന്റെ വാക്കുകളില്‍ ഉത്തരമുണ്ട്. ഒന്നുമുണ്ടായില്ല. കുറച്ചുകാലമായി ഒരു കുറ്റിയില്‍ക്കെട്ടിയ പോലെ ഒരു പ്രത്യേക ചക്രത്തില്‍ മാത്രം നിന്ന് തിരിയുകയാണ് കോണ്‍ഗ്രസ്.
ജനാധിപത്യ നിലപാടില്‍പ്പോലും ഉറച്ചുനില്‍ക്കാനാകാതെ ബി.ജെ.പിയുടെ അജണ്ടകള്‍ അവരുടേത് മാത്രമല്ല, തങ്ങളുടേത് കൂടിയാണ് എന്ന മട്ടില്‍ അവതരിപ്പിക്കുന്ന തരത്തിലേക്ക് കോണ്‍ഗ്രസ് മാറുന്നത് പലപ്പോഴും ജനാധിപത്യം നിരാശയോടെ നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. മതേതര സമൂഹം കോണ്‍ഗ്രസില്‍ നിന്ന് ആവശ്യപ്പെടുന്നത് അതല്ല. അതോടൊപ്പമാണ് പാര്‍ട്ടിക്കുള്ളിലെ ദൗര്‍ബല്യവും. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി താനുള്‍പ്പെടെയുള്ള 23 നേതാക്കള്‍ നല്‍കിയ കത്ത് ചര്‍ച്ച ചെയ്യാനുള്ള ധൈര്യം പോലുമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് സിബല്‍ പറയുന്നത് വെറുതെയല്ല. രാഹുല്‍ നയിക്കുമോ, പ്രിയങ്ക നയിക്കുമോ, നയിച്ചാല്‍ തന്നെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ഗുണം ചെയ്യുമോ എന്നതില്‍ മാത്രമല്ല, ബി.ജെ.പിയെ നേരിടേണ്ട ശൈലിയും മുദ്രാവാക്യവും കണ്ടെടുക്കുന്നതിലും പരാജയപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ദേശീയ പാര്‍ട്ടിയെന്ന അവകാശവാദം മാത്രമേ ബാക്കിയുള്ളൂ. പല സംസ്ഥാനങ്ങളിലും ചലനമില്ലാത്ത നാമമാത്ര സാന്നിധ്യമായി മാറിയിട്ടുണ്ട്.
ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ മേല്‍ക്കൈ ഇല്ലെന്നതാണ് വസ്തുത. 2019ലെ തെരഞ്ഞെടുപ്പില്‍ 37.4 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയതെങ്കിലും രാജ്യത്തെ വോട്ടര്‍മാരില്‍ 62.6 ശതമാനവും ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന യാഥാര്‍ഥ്യം കൂടിയുണ്ട്. പ്രശ്‌നം പ്രതിപക്ഷ നിരയുടെ ഭിന്നിപ്പും പ്രതിപക്ഷ ഐക്യത്തിനു നേതൃത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ പോരായ്മയുമാണ്. ഏതു രാഷ്ട്രീയ സാഹചര്യത്തിലും പാര്‍ട്ടിയെ ഉടച്ചുവാര്‍ത്ത് നവോന്മേഷം പകരാനുള്ള നടപടികള്‍ അനുഭവ സമ്പത്തും രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടുന്ന നേതൃനിരയില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നത് ദുഃഖകരമാണ്. ഭൂരിപക്ഷ വര്‍ഗീയതയും തീവ്രദേശീയതയും കൊണ്ട് ബി.ജെ.പി വിളവെടുപ്പു നടത്തുമ്പോള്‍, മുസ്‌ലിംകളുടെ പാര്‍ട്ടിയായി മുദ്രകുത്തപ്പെടാതെ, ഭൂരിപക്ഷ വോട്ടുചോര്‍ച്ച തടഞ്ഞുനിര്‍ത്താനുള്ള ദുര്‍ബല നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. സിബല്‍ പറയുന്ന പറയുന്ന കാര്യങ്ങളെക്കുറിച്ച് ആര്‍ക്കും ബോധ്യമില്ലാത്തതല്ല. കോണ്‍ഗ്രസിനെ പുനരുദ്ധരിക്കണമെന്ന ആദ്യ നിലവിളിയുമൊന്നുമല്ല ഇത്. അലമാരയില്‍ വച്ചുപൂട്ടിയ റിപ്പോര്‍ട്ടുകള്‍ നിരവധിയുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ മാറ്റം ആഗ്രഹിക്കുന്ന സിബല്‍ ഉള്‍പ്പെടെയുള്ള രണ്ടാംനിര രാഹുല്‍-പ്രിയങ്കമാരുടെ നേതൃത്വം അംഗീകരിക്കുന്നവരാണ്. നിലവിലെ സാഹചര്യങ്ങളില്‍ ഗാന്ധി-നെഹ്‌റു കുടുംബമില്ലാതെ പാര്‍ട്ടിക്ക് പിടിച്ചുനില്‍പ്പ് സാധ്യമല്ലെന്ന് തിരിച്ചറിയുന്നവരാണ്. എന്നാല്‍ നെഹ്‌റു കുടുംബത്തിനു തൊട്ടു താഴെയുള്ള പ്രവര്‍ത്തക സമിതിയാണ് പ്രശ്‌നം. നെഹ്‌റു കുടുംബത്തെ ഹൈക്കമാന്‍ഡായി അംഗീകരിക്കുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതിയും കീഴ്‌സമിതികളും കഴിയുമെങ്കില്‍ ഒരു വര്‍ക്കിങ് പ്രസിഡന്റും ഉണ്ടാകണമെന്ന താല്‍പര്യമാണ് അവര്‍ക്കുള്ളത്. 53 അംഗ പ്രവര്‍ത്തക സമിതിയാണ് ഇപ്പോഴുള്ളത്. ഇതിലെ എല്ലാവരും പല താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി നോമിനേറ്റ് ചെയ്യപ്പെട്ടവരാണ്. അവരാകട്ടെ പണിയെടുക്കാതെ പദവി കൊണ്ടുനടക്കുകയും പാര്‍ട്ടിയെ സക്രിയമാക്കുന്ന ജോലി നെഹ്‌റു കുടുംബത്തെ ഏല്‍പ്പിച്ചു കൈകഴുകിയിരിക്കുന്നവരുമാണ്. ഇനിയെങ്കിലും നോമിനേഷനുകളല്ല, അടിമുടി തെരഞ്ഞെടുപ്പ് നടത്തണമെന്ന് പലപ്പോഴായി പറഞ്ഞവരുടെ കൂട്ടത്തില്‍ സിബലിനെയും തരൂരിനെയും കൂടാതെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ തുടങ്ങി തഴക്കവും പഴക്കവുമുള്ള പലരുമുണ്ട്.
ഒരു മതേതര ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക് എന്നതില്‍ നിന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സമഗ്രാധിപത്യം രാഷ്ട്രീയാധികാരത്തിനൊപ്പം പൊതുസമൂഹത്തിന്റെ മിക്ക മേഖലകളിലും മേധാവിത്വം പുലര്‍ത്തുന്ന ഒരവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ രാഷ്ട്രീയ ഘടനയെ ഹിന്ദുത്വ രാഷ്ട്രീയം തങ്ങള്‍ക്കു വേണ്ട രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. കപില്‍ സിബലിനെപ്പോലുള്ള നേതാക്കള്‍ ഇതിലെ അപകടം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. മതേതര ഇന്ത്യയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസാണ് പ്രതീക്ഷയെന്ന സൈദ്ധാന്തിക വ്യായാമങ്ങളില്‍ മതേതര സമൂഹം വിശ്വസിക്കണമെങ്കില്‍ സംഘടനാ സംവിധാനത്തിലും നിലപാടിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തയാറെടുത്തേ തീരൂ. ആരാണ് ഗുണകാംക്ഷയുള്ളവരെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."