ഇനിയെന്ത് ചെയ്യും കോണ്‍ഗ്രസ്?
ബിഹാറിലും നിലംപരിശായ കോണ്‍ഗ്രസ് ഇനിയെന്ത് ചെയ്യും? 70 സീറ്റും ചോദിച്ചുവാങ്ങി ആര്‍.ജെ.ഡിയുടെ തണലില്‍ ബിഹാര്‍ പിടിക്കാമെന്നു മോഹിച്ചിറങ്ങിയ കോണ്‍ഗ്രസ് അടവുകളും തന്ത്രങ്ങളും ഒരു നേതാവിന്റെ താരത്തിളക്കവുമില്ലാതെ കാലിടറി വീഴുന്നതാണു കണ്ടത്. നേതൃത്വമില്ലാതെ, സംഘടനാശേഷി തെല്ലുമില്ലാതെ, അണികളും പ്രവര്‍ത്തകരുമില്ലാതെ, സ്വന്തമായി ജനങ്ങളെ ആകര്‍ഷിക്കാനുള്ള യാതൊന്നും കൈയിലില്ലാതെ ബിഹാറില്‍ നിലംപരിശായി. കോണ്‍ഗ്രസിന്റെ തളര്‍ച്ചയൊന്നുകൊണ്ടുമാത്രം തേജസ്വി യാദവിന്റെ തൊട്ടരികത്തെത്തിയ മുഖ്യമന്ത്രിക്കസേര ബി.ജെ.പിയും ജെ.ഡി.യുവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ഇനിയും കോണ്‍ഗ്രസ് ഒന്നും പഠിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ കോണ്‍ഗ്രസിനു നല്‍കിയത് കയ്‌പ്പേറിയ പാഠങ്ങളാണ്. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം പിടിച്ചെടുത്തപ്പോള്‍ കോണ്‍ഗ്രസ് ചുരുണ്ടുകൂടിയത് 44 സീറ്റിലേയ്ക്ക്. 2019ലും അതിന്റെ ദയനീയമായ ആവര്‍ത്തനം. കോണ്‍ഗ്രസിനു കിട്ടിയത് 52 സീറ്റ് മാത്രം. പ്രതിപക്ഷ നേതൃസ്ഥാനത്തിനു വേണ്ടത്രയും സീറ്റുപോലും കിട്ടാതെ ലോക്‌സഭയില്‍ ഒതുങ്ങിക്കൂടുകയായിരുന്നു കോണ്‍ഗ്രസ്. പിന്നെ മഹാരാഷ്ട്രയും രാജസ്ഥാനും മധ്യപ്രദേശും ആശ്വാസമായെങ്കിലും കൈയിലിരിപ്പുകൊണ്ട് മധ്യപ്രദേശ് കൈവിട്ടുപോയി. ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന ഭരണം ഉറപ്പിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ കൊഴിയുകയും ചെയ്തു.
31കാരനായ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവുമായി ഒരു സഖ്യത്തിലേര്‍പ്പെടാനും തേജസ്വിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ ചേരാനും കോണ്‍ഗ്രസ് കാണിച്ച മഹാമനസ്‌കത തന്നെ വലിയ കാര്യം. പക്ഷേ ദേശീയ പാര്‍ട്ടിയെന്ന നിലയ്ക്കു കൂടുതല്‍ സീറ്റ് വേണമെന്ന് നിര്‍ബന്ധിച്ച് പിടിമുറുക്കിയത് കോണ്‍ഗ്രസിനു വിനയായി, മഹാസഖ്യത്തിനും. 70 സീറ്റില്‍ മത്സരിക്കാനുള്ള സംഘടനാ ബലമൊന്നും ബിഹാറില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. അതോ, മത്സരിക്കേണ്ടത് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.സി.എയോടും. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുഴുവന്‍ പുറത്തുവന്നത് ഫലമറിഞ്ഞപ്പോഴാണ്. ബി.ജെ.പിയെയും ജെ.ഡി.യുവിനെയും പിന്തള്ളി ആര്‍.ജെ.ഡി ഏറ്റവും വലിയ പാര്‍ട്ടിയായപ്പോള്‍ കോണ്‍ഗ്രസ് വാടിത്തളര്‍ന്ന് താഴേയ്ക്കു കൂപ്പുകുത്തി. എഴുപതില്‍ വെറും 19 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് തേജസ്വി യാദവിനും ആര്‍.ജെ.ഡിക്കും ഒരു ബാധ്യതയാവുകയായിരുന്നു.
ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ ചരിത്രമാണിത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടു പടപൊരുതി ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്ന ദേശീയ പാര്‍ട്ടി. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലുമൊക്കെ നേതൃത്വം കൊടുത്തു വളര്‍ത്തിയെടുത്ത പാര്‍ട്ടി. ഭാരതം കെട്ടിപ്പടുക്കാന്‍ ഉത്തമമായൊരു ഭരണസംവിധാനത്തിന് അടിത്തറയിട്ട ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാര്‍ട്ടി. ഇതൊക്കെ പാടിനടക്കാമെന്നേയുള്ളൂ. ഇന്നത്തെ കോണ്‍ഗ്രസിന്റെ നില തികച്ചും ദയനീയം. രോഗം കൊണ്ടും പ്രായം കൊണ്ടും ഏറെ ക്ഷീണിച്ച സോണിയാ ഗാന്ധിയാണ് പാര്‍ട്ടിയുടെ തലപ്പത്ത്. കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിഞ്ഞ രാഹുല്‍ ഗാന്ധി സ്ഥാനമൊന്നും വഹിക്കാതെ നേതാവായി നടക്കുന്നു. സഹോദരി പ്രിയങ്ക ജനറല്‍ സെക്രട്ടറി.
സംസ്ഥാനങ്ങളിലെ കാര്യം അതിലും ദയനീയം. യു.പിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴു സീറ്റിലും തോറ്റമ്പി. യു.പിയിലെ ബി.ജെ.പി ഭരണത്തിനെതിരേ മുന്നോട്ടുവയ്ക്കാന്‍ തുടരെ നടക്കുന്ന ബലാത്സംഗ കൊലപാതകങ്ങളും മറ്റനേക വിഷയങ്ങളും ഉണ്ടായിട്ടും കോണ്‍ഗ്രസിന് മുന്നോട്ടു കുതിക്കാനായില്ല. വേറെയെങ്ങും പോകാതെ പ്രിയങ്കാ ഗാന്ധി യു.പിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. മധ്യപ്രദേശില്‍ സ്വന്തം കടുംപിടുത്തം കൊണ്ടു മാത്രം ഭരണം നഷ്ടപ്പെടുത്തിയ കമല്‍നാഥിനും കിട്ടി വലിയ തിരിച്ചടി. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ കനത്ത മറുപടി കൊടുക്കുമെന്നായിരുന്നു കമല്‍നാഥിന്റെ വീരവാദം. അതു വെറും പൊള്ളയായിരുന്നുവെന്ന് ഫലം തെളിയിച്ചു. സംസ്ഥാനത്ത് ബി.ജെ.പി ഭരണം ഉറപ്പിച്ചു.
കമല്‍നാഥ് മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഒന്നുമല്ലെന്നു തെളിയിക്കുകയും ചെയ്തു. കമല്‍നാഥിന്റെ വീരവാദം കേട്ട് ജ്യോതിരാദിത്യ സിന്ധ്യയെ കൈവിട്ട കോണ്‍ഗ്രസിനു കൈയില്‍കിട്ടിയ ഒരു സ്ഥാനംകൂടി നഷ്ടപ്പെടുകയായിരുന്നു.
എല്ലാറ്റിനും കാരണം ദേശീയ നേതൃത്വത്തിന്റെ ദൗര്‍ബല്യം തന്നെയാണ്. ഇന്ത്യയെപ്പോലൊരു വലിയ ജനാധിപത്യ രാജ്യത്തില്‍ ഒരു ദേശീയ പാര്‍ട്ടിയായിരിക്കാന്‍ ഏറെ യോഗ്യതകളുണ്ടായിരിക്കണം. ശക്തമായൊരു ദേശീയ നേതൃത്വം വേണം. കരുത്തരായ സംസ്ഥാന നേതാക്കളും വേണം. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ് കാമരാജിനെ ദേശീയ പ്രസിഡന്റാക്കിയ പാര്‍ട്ടിയാണു കോണ്‍ഗ്രസ്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനു ശക്തരായ നേതാക്കളുണ്ടായിരുന്നു, കരുത്തുറ്റ സംഘടനയും. ഇന്ന് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മികവുള്ള സംഘടനാ സംവിധാനമില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍കൊണ്ട് ഹൈക്കമാന്‍ഡ് എന്നു പേരുള്ള കോണ്‍ഗ്രസ് ദേശീയനേതൃത്വം വിവിധ സംസ്ഥാനങ്ങളിലെ പ്രഗത്ഭരായ നേതാക്കളെയൊക്കെയും വെട്ടിയൊതുക്കി. പ്രാദേശിക തലത്തില്‍ നേതാക്കള്‍ ദുര്‍ബലരായതോടെ പാര്‍ട്ടിയും ദുര്‍ബലമായി. വളര്‍ന്നുവന്ന പ്രാദേശിക പാര്‍ട്ടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ മുന്നേറിയപ്പോള്‍ കോണ്‍ഗ്രസ് താഴേയ്ക്കു പോയി. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ബിഹാര്‍.
ബിഹാറില്‍ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്, ഒറ്റയ്ക്കു നിന്നാണ് പടനയിച്ചത്. ലാലുവിനെപ്പോലെ തന്നെ തേജസ്വിയും ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. പെട്ടെന്ന് ഒരു താരമായി ബിഹാര്‍ രാഷ്ട്രീയത്തില്‍ തേജസ്വി ഉയര്‍ന്നു. നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നിധീഷ് കുമാറിന്റെയും മേധാവിത്വത്തെ വെല്ലുവിളിക്കാനുള്ള ശേഷിയാണ് തേജസ്വി പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിക്കസേര കൈയില്‍ കിട്ടിയില്ലെങ്കിലും ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളെ വിറപ്പിക്കാന്‍ ഈ 31കാരനു കഴിഞ്ഞു. പ്രചാരണരംഗത്ത് ഒരു ചലനമുണ്ടാക്കാതെ, ബിഹാര്‍ രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിക്കാനാവാതെ ഒരു യുദ്ധമുഖത്തുകൂടി രാഹുല്‍ ഗാന്ധി പരാജയം ഏറ്റുവാങ്ങുന്നത് രാഷ്ട്രീയഭാരതം കണ്ടുനിന്നു.
ബി.ജെ.പിക്കെതിരേ പ്രാദേശിക കക്ഷികളെയും ഇടതുപക്ഷത്തെയും ഒന്നിച്ചു ചേര്‍ത്തുനിര്‍ത്താനായാല്‍ ബി.ജെ.പിയെയും സഖ്യകക്ഷികളെയും തറപറ്റിക്കാനാവുമെന്ന് ബിഹാറിലെ തെരഞ്ഞെടുപ്പ് കണക്കുകള്‍ കാട്ടിത്തരുന്നുണ്ട്. രാജ്യത്തെ വിവിധ പിന്നോക്ക വിഭാഗങ്ങളുടെയും ആദിവാസി ദലിത് വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണ ആര്‍ജിച്ച് ശക്തമായൊരു പ്രതിരോധനിര കെട്ടിപ്പടുക്കാന്‍ കഴിയേണ്ടതാണ്. പക്ഷേ, അതിന് മികവും കഴിവും പ്രാഗത്ഭ്യവും ഊര്‍ജസ്വലതയുമുള്ള ഒരു ദേശീയനേതൃത്വം വേണം. പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വാസവും വ്യക്തമായ കാഴ്ചപ്പാടുമുള്ള ഒരു ജനനേതാവ് തലപ്പത്തുണ്ടാവണം. സംസ്ഥാനങ്ങളില്‍ കെട്ടുറപ്പുള്ള സംഘടനയുണ്ടാവണം. ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിനെ ഈ സ്ഥാനത്തേക്കു ചൂണ്ടിക്കാട്ടാന്‍ അത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷേ, ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കോണ്‍ഗ്രസ് ക്ഷയിച്ചുകൊണ്ടിരുന്നു. നേതൃത്വം അപ്രസക്തമായിക്കൊണ്ടിരുന്നു. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇല്ലാതായിക്കൊണ്ടിരുന്നു. കോണ്‍ഗ്രസിനു പുതിയ പ്രസിഡന്റ് വേണമെന്ന് ഹൈക്കമാന്‍ഡിനോട് രേഖാമൂലം ആവശ്യപ്പെട്ട 23 പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനേയില്ല. ഇനി തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും തെരഞ്ഞെടുപ്പ് വരികയാണ്. കോണ്‍ഗ്രസ് എന്തു ചെയ്യും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."